കൊച്ചി മേയര്‍ തിരഞ്ഞെടുപ്പ്: സമവായത്തില്‍ കോണ്‍ഗ്രസ് ഗ്രൂപ്പിനും സമുദായത്തിനും മുഖ്യപരിഗണന

Posted on: November 8, 2015 11:48 pm | Last updated: November 8, 2015 at 11:54 pm
SHARE

കൊച്ചി: കോര്‍പറേഷന്‍ ഭരണം നിലനിര്‍ത്തിയതിന്റെ ആവേശമടങ്ങുന്നതിന് മുമ്പ് കോണ്‍ഗ്രസില്‍ മേയര്‍ സ്ഥാനത്തെച്ചൊല്ലി ഭിന്നാഭിപ്രായങ്ങള്‍ ശക്തമായി. മേയര്‍ സ്ഥാനത്തേക്ക് നിരവധി പേരുകള്‍ ഉയര്‍ത്തിക്കാണിക്കപ്പെടുന്നുണ്ടെങ്കിലും ഭരണസമിതിയിലെ ഗ്രൂപ്പ് ബലാബലം, സമുദായം, യോഗ്യത തുടങ്ങിയ ഘടകങ്ങളാണ് വിധി നിര്‍ണയിക്കാന്‍ പോകുന്നത്. എ ഗ്രൂപ്പിന്റെ സൗമിനി ജെയിന്‍, എ ഗ്രൂപ്പിനോട് അനുഭാവം പുലര്‍ത്തുന്ന പ്രൊഫ. കെ വി തോമസിന്റെ പിന്തുണയുള്ള ഗ്രേസി ജോസഫ്, ഐ ഗ്രൂപ്പിന്റെ ഗ്രേസ് ബാബു ജേക്കബ്, അഡ്വ. വി കെ മിനിമോള്‍ തുടങ്ങിയ പേരുകളാണ് അന്തരീക്ഷത്തിലുള്ളത്.
ജില്ലയിലെ പ്രധാനപ്പെട്ട നേതാക്കള്‍ ഒന്നിച്ചിരുന്ന് ചര്‍ച്ച നടത്തി മേയറുടെ കാര്യത്തില്‍ സമവായം ഉണ്ടാക്കണമെന്നാണ് കെ പി സി സി താത്പര്യമറിയിച്ചിരിക്കുന്നത്. കഴിഞ്ഞ തവണത്തെ പോലെ ഗ്രൂപ്പ് തിരിഞ്ഞുള്ള മത്സരം വോട്ടെടുപ്പിലേക്കും പരസ്യമായ വിഴുപ്പലക്കലിലേക്കും പോകുന്ന സ്ഥിതിവിശേഷം ഒരു കാരണവശാലും ഇത്തവണ ഉണ്ടാകാന്‍ പാടില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ധാരണയുണ്ട്.
കോര്‍പറേഷനിലേക്ക് മത്സരിച്ചു വിജയിച്ചുവന്നവരില്‍ ഭൂരിപക്ഷം എ ഗ്രൂപ്പ് സ്ഥാനാര്‍ഥികളാണ്. അതുകൊണ്ടു തന്നെ മേയര്‍ സ്ഥാനത്തേക്ക് എ ഗ്രൂപ്പിന് ശക്തമായി അവകാശവാദമുന്നയിക്കാന്‍ സാധിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത് ഐ ഗ്രൂപ്പിലെ ആശാ സനലിനാണ്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റാകാന്‍ എ ഗ്രൂപ്പിന്റെ ശക്തനായ വക്താവായ അബ്ദുല്‍ മുത്തലിബും ഒരുങ്ങിക്കഴിഞ്ഞു. ഇതും മേയര്‍ സ്ഥാനത്തേക്ക് ഒരു എ ഗ്രൂപ്പുകാരിയും ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് ഐ ഗ്രൂപ്പുകാരനും വരാനുള്ള സാധ്യത തുറക്കുന്നുണ്ട്. എന്നാല്‍ ഗ്രൂപ്പിനപ്പുറത്ത് സാമുദായിക താത്പര്യങ്ങള്‍ക്ക് കോണ്‍ഗ്രസില്‍ ഇടമുള്ളതിനാല്‍ മേയര്‍ ഭൂരിപക്ഷ സമുദായക്കാരിയാകണോ ന്യൂനപക്ഷ സമുദായക്കാരിയാകണോ എന്ന ചോദ്യം സജീവമായി ഉയര്‍ന്നുവരും. പ്രബലമായ ലത്തീന്‍ കത്തോലിക്ക സമുദായത്തിനാണ് ഇക്കാര്യത്തില്‍ പ്രത്യേക പരിഗണന ലഭിക്കുക. മേയര്‍ ന്യൂനപക്ഷ സമുദായത്തില്‍ നിന്നാകണമെന്നാണ് ധാരണയുണ്ടാകുന്നതെങ്കില്‍ ഗ്രേസ് ബാബു ജേക്കബിനെയോ അഡ്വ. മിനിമോളെയോ ഐ ഗ്രൂപ്പ് ഉയര്‍ത്തിക്കാണിക്കും. ഗ്രേസി ജോസഫിന് വേണ്ടി കെ വി തോമസ് ശക്തമായ നിലപാടെടുക്കും. സൗമിനി നായര്‍ കുടുംബാംഗമാണെങ്കിലും ഭര്‍ത്താവ് ക്രിസ്ത്യനാണ്. എന്നാല്‍ ലത്തീന്‍ കത്തോലിക്കയല്ല. മിനിമോള്‍ ഹിന്ദുകുടുംബത്തില്‍ നിന്നാണെങ്കിലും വിവാഹത്തോടെ ലത്തീന്‍ കുടുംബാംഗമായി. മേയര്‍ സ്ഥാനം ഭൂരിപക്ഷ സമുദായത്തിന് നല്‍കാനാണ് ധാരണയാകുന്നതെങ്കില്‍ സൗമിനി ജെയിന്‍ തന്നെയാകും പരിഗണിക്കപ്പെടുക.
ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് ഐ ഗ്രൂപ്പില്‍ നിന്നുള്ള ടി ജെ വിനോദിനും എ ഗ്രൂപ്പിലെ എ ബി സാബുവിനുമായിരിക്കും മുഖ്യപരിഗണന. ഇക്കാര്യങ്ങളിലെല്ലാം രണ്ട് ദിവസത്തിനകം വ്യക്തതയുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here