കരുത്ത് തെളിയിച്ച് പിസി ജോര്‍ജ്

Posted on: November 7, 2015 1:12 pm | Last updated: November 7, 2015 at 11:32 pm
SHARE

pc georgeകോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള അഗ്‌നിപരീക്ഷ വിജയിച്ച സന്തോഷത്തിലാണ് പി സി ജോര്‍ജ്. ഒരുപക്ഷേ, തിരഞ്ഞെടുപ്പ് ഫലം പ്രതികൂലമായിരുന്നെങ്കില്‍ ജോര്‍ജിന്റെ രാഷ്ട്രീയ ഭാവി തന്നെ പൊതുമധ്യത്തില്‍ ചോദ്യം ചെയ്യപ്പെടുമായിരുന്നു. ഇത്രകണ്ട് വലിയ രാഷ്ട്രീയ പരീക്ഷണഘട്ടം നീന്തിക്കയറാന്‍ ഈരാറ്റുപേട്ടയിലെയും പൂഞ്ഞാറിലെയും വോട്ടര്‍മാര്‍ കൈവിട്ടില്ലെന്ന ന്യായീകരണവും ജോര്‍ജിന് എതിരാളികള്‍ക്ക് മുന്നില്‍ ഇനി അവകാശപ്പെടാം. എല്‍ ഡി എഫ് നേതൃത്വം പോലും പ്രതീക്ഷിക്കാത്ത വിജയമാണ് ജോര്‍ജിനും കേരള കോണ്‍ഗ്രസ് സെക്യുലറിനുമുണ്ടായിരിക്കുന്നത്. പുതുതായ രൂപവത്കരിച്ച ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റിയില്‍ മുസ്‌ലിം ലീഗിന്റെ ദശാബ്ദങ്ങളായുള്ള കുത്തക അട്ടിമറിച്ചാണ് എല്‍ ഡി എഫ് ഇവിടെ ഭരണം പിടിച്ചെടുത്തത്. ജില്ലാ പഞ്ചായത്ത് പൂഞ്ഞാര്‍ ഡിവിഷനില്‍ നിലവിലെ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയുമായ നിര്‍മല ജിമ്മിയെ പരാജയപ്പെടുത്തി കേരള കോണ്‍ഗ്രസ് സെക്യുലര്‍ സ്ഥാനാര്‍ഥി ലിസി സെബാസ്റ്റ്യന്റെ വിജയം യു ഡി എഫ് കേന്ദ്രങ്ങളെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. കെ എം മാണിയുടെ പാലാ നിയോജക മണ്ഡലം ഉള്‍പ്പെടുന്ന പഞ്ചായത്തുകള്‍ ഉള്‍പ്പെട്ട പൂഞ്ഞാര്‍ ഡിവിഷനില്‍ നേടിയ അട്ടിമറി വിജയം നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിയ വേളയില്‍ കെ എം മാണിയെയും അസ്വസ്ഥനാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ സ്വന്തം സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടി കേരള കോണ്‍ഗ്രസ് മാണി വിഭാഗം കൂറുമാറ്റ നിരോധന നിയമപ്രകാരം ജോര്‍ജിനെതിരെ നിയമസഭാ സ്പീക്കര്‍ക്ക് നല്‍കിയ പരാതി സംബന്ധിച്ച വിധി വരാനിരിക്കെയാണ് ജോര്‍ജിന്റെ തട്ടകത്തില്‍ കേരള കോണ്‍ഗ്രസ് സെക്യുലര്‍ തേരോട്ടം നടത്തിയിരിക്കുന്നത്. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് കേരള കോണ്‍ഗ്രസ് സെക്യുലര്‍ സ്ഥാനാര്‍ഥികളുടെ വിജയം എം എല്‍ എ സ്ഥാനം രാജിവെക്കുന്നത് അടക്കമുള്ള നിര്‍ണായക തീരുമാനങ്ങളിലേക്ക് കടക്കാന്‍ പി സി ജോര്‍ജിന് കരുത്തുപകരുന്ന ഘടകങ്ങളാണ്. ഇന്ന് കോട്ടയത്ത് ചേരുന്ന കേരള കോണ്‍ഗ്രസ് സെക്യുലര്‍ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ എം എല്‍ എ സ്ഥാനം രാജിവെക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്ന് ജോര്‍ജ് അറിയിച്ചിട്ടുണ്ട്. എല്‍ ഡി എഫുമായി പ്രാദേശിക തലങ്ങളില്‍ തിരഞ്ഞെടുപ്പ് ധാരണകള്‍ ഉണ്ടാക്കിയാണ് കേരള കോണ്‍ഗ്രസ് സെക്യുലര്‍ ഈ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്.