ട്വന്റി ട്വന്റിക്ക് അട്ടിമറി വിജയം

Posted on: November 8, 2015 4:22 am | Last updated: November 7, 2015 at 11:24 pm
SHARE

unnamedകൊച്ചി: കേരള രാഷ്ട്രീയത്തിലെ ശ്രദ്ധേയമായ ഒരു അരാഷ്ട്രീയ പരീക്ഷണത്തിന്റെ അത്ഭുതപ്പെടുത്തുന്ന വിജയമാണ് എറണാകുളം ജില്ലയിലെ കിഴക്കമ്പലം സാക്ഷ്യം വഹിച്ചത്. ട്വന്റി ട്വന്റി എന്ന പേരില്‍ കിറ്റെക്‌സ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ സാബു എം ജേക്കബിന്റെ നേതൃത്വത്തില്‍ രൂപം നല്‍കിയ അരാഷ്ട്രീയ മുന്നണി ഇരു മുന്നണികളെയും എതിരില്ലാതെ അട്ടിമറിച്ചാണ് കിഴക്കമ്പലത്തിന്റെ ഭരണം പിടിച്ചിരിക്കുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് ഒരു വ്യവസായ സ്ഥാപനം നേതൃത്വം നല്‍കുന്ന മുന്നണി ഏതെങ്കിലുമൊരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ ഭരണം നേടുന്നത്. ആകെ 19 സീറ്റില്‍ ട്വന്റി ട്വന്റി മുന്നണി 17 ഇടത്താണ് വിജയം നേടിയത്. 17 സീറ്റിന്റെ മൃഗീയ ഭൂരിപക്ഷത്തില്‍ കിഴക്കമ്പലം പഞ്ചായത്ത് ഭരിച്ചിരുന്ന യു ഡി എഫിനും എല്‍ ഡി എഫിനും സ്വന്തമായി ഒരു സീറ്റു പോലും ലഭിച്ചില്ല. ഒരു വാര്‍ഡില്‍ യുഡിഎഫ് സ്വതന്ത്രനും മറ്റൊരു വാര്‍ഡില്‍ എസ്ഡിപിഐ സ്വതന്ത്രനുമാണ് വിജയിച്ചത്. മുന്‍ പഞ്ചായത്ത് പ്രസിഡണ്ടും യു ഡി എഫിന്റെ പ്രസിഡണ്ട് സ്ഥാനാര്‍ഥിയുമായ ഏലിയാസ് കാരിപ്ര വമ്പന്‍ മാര്‍ജിനില്‍ വിലങ്ങ് വാര്‍ഡില്‍ തോറ്റു. പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും 90 ശതമാനത്തിന് മുകളിലായിരുന്നു പോളിംഗ്. വിജയിച്ച ട്വന്റി ട്വന്റി സ്ഥാനാര്‍ഥികള്‍ക്കെല്ലാംവന്‍ ഭൂരിപക്ഷമുണ്ട്.
ഇരു മുന്നണികളെയും അക്ഷരാര്‍ഥത്തില്‍ നടുക്കുന്നതായി കിഴക്കമ്പലത്തെ കോര്‍പറേറ്റ് വിജയം. മലിനീകരണ പ്രശ്‌നം മുന്‍നിര്‍ത്തി യു ഡി എഫ് ഏതാനും വര്‍ഷങ്ങളായി കിറ്റെക്‌സ് കമ്പനിക്കെതിരെ നടത്തി വന്ന സമരങ്ങളും നിയമനടപടികളുമാണ് ട്വന്റി ട്വന്റി മുന്നണിയുടെ രൂപവത്കരണത്തിന് വഴിവെച്ചത്. കിഴക്കമ്പലത്തെ ജനങ്ങള്‍ക്ക് വേണ്ടി നിരവധി സേവന പദ്ധതികളുമായി കിറ്റെക്‌സ് കമ്പനി രംഗത്തുവന്നു. കുറഞ്ഞ വിലക്ക് അവശ്യസാധനങ്ങളുടെ വിതരണം, മദ്യവിരുദ്ധ സമരം, വിവിധ ജനകീയ ക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെയാണ് ട്വന്റി ട്വന്റി മുന്നണി ജനപിന്തുണ ആര്‍ജിച്ചത്. രണ്ട് വര്‍ഷം കൊണ്ട് ട്വന്റി ട്വന്റിയുടെ നേതൃത്വത്തില്‍ മണ്ഡലത്തിന് വേണ്ടി 28 കോടി രൂപയാണ് ചെലവഴിച്ചത്.
സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും മുന്‍കാല നേതാക്കള്‍ വരെ ട്വിന്റി-ട്വന്റിയുടെ ബാനറില്‍ സ്ഥാനാര്‍ഥികളായി. സംഘടനയുടെ കണ്‍വെന്‍ഷനുകളില്‍ കണ്ട അഭൂതപൂര്‍വമായ ജനക്കൂട്ടവും മുന്നണികളുടെ ഉറക്കം കെടുത്തി. കിറ്റെക്‌സ് കമ്പനിയുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ടില്‍ നിന്നുള്ള തുകയുപയോഗിച്ചാണ് ട്വന്റി ട്വന്റി പ്രവര്‍ത്തിക്കുന്നതെന്നും അതില്‍ പുതുമയില്ലെന്നും ഇത് ജനങ്ങളുടെ അവകാശമാണെന്നും ബോധ്യപ്പെടുത്തിയാണ് മുന്നണികള്‍ പ്രചാരണം നടത്തിയത്. എന്നാല്‍ കിഴക്കമ്പലം പഞ്ചായത്തിനെ 20 വര്‍ഷത്തിനകം ഇന്ത്യയിലെ തന്നെ മാതൃകാ പഞ്ചായത്താക്കുമെന്ന വാഗ്ദാനമാണ് ട്വന്റി ട്വന്റി ജനങ്ങള്‍ക്ക് മുന്നില്‍ വെച്ചത്. രാഷ്ട്രീയക്കാരുടെ ഒരിക്കലും നടക്കാത്ത വാഗ്ദാനങ്ങള്‍ കേട്ടു മടുത്ത ജനം ട്വന്റി ട്വന്റിയുടെ വാക്കുകള്‍ വിശ്വാസത്തിലെടുത്തുവെന്നാണ് ജനവിധി വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പില്‍ മുന്നോട്ടുവെച്ച വാഗ്ദാനം പാലിക്കുക തന്നെ ചെയ്യുമെന്ന് ട്വന്റി ട്വന്റിയുടെ ചീഫ് കോ ഓര്‍ഡിനേറ്ററായ കിറ്റെക്‌സ് എം ഡി സാബു എം ജേക്കബ് പറഞ്ഞു.