ബലൂണുകള്‍ പൊട്ടുമ്പോള്‍

Posted on: November 9, 2015 3:59 am | Last updated: November 9, 2015 at 12:06 am
SHARE

Narendra-Modi1ബീഹാറില്‍ പ്രതീക്ഷിച്ചതേ സംഭവിച്ചുള്ളൂ, ആ നാട്ടില്‍ കൂടുതല്‍ വേരോട്ടമുള്ള രണ്ട് പാര്‍ട്ടികള്‍ (ലാലു പ്രസാദ് യാദവ് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ ജനതാദളും നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന ജനതാദള്‍ യുണൈറ്റഡും) ഒന്നിച്ചു നില്‍ക്കുകയും അതിന്റെ ഭാഗമാകാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയും ചെയ്തപ്പോള്‍ തന്നെ ഉറപ്പായിരുന്ന ഫലം. ഈ സഖ്യത്തിന്റെ സ്വാധീനത്തെ കവച്ചുവെക്കാന്‍ പാകത്തില്‍ തങ്ങള്‍ തന്നെ വളര്‍ന്നുവെന്നും ജിതന്‍ റാം മാഞ്ജി, ഉപേന്ദ്ര കുശ്‌വാഹ തുടങ്ങിയ അതൃപ്തഗണങ്ങളുടെ പിന്തുണ കൂടിയായതോടെ അധികാരം ഉറപ്പാക്കിയെന്നും ബി ജെ പി അവകാശപ്പെട്ടിരുന്നു. ആ അവകാശത്തെ വലിയ ബലൂണാക്കി, വോട്ടെണ്ണിത്തുടങ്ങുവോളം നിര്‍ത്താനും അവര്‍ക്ക് സാധിച്ചിരുന്നു. 2014ലെ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍, നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സൃഷ്ടിച്ചെടുത്ത ബലൂണ്‍, അധികാരത്തിലേക്കുള്ള പാത തുറന്നിട്ടത് പോലെ ബീഹാറിലും സംഭവിക്കുമെന്ന് അവര്‍ പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. അതുണ്ടായില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനതാദള്‍ യുണൈറ്റഡുമായി സഖ്യത്തില്‍ മത്സരിച്ചപ്പോള്‍ ലഭിച്ച സീറ്റുകള്‍ നിലനിര്‍ത്താന്‍ പോലും അവര്‍ക്കായില്ല. നിതീഷുമായുള്ള സഖ്യത്തിലൂടെ വളര്‍ച്ച കൈവരിക്കാന്‍ ബി ജെ പിക്ക് സാധിച്ചുവെന്നത് തിരഞ്ഞെടുപ്പു ഫലം തെളിയിക്കുന്നുണ്ട്.
ഡല്‍ഹിയിലെ ഏതാണ്ടെല്ലാ നിയമസഭാ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പു കാലത്ത് പ്രചാരണത്തിന് എത്തിയിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ബി ജെ പിക്ക് രണ്ടക്കത്തിലെത്താന്‍ പോലും സാധിച്ചില്ല. ബീഹാറില്‍ 22 റാലികളിലാണ് നരേന്ദ്ര മോദി പങ്കെടുത്തത്. എല്ലായിടത്തും പതിവ് ധാര്‍ഷ്ട്യം പ്രകടിപ്പിക്കുകയും ചെയ്തു. മോദിയുടെ ഡെപ്യൂട്ടിയെന്ന് വിശേഷിപ്പിക്കാവുന്ന ബി ജെ പിയുടെ അഖിലേന്ത്യാ പ്രസിഡന്റ് അമിത് ഷായുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു ബീഹാറിലെ തന്ത്രങ്ങള്‍. ഒന്നിനെയും നമ്പാന്‍ ബീഹാറിലെ ജനങ്ങള്‍ തയ്യാറായില്ല. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ലക്ഷം കോടിയുടെ പാക്കേജ് ബീഹാറിന് പ്രഖ്യാപിച്ച്, അവിടെ ബി ജെ പി അധികാരത്തിലെത്തിയാല്‍ കൂടുതല്‍ ധനവിഹിതം സംസ്ഥാനത്തിന് ലഭിക്കുമെന്ന പ്രതീതി ജനിപ്പിക്കാനും പ്രധാനമന്ത്രി ശ്രമിച്ചിരുന്നു. അതും ഫലം കണ്ടില്ല.
ഒന്നര വര്‍ഷത്തിലേറെയായി കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന സര്‍ക്കാര്‍ തങ്ങള്‍ക്ക് എന്താണ് നല്‍കുന്നത് എന്ന് നല്ല വണ്ണം മനസ്സിലാക്കുന്ന ബീഹാറുകാര്‍ക്ക്, ലക്ഷം കോടിയുടെ വാഗ്ദാനം മുഖവിലക്കെടുക്കാന്‍ സാധിക്കുമായിരുന്നില്ല. സ്വച്ഛ് ഭാരത്, ഡിജിറ്റല്‍ ഇന്ത്യ, മേക് ഇന്‍ ഇന്ത്യ, ജന്‍ധന്‍ തുടങ്ങി പലവിധ പ്രഖ്യാപനങ്ങള്‍ നടത്തുന്ന വാചാടോപക്കാരന്‍ മാത്രമാണ് പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയെന്ന് അവര്‍ ഏറെ നേരത്തെ മനസ്സിലാക്കിയിരിക്കുന്നു. അടുക്കളയിലേക്ക് വരെ കടന്ന് കയറുകയും എതിര്‍ക്കുന്നവരോട് പാക്കിസ്ഥാനിലേക്ക് പോകാന്‍ പറയുകയും ചെയ്യുന്ന ഹിന്ദുത്വ വാദികള്‍ക്ക് മൗനത്താല്‍ അനുവാദം നല്‍കുന്ന ബി ജെ പി (സംഘപരിവാര) നേതാവാണ് മോദിയെന്ന് അവര്‍ എളുപ്പത്തില്‍ തിരിച്ചറിയുകയും ചെയ്തിരിക്കുന്നു. അവര്‍ക്ക് മുന്നില്‍ തിരഞ്ഞെടുക്കാനൊരു സാധ്യതയായി ആര്‍ ജെ ഡി – ജെ ഡി യു – കോണ്‍ഗ്രസ് സഖ്യം നിന്നു. വിശ്വസനീയമായ സഖ്യമായി. നേരത്തെ ഡല്‍ഹിയില്‍ സംഭവിച്ചതും അതായിരുന്നു. ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് മുന്നില്‍ വിശ്വസിക്കാവുന്ന ശക്തിയായി ആം ആദ്മി പാര്‍ട്ടിയും അതിന്റെ നേതാവ് അരവിന്ദ് കെജ്‌രിവാളുമുണ്ടായി. വാചാടോപക്കാരനെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും വലിച്ചെറിയാന്‍ അവര്‍ക്ക് മടിയുണ്ടായില്ല.
ഇത്തരത്തില്‍ വിശ്വാസയോഗ്യമായ കൂട്ടായ്മകള്‍ ഉണ്ടായില്ല എന്നതാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പിക്ക് കേവല ഭൂരിപക്ഷം നേടിക്കൊടുത്ത പ്രധാന ഘടകം. യു പി എ സര്‍ക്കാറിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ ജനം വിശ്വസിക്കുക കൂടി ചെയ്തതോടെ കാര്യങ്ങള്‍ എളുപ്പമായെന്ന് മാത്രം. ഇവക്കു മുകളിലാണ് രാജ്യത്തെ രക്ഷിക്കാനൊരു നേതാവ് എന്ന അവകാശവാദത്തിന്റെ ബലൂണ്‍ ഊതിവീര്‍പ്പിക്കുന്നത്. ‘ഞാന്‍’ ‘ഞാന്‍’ എന്ന് ആവര്‍ത്തിച്ച് എല്ലാറ്റിനും പരിഹാരം കാണാന്‍ ‘ഞാനു’ണ്ടെന്ന് പ്രഘോഷിച്ച് അതിനുള്ള അംഗീകാരമാണ് തിരഞ്ഞെടുപ്പിലുണ്ടായത് എന്ന് വീരവാദം നടത്തിയത്. ആ കാലം ഏറെക്കുറെ അവസാനിച്ചിരിക്കുന്നു.
ആഗോള വിപണിയില്‍ എണ്ണ വില ഏറെക്കുറഞ്ഞിട്ടും അതിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് നല്‍കാന്‍ കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാര്‍ തയ്യാറായില്ല. എക്‌സൈസ് തീരുവ ഉയര്‍ത്തി, (ബീഹാര്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന്റെ തൊട്ടു പിറ്റേന്നും തീരുവ കൂട്ടി) ഖജനാവിലേക്ക് പണം കണ്ടെത്താനും ശതമാനക്കണക്കിലുള്ള സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ പോകുന്നുവെന്ന് വാദിക്കാനുമായിരുന്നു മോദിക്കും കൂട്ടര്‍ക്കും താത്പര്യം. പണപ്പെരുപ്പ നിരക്ക് ഏറെ താഴ്ന്നുവെന്ന് കണക്കുകള്‍ വെച്ച് വാദിക്കുമ്പോഴും ചില്ലറ വിപണിയില്‍ പരിപ്പിന്റെയും മറ്റ് അവശ്യ വസ്തുക്കളുടെയും വില ഉയര്‍ന്നു തന്നെ നിന്നു. അതിന്റെ ആഘാതം അനുഭവിച്ചവര്‍, പാലും തേനുമൊഴുക്കാമെന്ന വാഗ്ദാനങ്ങളെ വിശ്വസിക്കില്ല. അതു കൂടിയുണ്ട് ബിഹാറിലെ ജനവിധിയില്‍. യു പി എ സര്‍ക്കാറിന്റെ അഴിമതി ആരോപണങ്ങള്‍ മുഖ്യായുധമാക്കി അധികാരം പിടിച്ചവര്‍ അഴിമതിയുടെ കാര്യത്തില്‍ ഒട്ടും പിന്നാക്കമല്ലെന്ന് തെളിയുകയും ചെയ്തു. മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് പുറത്തുവന്ന വിവരങ്ങളും സാമ്പത്തിക ക്രമക്കേടില്‍ ആരോപണ വിധേയനായ വ്യക്തിയുമായി കേന്ദ്ര മന്ത്രിസഭാംഗങ്ങള്‍ക്ക് ബന്ധമുണ്ടെന്ന ആരോപണവുമൊക്കെ കഴമ്പില്ലാത്തതാണെന്ന് തള്ളാന്‍ മുന്‍ അനുഭവങ്ങള്‍ ജനത്തെ പ്രേരിപ്പിച്ചില്ല.
രാജ്യത്തെ ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നതിനൊപ്പം ബീഹാര്‍ ജനതയെ ജാതീയമായിക്കൂടി വിഭജിച്ച്, നേട്ടമുണ്ടാക്കാമെന്നായിരുന്നു പ്രതീക്ഷ. അതിനാണ് ജെ ഡി യു വിട്ട നിതിന്‍ റാം മാഞ്ജിയെയും ഉപേന്ദ്ര കുശ്‌വാഹയെയുമൊക്കെ കൂടെക്കൂട്ടിയത്. അതും അസ്ഥാനത്തായി. സംവരണം, രാജ്യത്തിന്റെ സാംസ്‌കാരിക വൈജാത്യം എന്നിവയെയൊക്കെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ തങ്ങളെ കൂടെക്കൂട്ടാന്‍ ശ്രമിക്കുന്നതിലെ വൈരുധ്യം എളുപ്പത്തില്‍ തിരിച്ചറിയപ്പെട്ടു. ബീഹാറിലെ എതാണ്ടെല്ലാ മേഖലകളിലും ജെ ഡി യു – ആര്‍ ജെ ഡി – കോണ്‍ഗ്രസ് സഖ്യം നേടിയ വിജയം അതാണ് തെളിയിക്കുന്നത്. ബി ജെ പിക്ക്, സംഘ് പരിവാരത്തിനാകെയും, സഹായമാകും വിധത്തില്‍ തീവ്ര നിലപാടുകളുമായെത്തിയ അസദുദ്ദീന്‍ ഉവൈസിയുടെ ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീനെ ബീഹാറിലെ മുസ്‌ലിംകള്‍ കൈയൊഴിഞ്ഞതും ഈ തിരിച്ചറിവിന്റെ ഭാഗമായാണ്.
ഈ കൂട്ടായ്മയെ പോറലേല്‍ക്കാതെ കാത്തുസൂക്ഷിക്കണമെന്ന് ലാലുവിനും നിതീഷിനും നല്‍കുന്ന മുന്നറിയിപ്പ് കൂടിയാണ് ഈ വലിയ വിജയം. രാഷ്ട്രീയ നിലനില്‍പ്പ് ചോദ്യംചെയ്യപ്പെട്ടപ്പോഴാണ് ഇരു നേതാക്കളും യോജിച്ചത് എന്ന് മനസ്സിലാക്കാത്തവരല്ല ബീഹാറുകാര്‍. എന്നിട്ടും അവര്‍ വലിയവിജയം സമ്മാനിക്കുമ്പോള്‍, അതില്‍ ഉത്തരവാദിത്തങ്ങളെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലുണ്ട്. ജനതാപരിവാറിനായി ഒന്നിക്കുകയും പിന്നീട് സഖ്യമുപേക്ഷിക്കുകയും ചെയ്ത മുലായത്തിന് കൂടി മുന്നറിയിപ്പുണ്ട് ഇവിടെ. അവസരവാദത്തിന്റെ ഭൂതകാലം ഉപേക്ഷിച്ച് ഫാഷിസമുയര്‍ത്തുന്ന ഭീഷണിയെ ചെറുക്കാന്‍ ഒന്നിച്ചു നില്‍ക്കണമെന്ന മുന്നറിയിപ്പ്. ജയപ്രകാശ് നാരായണന്റെ പ്രസ്ഥാനത്തിന്റെ ഭാഗമായി ഉയര്‍ന്നുവരികയും അടിയന്തരാവസ്ഥക്കെതിരെ നിലപാടെടുത്ത് ജനായത്തത്തിന്റെ സംരക്ഷണത്തിന് മുന്നിട്ടിറങ്ങുകയുമൊക്കെ ചെയ്ത ലാലുവും നിതീഷുമൊക്കെ, പിന്നീട് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയതിനെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ ധ്രുവീകരണത്തോടെയാണ് അധികാര രാഷ്ട്രീയത്തിന്റെ ഭാഗമാകുന്നത്. മുലായം സിംഗും ഭിന്നനല്ല. പക്ഷേ, പില്‍ക്കാലത്ത് ഇവരൊക്കെ അധികാരത്തിനോ കുടുംബാധിപത്യത്തിനോ ഒക്കെയായി നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യുന്ന കാഴ്ച രാജ്യം കണ്ടു. ഈ ഭൂതം വേട്ടയാടില്ല എന്ന് ഉറപ്പാക്കേണ്ട ബാധ്യത കൂടിയാണ് ജനം ഈ വിജയത്തിലൂടെ ഓര്‍മിപ്പിക്കുന്നത്.
ഈ തോല്‍വികൊണ്ട്, സംഘപരിവാരം അവരുടെ അജന്‍ഡകളില്‍ നിന്ന് പിന്നാക്കം പോകുമെന്ന് ആരും പ്രതീക്ഷിക്കേണ്ടതില്ല. വിഷവിത്തുകളുടെ വിതക്കല്‍ അവര്‍ കൂടുതല്‍ ഊര്‍ജിതമാക്കാനേ സാധ്യതയുള്ളൂ. ഉത്തര്‍ പ്രദേശിലെ ഉപതിരഞ്ഞെടുപ്പുകളിലും തദ്ദേശ തിരഞ്ഞെടുപ്പിലും ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലും തിരിച്ചടിയുണ്ടായിട്ടും അവരതില്‍ കുറവ് വരുത്തിയിട്ടില്ല. ബീഹാറിലെ തോല്‍വിയോടെ വര്‍ഗീയ ധ്രുവീകരണം ആഴത്തിലാക്കാന്‍ പാകത്തിലുള്ള പുതിയ കരുക്കള്‍ നീക്കുകയാകും ചെയ്യുക. 2002ലെ ഗുജറാത്ത് മാതൃക പോലും പരീക്ഷിക്കാന്‍ മടിക്കില്ലെന്ന് ചുരുക്കം. അതുപോലും കരുതിയിരിക്കേണ്ട ഉത്തരവാദിത്തമാണ് ഈ നേതാക്കളെ ജനം ഏല്‍പ്പിക്കുന്നത്.
ബീഹാറില്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ സ്വീകരിച്ച നിലപാട് പ്രത്യേകമായി പരിശോധിക്കേണ്ടതുണ്ട്. ജെ ഡി യു – ആര്‍ ജെ ഡി – കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം നില്‍ക്കാതെ പ്രത്യേകമായി മത്സരിക്കാനാണ് അവര്‍ തീരുമാനിച്ചത്. രണ്ട് സീറ്റില്‍ സി പി ഐ (എം എല്‍ – ലിബറേഷന്‍) ജയിച്ചതൊഴിച്ചാല്‍ ഇടതിന് കാര്യമായ സാന്നിധ്യം പ്രകടിപ്പിക്കാന്‍ സാധിച്ചില്ല. ജെ ഡി യു – ആര്‍ ജെ ഡി – കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം നില്‍ക്കേണ്ട എന്ന് ഇടതുപക്ഷം തീരുമാനിച്ചതിന്റെ യുക്തി ‘അന്നാഹാരം കഴിക്കുന്നവര്‍ക്കാര്‍ക്കും’ (വി എസ് അച്യുതാനന്ദനോട് കടപ്പാട്) മനസ്സിലാവില്ല. ബി ജെ പിക്കെതിരെ, അവരിലൂടെ സംഘപരിവാരം മുന്നോട്ടുവെക്കുന്ന തീവ്ര ഹിന്ദുത്വ അജന്‍ഡകള്‍ക്കെതിരെ, അതിലൂടെ രാജ്യം നേരിടുന്ന ഫാഷിസ്റ്റ് ഭീഷണിക്കെതിരെ യോജിച്ചൊരു ചേരി എന്നത്, രാജ്യത്തെ ജനങ്ങള്‍ക്കാകെ മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരമാണ് അവര്‍ നഷ്ടപ്പെടുത്തിയത്. കേരളത്തിലോ ബംഗാളിലോ തൃപുരയിലോ കോണ്‍ഗ്രസിനെ എതിര്‍ക്കുന്നുവെന്നത് ഈ ചേരിക്ക് തടസ്സമേ അല്ലായിരുന്നു. അത്തരമൊരു ചേരിയുണ്ടായിരുന്നുവെങ്കില്‍ ബി ജെ പിക്ക് കുറേക്കൂടി വലിയ പരാജയം സമ്മാനിക്കാന്‍ സാധിക്കുമായിരുന്നു. മതനിരപേക്ഷ നിലപാടില്‍ അടിയുറച്ചുനില്‍ക്കുന്ന, സംഘപരിവാരത്തിന്റെ അജന്‍ഡകളെ ശക്തമായി എതിര്‍ക്കാന്‍ മടിക്കാത്ത ഇടതിന് അത് കുറേക്കൂടി ഉറക്കെ പ്രഖ്യാപിക്കാനുള്ള അവസരമാകുമായിരുന്നു ബീഹാര്‍. ചുവരെഴുത്തുകള്‍ വായിക്കുന്നതില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നവര്‍ സൈദ്ധാന്തിക വിശകലനം നടത്തുമ്പോള്‍ രസം പുച്ഛമാകുക സ്വാഭാവികം. ലാലുവിന്റെ ‘കാട്ടു ഭരണം’ (ജംഗിള്‍ രാജ്) തിരികെ വരാതിരിക്കാനാണ് സഖ്യത്തിനൊപ്പം നില്‍ക്കാതിരുന്നത് എന്ന് വിശദീകരിക്കാന്‍ കൂടി പുറപ്പെട്ടാല്‍ പുച്ഛമേല്‍ക്കാനുള്ള പ്രസക്തിപോലും നഷ്ടപ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here