മലപ്പുറത്തെ അഞ്ച് നഗരസഭകളില്‍ ലീഗിന് അടിതെറ്റി

Posted on: November 8, 2015 11:51 pm | Last updated: November 8, 2015 at 11:54 pm

leagueമലപ്പുറം: സംസ്ഥാനത്ത് ഏറ്റവും ശ്രദ്ധേയമായ പോരാട്ടം അരങ്ങേറിയ മലപ്പുറം ജില്ലയിലെ നഗരപ്രദേശങ്ങളില്‍ യു ഡി എഫിന് കനത്ത തിരിച്ചടി. മൂന്ന് നഗരസഭ പിടിച്ചെടുത്താണ് ഇടതുമുന്നണി ജില്ലയില്‍ ശക്തിതെളിയിച്ചത്. പന്ത്രണ്ട് നഗരസഭകളില്‍ യു ഡി എഫിന്റെ കോട്ടയായിരുന്ന പരപ്പനങ്ങാടിയും കൊണ്ടോട്ടിയും അവരെ കൈവിട്ടു. പെരിന്തല്‍ണ്ണ നഗരസഭ നിലനിര്‍ത്തിയപ്പോള്‍ പൊന്നാനി, തിരൂര്‍ നഗരസഭകള്‍ ഇടതുമുന്നണിക്ക് തിരിച്ചുപിടിക്കാനായി. വളാഞ്ചേരി, താനൂര്‍, തിരൂരങ്ങാടി, മഞ്ചേരി, പൊന്നാനി, കോട്ടക്കല്‍, നിലമ്പൂര്‍, മലപ്പുറം നഗരസഭകളാണ് യു ഡി എഫിനൊപ്പം നിന്നത്.
പുത്തന്‍ അടവ് നയവും രഹസ്യ നീക്കങ്ങളും ഇടതുമുന്നണിയെ തുണക്കുന്ന കാഴ്ചയാണ് തിരഞ്ഞെടുപ്പില്‍ കണ്ടത്. സ്വതന്ത്രന്മാരെ ഇറക്കിയുള്ള ഇടതുമുന്നണിയുടെ പരീക്ഷണം മിക്കയിടത്തും വിജയിച്ചു. പ്രഥമ നഗരസഭയായ കൊണ്ടോട്ടിയിലും പരപ്പനങ്ങാടിയിലും കോണ്‍ഗ്രസും ലീഗും ഏറ്റുമുട്ടിയപ്പോള്‍ കനത്ത തിരിച്ചടിയായി ഫലം. മതേതര വികസന മുന്നണി മികച്ച മുന്നേറ്റമാണ് ഈ രണ്ട് നഗരസഭകളിലും നടത്തിയത്. കൊണ്ടോട്ടിയില്‍ 40 സീറ്റില്‍ 21 സീറ്റ് മതേതര വികസന മുന്നണി നേടിയപ്പോള്‍ 18 സീറ്റില്‍ യു ഡി എഫും ഒരിടത്ത് എസ് ഡി പി ഐയും വിജയിച്ചു. ലീഗിനെതിരെ കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിച്ച മൂന്ന് പേരാണ് ഇവിടെ തിരഞ്ഞെടുക്കപ്പെട്ടത്. ഇത് ലീഗിന്റെ കോട്ടയില്‍ നേരിട്ട ശക്തമായ തിരിച്ചടിയായി.
വിദ്യാഭ്യാസ മന്ത്രിയുടെ നാടായ പരപ്പനങ്ങാടിയിലും ലീഗിന് അടിതെറ്റി. കഴിഞ്ഞ തവണ യു ഡി എഫ് തൂത്തുവാരിയ പരപ്പനങ്ങാടി നഗരസഭയായി മാറിയപ്പോള്‍ 45 സീറ്റില്‍ ജനകീയ വികസന മുന്നണി 18 സീറ്റ് നേടി. മുസ്‌ലിം ലീഗ്, സി പി എം വിമതന്‍മാരും സ്വതന്ത്രരും ഓരോ സീറ്റുകളിലും വിജയിച്ചു. യു ഡി എഫ് 20 സീറ്റും ബി ജെ പി നാല് സീറ്റും കരസ്ഥമാക്കി. ഇവിടെ ബി ജെ പിയുടെ നിലപാട് നിര്‍ണായകമാണ്.
പി ഡി പി, ഐ എന്‍ എല്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, ലീഗ് വിമതര്‍, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവര്‍ ഉള്‍പ്പെട്ട ജനകീയ മുന്നണിയാണ് ലീഗിന് തിരിച്ചടി നല്‍കിയത്. വിജയിച്ച നഗരസഭകളില്‍ പലരും സ്ഥാനമുറപ്പിച്ചത് കുറഞ്ഞ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്. ഉന്നതര്‍ അടിതെറ്റിവീഴുകഴും ചെയ്തു. കടുത്ത പരീക്ഷണമാണ് ജയിച്ചുകയറിയ നഗരസഭയില്‍ ലീഗ് നേരിട്ടത്.
എന്നാല്‍ താനൂരില്‍ ഇടതു മുന്നണിയുടെ സ്വതന്ത്ര പരീക്ഷണം പാളി. ആകെയുള്ള 44 സീറ്റില്‍ 30 സീറ്റില്‍ യു ഡി എഫ് വിജയിച്ചു. എല്‍ ഡി എഫിന് മുന്‍ വര്‍ഷത്തേക്കാള്‍ മുന്നേറ്റമുണ്ടാക്കാനായില്ല. കഴിഞ്ഞ തവണയുള്ള രണ്ട് സീറ്റ് നിലനിര്‍ത്തുക മാത്രമാണ് അവര്‍ ചെയ്തത്. 10 സീറ്റ് നേടി ബി ജെ പിക്ക് പ്രതിപക്ഷമാകാന്‍ സാധിച്ചു. കോണ്‍ഗ്രസ് വിമതര്‍ രണ്ട് സീറ്റും നേടി.
മലപ്പുറം നഗരസഭയില്‍ എല്‍ ഡി എഫിന് അധികാരത്തിലെത്താന്‍ കഴിഞ്ഞില്ലെങ്കിലും ലീഗ് കോട്ടയില്‍ വിള്ളലുണ്ടാക്കാന്‍ കഴിഞ്ഞു. 40 സീറ്റില്‍ യു ഡി എഫിന് 25 സീറ്റും എല്‍ ഡി എഫിന് 15 സീറ്റും ലഭിച്ചു. പെരിന്തല്‍മണ്ണയില്‍ 21 സീറ്റ് എല്‍ ഡി എഫും 12 സീറ്റ് യു ഡി എഫും ഒരു സീറ്റ് സ്വതന്ത്രനും നേടി. പൊന്നാനിയില്‍ 51 സീറ്റില്‍ എല്‍ ഡി എഫ് 29ഉം യു ഡി എഫ് 17ഉം ബി ജെ പി മൂന്ന് സീറ്റും സ്വതന്ത്രര്‍ രണ്ട് സീറ്റും നേടി. തിരൂരില്‍ 38 സീറ്റുകളില്‍ 19 സീറ്റ് എല്‍ ഡി എഫും 18 സീറ്റ് യു ഡി എഫും ഒരു സീറ്റ് ബി ജെ പിയും നേടി.
മഞ്ചേരിയിലെ 50 വാര്‍ഡുകളില്‍ 34 ഇടത്ത് യു ഡി എഫും 15 എണ്ണത്തില്‍ എല്‍ ഡി എഫും വിജയിച്ചു. ഇവിടെ ബി ജെ പിക്ക് ഒരു സീറ്റില്‍ വിജയിക്കാനായത് നേട്ടമായി.
നിലമ്പൂരില്‍ 33 വാര്‍ഡില്‍ യു ഡി എഫ് 25 സീറ്റില്‍ വിജയിച്ചു. എല്‍ ഡി എഫ് അഞ്ച് ഇടത്ത് വിജയിച്ചപ്പോള്‍ ജനകീയ മുന്നണിക്ക് മൂന്ന് സീറ്റുകള്‍ നേടാനായി. വളാഞ്ചേരിയില്‍ 33 സീറ്റില്‍ 21 സീറ്റ് യു ഡി എഫും 12 സീറ്റ് എല്‍ ഡി എഫും നേടി. കോട്ടക്കലില്‍ 32 ഡിവിഷനുകളില്‍ 20 സീറ്റ് യു ഡി എഫും രണ്ടിടത്ത് എല്‍ ഡി എഫും എട്ടിടത്ത് സ്വതന്ത്രരും രണ്ടിടത്ത് ബി ജെ പി സ്ഥാനാര്‍ഥികളും വിജയിച്ചു.