Connect with us

Editorial

തിരിച്ചടിയുടെ ആഴവും പരപ്പും

Published

|

Last Updated

ഭരണത്തുടര്‍ച്ചയെ കുറിച്ചുള്ള അടക്കംപറച്ചിലുകള്‍ക്കിടയില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പോരാട്ട വീര്യം പകരുന്നതാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ അവര്‍ നേടിയ തിളക്കമാര്‍ന്ന വിജയം. ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്കുകളിലും എല്‍ ഡി എഫ് വ്യക്തമായ ആധിപത്യം പുലര്‍ത്തിയപ്പോള്‍ നഗരസഭകളിലും ജില്ലാ പഞ്ചായത്തുകളിലും ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണെങ്കിലും മുന്‍തൂക്കം ഇടതിന് തന്നെ . ആറ് കോര്‍പറേഷനുകളില്‍ കൊല്ലത്തും കോഴിക്കോട്ടും എല്‍ ഡി എഫ് ഭരണത്തുടര്‍ച്ച നേടിയപ്പോള്‍ യു ഡി എഫിന് നിലനിര്‍ത്താനായത് കൊച്ചി മാത്രം. കണ്ണൂരില്‍ വിമതന്റെ പിന്തുണയോടെ യു ഡി എഫ് ഭരണത്തിനാണ് സാധ്യത. തിരുവനന്തപുരം കോര്‍പറേഷനില്‍ പ്രത്യേകിച്ചും മറ്റിടങ്ങളില്‍ സാന്നിധ്യമറിയിക്കുകയും വഴി ബി ജെ പി യുടെ മുന്നേറ്റവും കാണാതിരുന്നു കൂടാ. ഗ്രാമങ്ങളില്‍ അവര്‍ക്ക് കാര്യമായി കടന്നു കയറാനായില്ലെങ്കിലും നഗരപ്രദേശങ്ങളില്‍ അവര്‍ കരുത്തു കാട്ടുകയുണ്ടായി.
ഭരണവിരുദ്ധ വികാരത്തെ കുറിച്ചുള്ള സൂചനകളൊന്നും പ്രകടമായിരുന്നില്ലെങ്കിലും യു ഡി എഫ് നേതൃത്വത്തിന് ഓര്‍ക്കാപ്പുറത്തേറ്റ തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലം. അധികാരത്തിലേറുമ്പോള്‍ ഭദ്രമായ ഭൂരിപക്ഷമില്ലാതിരുന്ന യു ഡി എഫ് ഇടതു പാളയത്തില്‍ നിന്ന് ശെല്‍വരാജിനെ അടര്‍ത്തിയെടുത്ത് ഉപതിരഞ്ഞെടുപ്പില്‍ തുടങ്ങിയ ജൈത്രയാത്ര ആരോപണങ്ങളുടെ വേലിയേറ്റത്തിനിടയിലും പിറവത്തും ഏറ്റവും ഒടുവില്‍ അരുവിക്കരയിലും തുടര്‍ന്നെങ്കിലും മാസങ്ങള്‍ക്കകം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ വെച്ചാണ് തദ്ദേശ നാട്ടുവിധിയില്‍ കാലിടറിയത്.
വര്‍ഗീയതക്കും അഴിമതിക്കുമെതിരായ ഷോക്ക് ട്രീറ്റ്‌മെന്റായി ഈ തിരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തുന്നുണ്ട്. ദേശീയതലത്തില്‍ സംഘ്പരിവാര്‍ ശക്തികള്‍ നടത്തിയ അസഹിഷ്ണുതാ പ്രകടനങ്ങള്‍ ന്യൂനപക്ഷ വിഭാഗങ്ങളെ മാത്രമല്ല, ദളിതരെയും മതനിരപേക്ഷതയില്‍ വിശ്വസിക്കുന്ന സാമാന്യ ജനങ്ങളെയും വലിയ തോതില്‍ ആശങ്കയിലാഴ്ത്തിയ ഘട്ടത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. സാധാരണഗതിയില്‍ തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ ദേശീയ, സംസ്ഥാന വിഷയങ്ങള്‍ പ്രതിഫലിക്കാറില്ല. പക്ഷേ ഇത്തവണ ഇതായിരുന്നില്ല സ്ഥിതി. പശുവിറച്ചിയുടെ പേരില്‍ മനുഷ്യരെ കൊല്ലുകയും അത്തരം അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവരെ നിരന്തരം ആക്രമിക്കുകയും ചെയ്യുക വഴി ഭീതിദമായ അന്തരീക്ഷം നിലനില്‍ക്കുമ്പോള്‍ അത് താഴേതട്ടില്‍ വരെയെത്തിയെന്നതാണ് വസ്തുത. ഇക്കാര്യത്തില്‍ ഇടതുപക്ഷം ശക്തമായ നിലപാടെടുത്തത് അവര്‍ക്ക് അനുകൂലമായി ചിന്തിക്കാന്‍ മതനിരപേക്ഷതയില്‍ വിശ്വസിക്കുന്നവരെ, വിശിഷ്യാ ന്യൂനപക്ഷങ്ങളെ പ്രേരിപ്പിച്ചിട്ടുണ്ട്. ദേശീയതലത്തില്‍ തന്നെ വര്‍ഗീയതക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസിന് സംഭവിച്ച ഇടര്‍ച്ചകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. കേരളത്തിലും ഇത് പ്രസക്തമാണെന്ന് ഇന്നലത്തെ ഫലങ്ങള്‍ കാണിക്കുന്നു.
ബാര്‍ കോഴ വിഷയത്തില്‍ സര്‍ക്കാറും യു ഡി എഫും കൈക്കൊണ്ട നിലപാടും തിരഞ്ഞെടുപ്പ് വിധിയില്‍ പ്രതിഫലിച്ചുവെന്ന് ടി എന്‍ പ്രതാപന്‍ അടക്കമുള്ള ഒരു പറ്റം കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പറയുന്നു. കോഴ വിഷയത്തില്‍ കോടതിയില്‍ നിന്ന് തുടരെ പ്രഹരം ലഭിച്ചപ്പോഴും ധനമന്ത്രി കെ എം മാണിയെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശ്രമിച്ചത് സര്‍ക്കാറിന്റെ ഭാവിയോര്‍ത്താകാം. എന്നാല്‍ ഇത് ഇടതുമുന്നണിയുടെ പ്രചാരണങ്ങള്‍ക്ക് ശക്തി പകരുകയും അഴിമതിയുമായി സര്‍ക്കാര്‍ സന്ധിചെയ്യുന്നുവെന്ന നിലയിലെത്തിക്കുകയും ചെയ്തു. അരുവിക്കര തിരഞ്ഞെടുപ്പിലും ഈ വിഷയങ്ങളെല്ലാം ഇടതുപക്ഷം പ്രചാരണായുധമാക്കിയിരുന്നുവെങ്കിലും യു ഡി എഫും സര്‍ക്കാറും ഒറ്റക്കെട്ടായി മണ്ഡലത്തിലുടനീളം കണ്ണിലെണ്ണയൊഴിച്ച് പ്രവര്‍ത്തിച്ചതിനാല്‍ വിജയം കൊയ്യാനായെന്ന് മാത്രം. ഒപ്പം സാമുദായിക സമവാക്യങ്ങളും മുന്നണിക്കനുകൂലമായിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എസ് എന്‍ ഡി പി- ബി ജെപി കൂട്ടുകെട്ടിലെ ആപത്കരമായ ഭീഷണി മുന്നില്‍ കണ്ട് അസ്ത്രമെയ്തതിനാല്‍ അരുവിക്കരയിലേതു പോലെയുള്ള ചോര്‍ച്ച തടയാന്‍ എല്‍ ഡി എഫിനായി. ഈഴവ വോട്ടുകളുടെ നല്ലൊരു പങ്കും ഒപ്പം എന്‍ എസ് എസിന്റെ സമദൂരത്തിലെ ശരിദൂരവും ബി ജെ പിയെയാണ് തുണച്ചതെന്ന് ഫലം പരിശോധിച്ചാല്‍ വ്യക്തമാകും.
യു ഡി എഫിലെ അനൈക്യം അവരുടെ അടിതെറ്റിച്ചത് മലപ്പുറത്തും തൃശൂരിലും കണ്ണൂരിലുമെല്ലാം ഈ തിരഞ്ഞെടുപ്പില്‍ കണ്ടു. സൗഹൃദ മത്സരങ്ങളും കാലുവാരലും പരസ്പരം തോല്‍പ്പിക്കലും മാത്രമല്ല, വിചിത്രമായ സഖ്യങ്ങളും പിറന്നു. രണ്ട് ജില്ലകളിലാണ് ഇത് പ്രകടമായതെങ്കിലും ഇതിന്റെ അനുരണനങ്ങള്‍ മറ്റിടങ്ങളിലും പ്രതിഫലിക്കുകയുണ്ടായി. മലപ്പുറത്താണ് ഈ പ്രവണതകള്‍ ശക്തമായിരുന്നത്. പക്ഷേ ഇവിടെ മുസ്‌ലിം ലീഗിന് ഏറ്റ തിരിച്ചടിയെ അനൈക്യ പ്രവണതകളുടെ പ്രതിഫലനമായി മാത്രം കാണാനാകില്ല . സാമുദായിക സംഘടനകളെ പിണക്കിയതും അമിത ആത്മവിശ്വാസവും വിനയായെന്ന് ലീഗ് നേതൃത്വം തന്നെ തിരിച്ചറിയുന്നുണ്ട്. ഈ സാഹചര്യത്തില്‍ ആ പാര്‍ട്ടിക്ക് കൃത്യമായ ആത്മപരിശോധനക്കുള്ള അവസരമാണിത്.
തദ്ദേശ വിധിയുടെ ആഴവും പരപ്പും ഇനിയും മുന്നണികള്‍ വിശകലനം നടത്താനിരിക്കെ മാസങ്ങള്‍ പിന്നിട്ടു വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തിരുത്തലിനും ഭരണം മെച്ചപ്പെടുത്താനും സര്‍ക്കാറിന് ഇനിയും അവസരമുണ്ട്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചതു പോലെ തൊലിപ്പുറത്തുള്ള ചികിത്സ കൊണ്ടു കാര്യമില്ല, രോഗം അറിഞ്ഞു കൊണ്ട് ആഴത്തിലുള്ള ചികിത്സയാണാവശ്യം.
ഇന്ത്യക്കാകെ മാതൃകയായ ത്രിതല ഭരണ സംവിധാനമാണ് കേരളത്തിലേത്. പുതിയ ഭരണസമിതിയില്‍ നിന്നുള്ള പ്രവര്‍ത്തനങ്ങള്‍ ഈ യശസ്സുയര്‍ത്തിപ്പിടിക്കുന്ന വിധത്തിലാകട്ടെ. ഇതോടൊപ്പം നാടിന്റെ വികസനത്തിനും സമാധാനത്തിനും സഹവര്‍തിത്വത്തിനുമായി രാഷ്ട്രീയ ഭേദം മറന്ന് എല്ലാവരും ഒന്നിക്കുകയും വേണം.