Connect with us

Sports

സച്ചിനെ വീഴ്ത്തി വോണ്‍

Published

|

Last Updated

ന്യൂയോര്‍ക്ക്: ഗതകാല സ്മരണകളുണര്‍ത്തി സച്ചിന്‍ തെന്‍ഡുല്‍ക്കറുടെയും വീരേന്ദ്ര സേവാഗിന്റെയും വെടിക്കെട്ട് തുടക്കം, ഷെയ്ന്‍ വോണിന്റെ സ്പിന്‍ മാത്രികത, റിക്കി പോണ്ടിംഗിന്റെയും കുമാര്‍ സങ്കക്കാരയുടെയും മികച്ച ഇന്നിംഗ്‌സ്, ശുഐബ് അത്കറിന്റെ വേഗമേറും പന്തുകള്‍… സുവര്‍ണ നിമിഷങ്ങള്‍ ഏറെ സമ്മാനിച്ച ആള്‍ സ്റ്റാര്‍സ് ക്രിക്കറ്റ് ലീഗിലെ ആദ്യ മത്സരത്തില്‍ സച്ചിന്‍ ബ്ലാസ്റ്റേഴ്‌സിനെ വോണ്‍ വാരിയേഴ്‌സ് ആറ് വിക്കറ്റിന് തോല്‍പ്പിച്ചു. ഷെയ്ന്‍ വോണ്‍ ആണ് മാന്‍ ഓഫ് ദ മാച്ച്.
ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ സച്ചിന്‍ ബ്ലാസ്റ്റേഴ്‌സ് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ വോണ്‍ വാരിയേഴ്‌സ് 17.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ടോസ് നേടിയ വോണ്‍ വാരിയേഴ്‌സ് സച്ചിന്‍ ബ്ലാസ്റ്റേഴ്‌സിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ലോക ക്രിക്കറ്റിലെ മികച്ച ഓപണിംഗ് കൂട്ടുകെട്ടുകളിലൊന്നായിരുന്ന സച്ചിനും സേവാഗുമായിരുന്നു ബ്ലാസ്റ്റേഴ്‌സിനായി ഇന്നിംഗ്‌സ് തുറന്നത്. കരുതലോടെ തുടങ്ങിയ ഇരുവരും പിന്നീട് ഗിയര്‍മാറ്റി. സേവാഗ് ആയിരുന്നു ഏറ്റവും അപകടകാരി. 22 പന്തില്‍ നിന്ന് ആറ് തകര്‍പ്പന്‍ സിക്‌സും മൂന്ന് ബൗണ്ടറിയും പറത്തിയ സേവാഗ് 55 റണ്‍സെടുത്തു. ആള്‍ സ്റ്റാര്‍ ലീഗിലെ ആദ്യ ബൗണ്ടറി, ആദ്യ സിക്‌സര്‍, ആദ്യ അര്‍ധ സെഞ്ച്വറി എന്നിവ സ്വന്തം പേരിലാക്കിയ സേവാഗിന്റെ സ്‌ട്രൈക്ക് റേറ്റ് 250 ആയിരുന്നു.
27 പന്തില്‍ ഒരു സിക്‌സും രണ്ട് ബൗണ്ടറിയും പറത്തി 26 റണ്‍സെടുത്ത സച്ചിന്റെ വിക്കറ്റാണ് ബ്ലാസ്റ്റേഴ്‌സിന് ആദ്യം നഷ്ടമായത്. വോണിന്റെ പന്തില്‍ ജാക്ക് കാലിസിന് ക്യാച്ച്.പിന്നീട് ബ്ലാസ്റ്റേഴ്‌സിന് തുടരെ വിക്കറ്റുകള്‍ നഷ്ടമായി. സ്‌കോര്‍ ബോര്‍ഡ് ചലിക്കും മുന്‍പ് സേവാഗും മടങ്ങി. വെട്ടോറിയുടെ ആദ്യ പന്തില്‍ തന്നെ സേവാഗ് ക്ലീന്‍ബൗള്‍ഡ്. വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഇതിഹാസങ്ങളിലൊരാളായ ബ്രയന്‍ ലാറക്ക് ഒന്നും ചെയ്യാനായില്ല. ഒരു റണ്‍സെടുത്ത ലാറയെ വോണ്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. വി വി എസ് ലക്ഷ്മണിനെ (എട്ട്) വോണ്‍ വിക്കറ്റ് കീപ്പര്‍ സങ്കക്കാരയുടെ കൈകളിലെത്തിച്ചു. മഹേല ജയവര്‍ധന 18ഉം കാള്‍ ഹൂപ്പര്‍, ഷോണ്‍ പൊള്ളോക്ക് എന്നിവര്‍ പതിനൊന്ന് റണ്‍സ് വീതവുമെടുത്തു. വാരിയേഴ്‌സിനായി ഷെയ്ന്‍ വോണ്‍, ആന്‍ഡ്രു സൈമണ്ട്‌സ് എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. വിക്കറ്റ് വീഴ്ത്തിയില്ലെങ്കിലും നാല് ഓവറില്‍ വെറും പതിനാറ് റണ്‍സ് മാത്രം വിട്ടു നല്‍കിയ പാക് ഇതിഹാസ ബൗളര്‍ വസീം അക്രം മികച്ച ബൗളിംഗാണ് കാഴ്ചവെച്ചത്.
മറുപടി ബാറ്റിംഗിനിറങ്ങിയ വാരിയേഴ്‌സിന്റെ തുടക്കം ഞെട്ടലോടെയായിരുന്നു. 22 റണ്‍സെടുക്കുന്നതിനിടെ ഓപണ്‍മാരായ ജാക്ക് കാലിസിനെയും (13) മാത്യു ഹെയ്ഡനെയും (നാല്) അവര്‍ക്ക് നഷ്ടമായി. കാലിസ് റണ്ണൗട്ടായപ്പോള്‍ ഹെയ്ഡനെ ശുഐബ് അക്തര്‍ വിക്കറ്റ് കീപ്പര്‍ മോയിന്‍ ഖാന്റെ കൈകളിലെത്തിച്ചു. ഇവര്‍ക്ക് ശേഷം റിക്കി പോണ്ടിംഗും കുമാര്‍ സങ്കക്കാരയും ഒത്തു ചേര്‍ന്നതോടെ കളി വാരിയേഴ്‌സിന്റെ വരുതിയിലായി. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 80 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സൗഹൃദ മത്സരമായിരുന്നെങ്കിലും പോണ്ടിംഗ് ബൗളര്‍മാരോട് യാതൊരു സൗഹൃദവും കാട്ടിയില്ല.
38 പന്തില്‍ നിന്ന് മൂന്ന് സിക്‌സും മൂന്ന് ബൗണ്ടറിയും പറത്തി 48 റണ്‍സെടുത്ത പോണ്ടിണ്ടും 29 പന്തില്‍ നിന്ന് 41 റണ്‍സെടുത്ത കുമാര്‍ സങ്കക്കാരയും ചേര്‍ന്ന് വാരിയേഴ്‌സിന് ശക്തമായ അടിത്തറയിട്ടു. സ്‌കോര്‍ 102ല്‍ നില്‍ക്കെ സങ്കക്കാരയെ അക്തര്‍ പുറത്താക്കി. പതിനാല് പന്തില്‍ നിന്ന് 20 റണ്‍സെടുത്ത റോഡ്‌സും പോണ്ടിംഗും ചേര്‍ന്ന് വാരിയേഴ്‌സിനെ വിജയത്തിലേക്കെത്തിച്ചു. പതിനെട്ടാം ഓവര്‍ എറിയാനെത്തിയ സച്ചിനെ സിക്‌സര്‍ പറത്തിയാണ് റോഡ്‌സ് വാരിയേഴ്‌സിന് ജയം സമ്മാനിച്ചത്. അമേരിക്കയില്‍ ക്രിക്കറ്റിന് പ്രചാരം നല്‍കുന്നതിനാണ് സച്ചിന്റെയും വോണിന്റെയും നേതൃത്വത്തില്‍ അമേരിക്കയില്‍ ക്രിക്കറ്റ് ഓള്‍ സ്റ്റാര്‍സ് ലീഗ് സംഘടിപ്പിച്ചിരിക്കുന്നത്.

Latest