തൂക്കുസഭകളില്‍ കൂടുതല്‍ അംഗങ്ങളുള്ളവര്‍ക്ക് ഭരിക്കാം

Posted on: November 9, 2015 2:52 am | Last updated: November 8, 2015 at 11:53 pm
SHARE

voteതിരുവനന്തപുരം: പകുതിയിലധികം സീറ്റ് ലഭിക്കാതെ തൂക്കുസഭകളായി മാറിയ തദ്ദേശ സ്ഥാപനങ്ങളില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള കക്ഷിക്ക് ഭരിക്കാം. പഞ്ചായത്ത് രാജ് മുനിസിപ്പാലിറ്റി നിയമങ്ങളിലെ തിരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടപ്രകാരം തദ്ദേശ സ്ഥാപനത്തിന്റെ അധ്യക്ഷനാകാന്‍ 50 ശതമാനം അംഗങ്ങളുടെ പിന്തുണ അനിവാര്യമല്ല. അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള അജന്‍ഡ വെച്ച് നടത്തുന്ന യോഗത്തില്‍ ആര്‍ക്കും ഒരംഗത്തിന്റെ പിന്തുണയോടെ മത്സരിക്കാം. മറ്റൊരംഗം പിന്താങ്ങണമെന്ന് മാത്രം. വോട്ടെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് കിട്ടുന്നയാള്‍ അധ്യക്ഷനാകും. മൂന്ന് സ്ഥാനാര്‍ഥികളുണ്ടെങ്കില്‍ രണ്ട് റൗണ്ട് വോട്ടിംഗിലൂടെയാകും തിരഞ്ഞെടുപ്പ്. ഇങ്ങനെ അധ്യക്ഷ പദവിയിലെത്തുന്ന ഒരാള്‍ക്കെതിരെ ആറ് മാസത്തിനു ശേഷമേ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ കഴിയൂ. പ്രമേയം പാസാകണമെങ്കില്‍ തദ്ദേശ സ്ഥാപനത്തിലെ ആകെ അംഗസംഖ്യയുടെ പകുതിയില്‍ ഒന്നധികം വേണം.
ഇതനുസരിച്ച് തിരുവനന്തപുരം കോര്‍പറേഷനിലടക്കം എല്‍ ഡി എഫിന് ഭരിക്കാന്‍ കഴിയും. തിരുവനന്തപുരം കോര്‍പറേഷനില്‍ കേവല ഭൂരിപക്ഷത്തിന് 51 വോട്ട് അനിവാര്യമാണെങ്കിലും ഒരു കക്ഷിക്കും ഇത് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ 44 അംഗങ്ങളുള്ള എല്‍ ഡി എഫിന് ഭരിക്കാന്‍ അവസരം ലഭിക്കും. ബി ജെ പിയും കോണ്‍ഗ്രസും സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ പോലും ഒരുമിച്ചുനില്‍ക്കാതെ ഇത്രയും വോട്ട് സമാഹരിക്കാന്‍ കഴിയില്ല. കൂടുതല്‍ വോട്ട് ലഭിച്ച് അധ്യക്ഷ പദവിയിലെത്തുന്നയാളെ അവിശ്വാസത്തിലൂടെ പുറത്താക്കണമെങ്കില്‍ ആറ് മാസം കാത്തിരിക്കണം. തിരുവനന്തപുരത്ത് കോണ്‍ഗ്രസും ബി ജെ പിയും ഒരുമിച്ചുനിന്ന് അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ മാത്രമേ എല്‍ ഡി എഫിന് ഭരണം നഷ്ടപ്പെടൂ. ഇങ്ങനെ ഭരണം നഷ്ടപ്പെട്ടാല്‍ തന്നെ നേരത്തെയുള്ളത് പോലെ മേയര്‍ തിരഞ്ഞെടുപ്പ് നടത്തേണ്ടിയും വരും. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത തൃശൂര്‍, കണ്ണൂര്‍ കോര്‍പറേഷനുകളില്‍ മേയര്‍ തിരഞ്ഞെടുപ്പ് കഴിയുംവരെ ആര് ഭരിക്കുമെന്ന് പോലും വ്യക്തമാകില്ല.

LEAVE A REPLY

Please enter your comment!
Please enter your name here