പ്രധാനമന്ത്രിയുടെ ഭാര്യ യശോദയുടെ വിദേശ യാത്രക്കുള്ള അനുമതി തള്ളി

Posted on: November 7, 2015 10:50 pm | Last updated: November 7, 2015 at 10:50 pm

yashoda benഅഹ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അകന്ന് കഴിയുന്ന ഭാര്യ യശോദാ ബെന്നിന് തന്റെ ബന്ധുക്കളെ കാണാന്‍ വിദേശ യാത്രക്ക് അനുമതിയില്ല. പാസ്‌പോര്‍ട്ടിനുള്ള അപേക്ഷ അപൂര്‍ണമാണെന്ന് കാണിച്ച് ഗുജറാത്തിലെ റീജ്യനല്‍ പാസ്‌പോര്‍ട്ട് ഓഫീസ് തള്ളിയിരിക്കുകയാണ്. യശോദാ ബെന്നിന് വിവാഹ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തത് കൊണ്ടും ഭര്‍ത്താവിന്റെ സംയുക്ത സത്യവാങ്മൂലം ഇല്ലാത്തത് കൊണ്ടും അപേക്ഷ തള്ളുകയായിരുന്നുവെന്ന് പാസ്‌പോര്‍ട്ട് ഓഫീസര്‍ ഇസഡ് എ ഖാന്‍ പറഞ്ഞു. പാസ്‌പോര്‍ട്ട് ലഭിക്കാന്‍ ഇവയില്‍ ഏതെങ്കിലുമൊന്ന് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
വിദേശത്തുള്ള കുടുംബ സുഹൃത്തുക്കളെയും ബന്ധുക്കളെയും കാണാന്‍ വേണ്ടിയാണ് യശോദാ ബെന്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചത്. എന്നാല്‍ അപേക്ഷ തള്ളുകയായിരുന്നുവെന്ന് യശോദയുടെ സഹോദരന്‍ അശോക് മോദി പറഞ്ഞു. പാസ്‌പോര്‍ട്ട് ലഭിക്കുക എല്ലാ പൗരന്മാരുടെയും അവകാശമാണെന്നും അതിനായി നിയമ പോരാട്ടം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
തനിക്ക് സുരക്ഷ ഒരുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിനെ കുറിച്ച് വിവരാവകാശ നിയമ പ്രകാരം നല്‍കിയ യശോദയുടെ അപേക്ഷ നിരസിച്ചത് വലിയ വാര്‍ത്തയായിരുന്നു. സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിവരാവകാശ നിയമത്തിന് കീഴില്‍ വരില്ലെന്ന് കാണിച്ചാണ് അന്ന് അത് നിരസിച്ചത്.
കഴിഞ്ഞ വര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികയില്‍ യശോദാ ബെന്‍ തന്റെ ഭാര്യയാണെന്ന് മോദി രേഖപ്പെടുത്തിയിരുന്നു. പിന്നീട് പ്രധാനമന്ത്രിയായി അധികാരമേറ്റതോടെ യശോദക്കും എസ് പി ജി പ്രത്യേക സുരക്ഷ ഒരുക്കിയിരുന്നു. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് അവര്‍ രംഗത്ത് വരികയായിരുന്നു. വിരമിച്ച സ്‌കൂള്‍ അധ്യാപികയായ യശോദ വടക്കന്‍ ഗുജറാത്തില്‍ സഹോദരനോടൊപ്പമാണ് കഴിയുന്നത്.