Connect with us

Editorial

വഴികാട്ടുന്നു, ബീഹാര്‍

Published

|

Last Updated

മോദി പ്രഭാവത്തെയും അമിത്ഷായുടെ രാഷ്ട്രീയ തന്ത്രങ്ങളെയും നിഷ്പ്രഭമാക്കി ബീഹാര്‍ തിരഞ്ഞെടുപ്പില്‍ അത്യുജ്ജ്വല വിജയമാണ് നിതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള വിശാലസഖ്യം നേടിയത്. 243 അംഗ നിയമസഭയില്‍ ജനതാദള്‍ യു, രാഷ്ട്രീയ ജനതാദള്‍, കോണ്‍ഗ്രസ് ഉള്‍ക്കൊള്ളുന്ന സഖ്യം 177 സീറ്റ് നേടി മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിനടുത്തെത്തി. ജെ ഡി യുവും ലാലുവിന്റെ രാഷ്ട്രീയ ജനതാദളും നൂറ് സീറ്റുകളില്‍ വീതവും കോണ്‍ഗ്രസ് 40 സീറ്റിലുമാണ് മത്സരിച്ചത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 40ല്‍ 31 സീറ്റ് നേടിയ എന്‍ ഡി എ സഖ്യത്തിന് നിയമസഭയിലേക്ക് 59 സീറ്റുകളിലേ വിജയിക്കാനായുള്ളൂ. ആദ്യമണിക്കൂറില്‍ ബി ജ പി മുന്നണിക്ക് മുന്‍തുക്കം കാണിച്ച വോട്ടെണ്ണലിന്റെ ഗതി അടുത്ത മണിക്കൂറില്‍ തന്നെ മാറുകയും ദേശീയ രാഷ്ട്രീയത്തില്‍ മതേതരവാദികള്‍ക്ക് ബീഹാരികള്‍ ദിശ കാണിക്കുകയുമായിരുന്നു.
2005ലും 2010ലും ബി ജെ പിയുമായി സഖ്യത്തില്‍ മത്സരിച്ച് അധികാരത്തിലേറിയ നിതീഷ്‌കുമാര്‍, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ച ബി ജെ പി നിലപാടില്‍ പ്രതിഷേധിച്ചാണ് 2013ല്‍ സഖ്യം വേര്‍പിരിഞ്ഞത്. തുടര്‍ന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജെ ഡി യു തറപറ്റിയതോടെ പാര്‍ട്ടിയുടെയും നിതീഷിന്റെയും ഭാവി തുലാസിലായിരുന്നു. ഈ പരാജയത്തില്‍ പാഠമുള്‍ക്കൊണ്ട് വര്‍ഗീയ സഖ്യത്തിനെതിരെ മതേതര വോട്ടുകള്‍ ഒന്നിപ്പിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞതാണ് നിതീഷിന്റെയും ഒപ്പം ലാലുവിന്റെയും തിരിച്ചുവരവിന് വഴിയൊരുക്കിയത്. തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയും മുലായം സിംഗിന്റെ പാര്‍ട്ടിയും വിശാലസഖ്യത്തിലുണ്ടായിരുന്നില്ല. അല്ലായിരുന്നെങ്കില്‍ വര്‍ഗീയ സഖ്യത്തിന്റെ തോല്‍വി കൂടുതല്‍ ദയനീയമാകുമായിരുന്നു.
2013ല്‍ ജെ ഡി യു-ബി ജെ പി സഖ്യം വേര്‍പിരിഞ്ഞതോടെ മോദിയും നിതീഷും കടുത്ത ശത്രുതയിലാണ്. ഈ തിരഞ്ഞെടുപ്പ് ഗോദയിലും അത് പ്രകടമായിരുന്നു. നിതീഷിനെതിരെ വ്യക്തിപരമായ ആക്രമണമാണ് പ്രചാരണ വേദികളില്‍ മോദിയും ബി ജെ പിയും അഴിച്ചു വിട്ടത്. സംസ്ഥാനത്ത് നിതീഷിനെ തറപറ്റിക്കേണ്ടത് അഭിമാന പ്രശ്‌നമായി കണ്ട പ്രധാനമന്ത്രി, പ്രചാരണ വേദികളില്‍ മറ്റു തിരഞ്ഞെടുപ്പുകളിലൊന്നും കണ്ടിട്ടില്ലാത്ത വിധം തന്റെ സാന്നിധ്യം പ്രകടമാക്കുകയും ചെയ്തു. 22 റാലികളിലാണ് ബീഹാറില്‍ അദ്ദേഹം പങ്കെടുത്തത്. മക്ദുംപൂര്‍ പോലുള്ള ബ്ലോക്ക് ആസ്ഥാനങ്ങളില്‍ പോലും പ്രധാനമന്ത്രി പ്രചാരണത്തിനെത്തി. ഈ സാഹചര്യത്തില്‍ ഡല്‍ഹിക്ക് പിറകെ ബീഹാറിലും എന്‍ ഡി എക്കുണ്ടായ പരാജയം മോദിയുടെ ഊതിപ്പെരുപ്പിച്ച വ്യക്തിപ്രഭാവത്തിനേറ്റ കനത്ത ആഘാതമാണ്. പാര്‍ട്ടിയിലും സര്‍ക്കാറിലും താമസിയാതെ ഇതിന്റ പ്രതിഫലനങ്ങള്‍ പ്രകടമാകും. ഇതിനകം തന്നെ ശിവസേന ആദ്യവെടി പൊട്ടിച്ചു കഴിഞ്ഞു. മോദിയുടെ അഹന്തക്കേറ്റ തിരിച്ചടിയാണ് ഫലമെന്നും ഇതിന്റെ ഉത്തരവാദിത്വം മോദി സ്വയം ഏറ്റെടുക്കണമെന്നുമായിരുന്നു സേനാ നേതാവ് സഞ്ജയ് റാവത്തിന്റെ പ്രതികരണം. അമിത്ഷാക്ക് ബി ജെ പി അധ്യക്ഷ സ്ഥാനത്തേക്ക് ഒരു തവണ കൂടി തുടരാനുള്ള സാധ്യതക്കും ഇത് മങ്ങലേല്‍പ്പിക്കും. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളെയും ബീഹാര്‍ ഫലം ബാധിക്കും.
ബി ജെ പിയുടെയും ആര്‍ എസ് എസിന്റെയും വര്‍ഗീയവും അസഹിഷ്ണുതാപരവുമായ നടപടികളാണ് എന്‍ ഡി എ സഖ്യത്തിന്റെ തകര്‍ച്ചക്ക് മുഖ്യകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ലോകത്തെ ഞെട്ടിച്ച ദാദ്രി സംഭവവും ഗോമാംസ വിഷയത്തില്‍ സംഘ്പരിവാര്‍ നേതാക്കളുടെ വിഷം ചീറ്റലും സംവരണ പ്രശ്‌നത്തില്‍ നരേന്ദ്ര മോദിയുടെയും ആര്‍ എസ് എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവതിന്റെയും പ്രസ്താവനകളും പട്ടികളോട് ഉപമിച്ച് കേന്ദ്രമന്ത്രി വി കെ സിംഗ് ദളിതരെ അപമാനിച്ചതും വോട്ടിംഗില്‍ പ്രതിഫലിച്ചിട്ടുണ്ട്. ജാതി അടിസ്ഥാനമാക്കിയുള്ള സംവരണരീതി മാറ്റണമെന്നായിരുന്നു ഭഗവതിന്റെ പ്രസ്താവനയെങ്കില്‍, നിതീഷ് അധികാരത്തില്‍ വന്നാല്‍ പിന്നാക്ക ദളിത് വിഭാഗങ്ങള്‍ക്കവകാശപ്പെട്ട സംവരണം ഒരു സമുദായത്തിന് പതിച്ചു നല്‍കുമെന്നായിരുന്നു മോദിയുടെ പരാമര്‍ശം. മുസ്‌ലിം സമുദായത്തെയാണ് അദ്ദേഹം ഉന്നം വെച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ തുണച്ച ദളിതരുടെയും 16 ശതമാനം വരുന്ന മുസ്‌ലിംകളുടെയും വോട്ടുകള്‍ വിശാല സഖ്യത്തിന് വീഴാന്‍ ഇത് വഴിവെച്ചു.
രാഷ്ട്രീയ ജനതാദളിന്റെ തിരിച്ചുവരവാണ് തിരഞ്ഞെടുപ്പിലെ മറ്റൊരു സവിശേഷത. കാലിത്തീറ്റ കോഴക്കേസിലും വിവിധ രാഷ്ട്രീയ വിവാദങ്ങളിലും പെട്ട് ഒന്നര ദശകത്തോളം ബീഹാര്‍ രാഷ്ട്രീയത്തില്‍ നിഷ്പ്രഭമായിരുന്ന ലാലു പ്രസാദ് യാദവിന്റെ ആര്‍ ജെ ഡി, ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയര്‍ന്നിരിക്കയാണ്. രാഷ്ട്രീയ പ്രതികൂല സാഹചര്യങ്ങള്‍ യാദവ സമൂഹത്തിലും രജപുത്രവിഭാഗത്തിലും ലാലുവിനുള്ള സ്വാധീനത്തില്‍ കാര്യമായ ക്ഷീണം വരുത്തിയിട്ടില്ലെന്ന് ഈ തിരഞ്ഞെടുപ്പിലൂടെ അദ്ദേഹം തെളിയിച്ചിരിക്കയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 118 സീറ്റ് നടിയ ജെ ഡി യു 71 സീറ്റ് നേടി പത്ത് വര്‍ഷത്തെ ഭരണത്തില്‍ നിതീഷ് ആര്‍ജിച്ച ജനവിശ്വാസം വീണ്ടും തെളിയിച്ചു. മതേതര കക്ഷികള്‍ ഒന്നിച്ചാല്‍ വര്‍ഗീയ ശക്തികളെ ചെറുക്കാമെന്നതാണ് ബീഹാറിന്റെ പ്രധാന പാഠം. ദേശീയ രാഷ്ട്രീയത്തിലും ഇത് പ്രതിഫലിക്കേണ്ടതുണ്ട്.

Latest