അനിവാര്യം, ആധികാരികം

Posted on: November 7, 2015 11:54 pm | Last updated: November 7, 2015 at 11:54 pm
SHARE

kkdഇടതു മുന്നണിക്ക് അനിവാര്യം തന്നെയായിരുന്നു ഇതു പോലൊരു വിജയം. 2009 മുതല്‍ മുന്നണിയെ വിജയം അനുഗ്രഹിച്ചിട്ടേയില്ല. ഉപ തിരഞ്ഞെടുപ്പുകളിലൊക്കെയും വിജയം യു ഡി എഫിനായിരുന്നു. ഏറ്റൊവുമൊടുവില്‍ അരുവിക്കരയിലും യു ഡി എഫ് ജയിച്ചതാണ്. ഇടുത് മുന്നണിക്ക് പ്രതീക്ഷയറ്റതു പോലയായി. അരുവിക്കരയുടെ തിളക്കത്തിലും കണക്കുകൂട്ടലുകളിലും പഞ്ചായത്തിലും വെന്നിക്കൊടി പാറിക്കാമെന്നുറപ്പിച്ച് ഗോദയിലിറങ്ങിയ ഉമ്മന്‍ ചാണ്ടിയും വി എം സുധീരനും രമേശ് ചെന്നിത്തലയും ഫലം കണ്ട് അന്തിച്ചുനില്‍ക്കുകയാണ്. യു ഡി എഫിന് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് കേരളം നല്‍കിയത്. അതാകട്ടെ, ഇടതു മുന്നണിക്ക് ആധികാരികമായ വിജയമായി. കാത്തു കാത്തിരുന്നു കൈപ്പിടിയിലൊതുക്കിയ വിജയം.
ഇതൊരു വലിയ വഴിക്കണക്കിനു പറ്റിയ തെറ്റുകൂടിയാണ്. അരുവിക്കര മാതൃകാ കേരളത്തിലെങ്ങും ഒരു പുതിയ സമവാക്യം കുറിക്കുമെന്നായിരുന്നു ബി ജെ പിയും എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കൂട്ടിയും കുറച്ചും കണ്ടെത്തിയത്. അരുവിക്കരയില്‍ ബി ജെ പി സ്ഥാനാര്‍ഥിയായ ഒ രാജഗോപാല്‍ നേടിയ വോട്ടും യു ഡി എഫ് സ്ഥാനാര്‍ഥി ശബരിനാഥന്‍ നേടിയ പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷവും കൂട്ടിച്ചേര്‍ത്ത രാഷ്ട്രീയ കണക്കായിരുന്നു ഇത്. എസ് എന്‍ ഡി പി യോഗത്തിന്റെ പിന്തുണയോടെയാണ് രാജഗോപാല്‍ ഇത്രക്കങ്ങ് വോട്ട് നേടിയതെന്ന് വെള്ളാപള്ളി വീമ്പുപറഞ്ഞു. ഈഴവ വോട്ട് ബി ജെ പിയിലേക്ക് തിരിഞ്ഞാല്‍ കേരളത്തിലെന്താകും സംഭവിക്കുക? സി പി എമ്മിന്റെ കാലിനിടയില്‍ നിന്ന് മണ്ണ് അടര്‍ന്നുപോകും. യു ഡി എഫ് ജയിച്ചുകയറും- വെള്ളാപ്പള്ളി സ്വപ്‌നം കണ്ടു. ഇടത് മുന്നണിയെ പ്രത്യേകിച്ച് സി പി എമ്മിനെ തോല്‍പ്പിച്ചാല്‍ പിന്നെ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ എളുപ്പമാണെന്ന് ബി ജെ പിയും കെണി കണ്ടു. പക്ഷേ, കേരള രാഷ്ട്രീയത്തിന്റെ സമവാക്യങ്ങള്‍ പൊളിച്ചെഴുതാനുള്ള അവകാശം ബി ജെ പിക്ക് തീറെഴുതിക്കൊടുക്കേണ്ടെന്ന് ജനം തീരുമാനിക്കുകയായിരുന്നു.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതു പക്ഷം തോറ്റാല്‍ കേരളത്തിന് അപകടമാകുമെന്നാണ് പൊതുസമൂഹം ചിന്തിച്ചത്. ഇടതു പക്ഷത്തോട് അത്ര ചേര്‍ച്ചയില്ലാതെ നിന്നിരുന്ന മതന്യൂനപക്ഷങ്ങളും ആ വഴിക്ക് ചിന്തിക്കാന്‍ തുടങ്ങി. ബീഫ് വിവാദം മുതല്‍ സംഘ്പരിവാര്‍ സംഘടനകള്‍ അഴിച്ചുവിട്ട വിവാദങ്ങളും ക്രിസ്ത്യന്‍- മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയില്‍ ആശങ്ക വളര്‍ത്തി. ഇടതുപക്ഷം പരാജയപ്പെട്ടാല്‍ തങ്ങളുടെ സ്വാതന്ത്ര്യവും ഭാവിയും അപകടത്തിലാകുമെന്ന് അവര്‍ അടക്കം പറഞ്ഞു. ഈ വഴിക്ക് നേരിയൊരു ചലനമുണ്ടായിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നുണ്ട്. ഉമ്മന്‍ ചാണ്ടി നയിക്കുന്ന കോണ്‍ഗ്രസും ലീഗും ഉള്‍പ്പെടുന്ന ഐക്യ ജനാധിപത്യ മുന്നണിക്കെതിരെ വോട്ട് ചെയ്യാന്‍ ക്രസ്ത്യന്‍- മുസ്‌ലിം സമുദായങ്ങളില്‍ ചെറിയ വിഭാഗമെങ്കിലും തയ്യാറായി എന്നത് വ്യക്തം.
ഇനിയിപ്പോള്‍ യു ഡി എഫ് എന്ത് ചെയ്യും? കോണ്‍ഗ്രസ് എന്ത് ചെയ്യും? എല്ലാറ്റിനുമുപരി കെ എം മാണി എന്ത് ചെയ്യും?. പാലാ മുന്‍സിപ്പാലിറ്റി യു ഡി എഫ് പിടിച്ചതിന്റെ ലഹരിയിലാണ് മാണി. പക്ഷേ, കോണ്‍ഗ്രസ് നേതൃത്വമോ? രാജ്യത്തെ അവശേഷിക്കുന്ന ചുരുക്കം കരുത്തുകളിലൊന്നാണ് കേരളം. ഇവിടെ കോണ്‍ഗ്രസ് ശക്തമായി നില കൊള്ളുന്നത് ഹൈക്കമാന്‍ഡിന്റെ പിടിപ്പ് കൊണ്ടൊന്നുമല്ല. കോണ്‍ഗ്രസിന് സ്വന്തമായി വ്യക്തിത്വമുള്ള നേതാക്കള്‍ ഉള്ളത് കൊണ്ടാണ്. ഈ നേതാക്കള്‍ കെ എം മാണിയുടെ കാര്യത്തില്‍ എന്തെങ്കിലും പറയാന്‍ തുടങ്ങിയാല്‍ കോണ്‍ഗ്രസില്‍ സംഘര്‍ഷമുണ്ടാകും. അത് മുന്നണിയിലേക്ക് വളരും.
സി പി എമ്മിലാകട്ടെ, വി എസ് അച്യുതാനന്ദന്‍ പുതിയ വീര പുരുഷനായിരിക്കുകയാണ്. വെള്ളാപ്പള്ളിയെ ചുരുട്ടിക്കൂട്ടിയ വീരനായകന്‍. അദ്ദേഹത്തെ ഇഷ്ടപെടാത്തവരാണ് പാര്‍ട്ടിയുടെ തലപ്പത്തുള്ളവര്‍. പക്ഷേ, നിവൃത്തിയില്ല. അത്ഭുതം കാട്ടണമെങ്കില്‍ വി എസ് തന്നെ വരണം.
ഒരു കാര്യം കൂടി. കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ്, കോരള കോണ്‍ഗ്രസ് എന്നിങ്ങനെ പാര്‍ട്ടികളേറെയുണ്ട് യു ഡി എഫില്‍. ഇടതു മുന്നണിയിലാകട്ടെ സി പി ഐയും സി പി എമ്മും മാത്രം. ഈ തിരഞ്ഞെടുപ്പ് ഫലം സി പി എമ്മിന്റെ മാത്രം നേട്ടമാണെന്നാണ് ഏറ്റവും വലിയ സത്യം. കേരളീയരുടെ ജനാധിപത്യബോധവും മതേതര നിലപാടും സ് പി എമ്മിനു മുമ്പില്‍ സമര്‍പ്പിച്ച മനോഹരമായ വിജയം.

LEAVE A REPLY

Please enter your comment!
Please enter your name here