Connect with us

Kerala

എ കെ ജി സെന്റര്‍ സി പി എം തിരിച്ചുപിടിച്ചു; ഇന്ദിരാഭവന്‍ കോണ്‍ഗ്രസിനെ കൈവിട്ടു

Published

|

Last Updated

തിരുവനന്തപുരം: എ കെ ജി സെന്ററും എം എന്‍ സ്മാരകവും തിരിച്ചുപിടിച്ച് ഇടതുമുന്നണി, ഇന്ദിരാഭവന്‍ നഷ്ടപ്പെടുത്തി കോണ്‍ഗ്രസ്, അപ്രതീക്ഷിത വിജയത്തിലും മാരാര്‍ജി ഭവന്‍ നേടാനാകാതെ ബി ജെ പി. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫോട്ടോ ഫിനിഷിംഗില്‍ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളില്‍ ആസ്ഥാനം നിലനിലനിര്‍ത്താനായത് ഇടതുമുന്നണിക്ക് മാത്രം. ബി ജെ പിക്കും കോണ്‍ഗ്രസിനും പാര്‍ട്ടി ആസ്ഥാനങ്ങള്‍ ഉള്‍പ്പെട്ട വാര്‍ഡുകളുടെ ഭരണം പിടിച്ചെടുക്കാനായില്ലെന്ന് മാത്രമല്ല ഇവിടങ്ങളിലും വിജയം ഇടതിനൊപ്പം പോയി.
എ കെ ജി സെന്റര്‍ ഉള്‍പ്പെട്ട കുന്നുകുഴി വാര്‍ഡിന്റെ ഭരണം പിടിച്ചെടുക്കുക സി പി എമ്മിന്റെ അഭിമാന പ്രശ്‌നം കൂടിയായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മൂന്ന് വോട്ടെന്ന നിസ്സാര ഭൂരിപക്ഷത്തിന്റെ വ്യത്യാസത്തിലാണ് വാര്‍ഡ് നഷ്ടപ്പെട്ടത്. ഇത്തവണ ഏത് വിധേനെയും വാര്‍ഡ് പിടിച്ചെടുക്കാന്‍ സി പി എം സര്‍വ സമ്മതനും പരിചിതനുമായ ഐ പി ബിനുവിനെയാണ് പോരിനിറക്കിയത്.
അതേസമയം തിരഞ്ഞെടുപ്പില്‍ യു ഡി എഫിനേറ്റ കനത്ത പരാജയത്തിനിടയില്‍ പാര്‍ട്ടി ആസ്ഥാനമായ ഇന്ദിരാ ഭവന്‍ ഉള്‍പ്പെട്ട ശാസ്തമംഗലം വാര്‍ഡും നഷ്ടമായി. കഴിഞ്ഞ തവണ കോണ്‍ഗ്രസിന്റെ ഗോപന്‍ വിജയിച്ച വാര്‍ഡ് ഇക്കുറി പിന്തുണച്ചത് ഇടതിനെയാണ്. സി പി എമ്മിന്റെ ബിന്ദു ശ്രീകുമാറാണ് ഇവിടെ വിജയിച്ചത്. ടി വി അവതാരക കൂടിയായ അഡ്വ. വീണാ നായരെ വലിയ പ്രതീക്ഷയോടെയാണ് കോണ്‍ഗ്രസ് കളത്തിലിറക്കിയത്.
സി പി ഐ ആസ്ഥാനമായ എം എന്‍ സ്മാരകം ഉള്‍പ്പെട്ട തൈക്കാട് വാര്‍ഡിലും ഇക്കുറി ഇടതുമുന്നണിക്ക് തന്നെയാണ് വിജയം. കഴിഞ്ഞതവണ കോണ്‍ഗ്രസിലെ ജി മാധവദാസിനെ പിന്തുണച്ച വാര്‍ഡ് ഇത്തവണ ഇടതിനൊപ്പം നില്‍ക്കുകയാണ്. ഇവിടെ വിജയിച്ച വിദ്യാമോഹന്‍ എല്‍ ഡി എഫിന്റെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയാണെന്ന പ്രത്യേകതയുമുണ്ട്. 21കാരിയായ വിദ്യ ബി എസ് സി ഇലക്‌ട്രോണിക്‌സ് ബിരുദധാരിയാണ്.
ബി ജെ പി ആസ്ഥാനമായ എം എന്‍ സ്മാരകവും സ്ഥിതി ചെയ്യുന്നത് തൈക്കാട് വാര്‍ഡിലാണ്. ജില്ലയില്‍ ബി ജെ പിക്ക് അപ്രതീക്ഷിതമായ മികച്ച വിജയം കൈവരിക്കാനായെങ്കിലും ആസ്ഥാനം സ്ഥിതി ചെയ്യുന്ന വാര്‍ഡിന്റെ ഭരണം കൈക്കലാക്കാനായില്ലെന്നത് അഭിമാനക്ഷതം തന്നെയാണ്. ടി ശ്രീലത ആയിരുന്നു വാര്‍ഡിലെ ബി ജെ പി സ്ഥാനാര്‍ഥി.
കെ പി സി സി പ്രസിഡന്റ് വി എം സുധീരന്റെ വാര്‍ഡായ കുന്നുകുഴിയില്‍ എല്‍ ഡി എഫിനാണ് വിജയം. ബി ജെ പി നേതാവ് ഒ രാജഗോപാലിന്റെ വാര്‍ഡായ പേരൂര്‍ക്കടയില്‍ വിജയം എല്‍ ഡി എഫിനൊപ്പമാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മണ്ഡലമായ ജഗതിയിലും വിജയം വിജയം കോണ്‍ഗ്രസിനെ പിന്തുണച്ചില്ല. ഇവിടെ ബി ജെ പി സ്ഥാനാര്‍ഥി ഷീജാ മധുവിനാണ് വിജയം.

Latest