Connect with us

Kerala

ചേളാരികള്‍ കൊതിച്ചത് നടന്നില്ല; കരുവാരക്കുണ്ടില്‍ വിധിച്ചത് നടന്നു

Published

|

Last Updated

ടിപി അഷ്റഫലി

ടിപി അഷ്റഫലി

മലപ്പുറം: ചേളാരി വിഭാഗം തോല്‍പ്പിക്കാന്‍ ആഹ്വാനം ചെയ്ത മലപ്പുറം കരുവാരക്കുണ്ട് ജില്ലാപഞ്ചായത്ത് ഡിവിഷനിലെ യു ഡി എഫ് സ്ഥാനാര്‍ഥി ടി പി അഷ്‌റഫലിക്ക് ഉജ്ജ്വല വിജയം. രണ്ടായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അഷ്‌റഫലി എതിര്‍ സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ചത്. ചേളാരി സമസ്തയുടെ നിലപാടുകളോട് വിയോജിപ്പ് പ്രകടിപ്പിച്ച അഷ്‌റഫലിയെ പരാജയപ്പെടുത്താന്‍ നേതാക്കളും അണികളും ഒളിഞ്ഞും തെളിഞ്ഞും നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഇതോടെ ജലരേഖയായി. അഷ്റഫലിയുടെ വിജയത്തോടെ ചേളാരി വിഭാഗത്തിന് ലീഗിലുണ്ടായിരുന്ന സമ്മര്‍ദശക്തിക്ക് കൂടിയാണ് തിരിച്ചടിയേറ്റത്.

അഷ്‌റഫലിയെ തോല്‍പ്പിക്കാന്‍ ആഹ്വാനം ചെയ്ത് പരസ്യമായി യോഗം വിളിച്ച ഹമീദ് ഫൈസി അമ്പലക്കടവിനെ ചേളാരി എസ് വൈ എസിന്റെ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ഹമീദ് ഫൈസിയുടെ നേതൃത്വത്തില്‍ നടത്തിയ നീക്കത്തിനെതിരെ മുസ്‌ലിം ലിഗ് നേതൃത്വം ശക്തമായി പ്രതികരിച്ചതോടെയാണ് അദ്ദേഹത്തെ നീക്കാന്‍ ചേളാരി സമസ്ത നേതാക്കള്‍ നിര്‍ബന്ധിതരായത്.

പെണ്‍കുട്ടികളുടെ വിവാഹപ്രായ വിഷയത്തില്‍ ചേളാരി വിഭാഗത്തിന്റെ നിലപാടിനെതിര ശക്തമായി പ്രതികരിച്ചതോടെയാണ് അഷ്‌റഫലി അവരുടെ കണ്ണിലെ കരടായത്. ഒടുവില്‍ അഷ്‌റഫലിയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ മാപ്പ് പറഞ്ഞില്ലെങ്കില്‍ പരാജയപ്പെടുത്തുമെന്ന ഭീഷണിയുമായി ചേളാരി യുവനേതാക്കള്‍ രംഗത്ത് വരികയായിരുന്നു. മാപ്പ് അപേക്ഷിച്ച് ചേളാരി വിഭാഗം ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ് ലിയാര്‍ക്ക് കത്ത് നല്‍കണമെന്നായിരുന്നു യുവ നേതാക്കളുടെ ആവശ്യം. സമ്മദര്‍ദത്തിന് വഴങ്ങി അഷ്‌റഫലി കത്ത് നല്‍കിയെങ്കിലും അതില്‍ മാപ്പപേക്ഷ ഉണ്ടായിരുന്നില്ല. കത്ത് നല്‍കിയതറിഞ്ഞ് അഷ്‌റഫലിയെ വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി ഫേസ്ബുക്ക് പോസ്റ്റിട്ടു. എന്നാല്‍ കത്തില്‍ മാപ്പപേക്ഷ ഇല്ല എന്ന് തിരിച്ചറിഞ്ഞതോടെ മുന്‍ പോസ്റ്റ് പിന്‍വലിച്ച ഓണംപിള്ളി അഷ്‌റഫലിക്കെതിരെ മറ്റൊരു പോസ്റ്റ് ഇടുകയായിരുന്നു. കൊതിച്ചത് നടന്നില്ലെങ്കില്‍ വിധിച്ചത് നടക്കട്ടെ എന്നായിരുന്നു പോസ്റ്റ്. ഇതിന്റെ തുടര്‍ച്ചയായാണ് ഹമീദ് ഫൈസിയുടെയും ഓണംപിള്ളിയുടെയും നേതൃത്വത്തില്‍ കരുവാരക്കുണ്ടില്‍ പരസ്യയോഗം വിളിച്ച് അഷ്‌റഫലിയെ തോല്‍പ്പിക്കാന്‍ ആഹ്വാനം ചെയ്തത്.

എഡിറ്റർ ഇൻ ചാർജ്, സിറാജ്‍ലെെവ്. 2003ൽ പ്രാദേശിക ലേഖകനായി സിറാജ് ദിനപത്രത്തിൽ പത്രപ്രവർത്തനം തുടങ്ങി. 2006 മുതൽ കോഴിക്കോട് ഡെസ്കിൽ സബ് എഡിറ്റർ. 2010ൽ മലപ്പുറം യൂണിറ്റ് ചീഫായി സേവനമനുഷ്ടിച്ചു. 2012 മുതൽ സിറാജ്‍ലെെവിൽ എഡിറ്റർ ഇൻ ചാർജായി പ്രവർത്തിച്ചുവരുന്നു.

Latest