ഈസിഹീല്‍: ശാസ്ത്ര മേളയില്‍ ശ്രദ്ധേയമായി കല്ലോടി സെന്റ് ജോസഫ്‌സ് സ്‌കൂള്‍

Posted on: November 7, 2015 7:59 am | Last updated: November 7, 2015 at 7:59 am
SHARE

മാനന്തവാടി: ആരോഗ്യ സംരക്ഷണത്തോടൊപ്പം മനുഷ്യ ഊര്‍ജ്ജം പാഴായി പോകാതെ മറ്റു മേഖലകളിലേക്ക് കൂടി ഉപയോഗപ്പെടുത്താന്‍ കഴിയുന്ന രീതിയില്‍ കല്ലോടി സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ നിര്‍മിച്ച ഈസിഹീല്‍ ഉപജില്ലാ ശാസ്ത്ര മേളയില്‍ ഏറെ ശ്രദ്ധേയമായി. ആരോഗ്യ സംരക്ഷണത്തിനായി ഹെല്‍ത്ത് ക്ലബ്, ജിംനേഷ്യം എന്നിവിടങ്ങളിലേക്കെത്തുമ്പോള്‍ മനുഷ്യ ഊര്‍ജ്ജം ഇവിടെ പാഴായി പോവുകയാണ്. എന്നാല്‍ ഉത്തോലക തത്വത്തിലൂടെ മനുഷ്യ ഊര്‍ജം വൈദ്യുതിയാക്കി മാറ്റാവുന്ന ഉപകരണമാണ് പഴയ സൈക്കിളിന്റെ ചില ഭാഗങ്ങള്‍ ഡൈനാമോ എന്നിവയാണ് ഉപകരണത്തില്‍ പ്രധാനമായും ഉപയോഗിച്ചിട്ടുള്ളത്. ഉത്പ്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിശേഖരിച്ച് വെക്കാനായി ബാറ്ററിയും ഇതില്‍ ഘടിപ്പിച്ചിട്ടുണ്ട്. ആരോഗ്യ സംരക്ഷണത്തോടൊപ്പം വൈദ്യുതി ഉത്പ്പാദിപ്പിച്ച് തങ്ങളുടെ മറ്റു ആവശ്യങ്ങള്‍ക്ക് കൂടി ഉപയോഗപ്പെടുത്തുകയാണ് ഇതിന്റെ പ്രധാന ഉദ്ദേശമെന്ന് വിദ്യാര്‍ഥികളായ ആശിഷ് ഗര്‍വാസിസ്സ, മണികണ്ഠന്‍, വിശ്വനാഥന്‍ എന്നിവര്‍ പറഞ്ഞു. നാലായിരം രൂപ മാത്രമാണ് ഇവര്‍ക്ക് ആകോ ചെലവ് വന്നത്. ഉപയോഗ ശൂന്യമായ പാഴ് വസ്തുക്കളില്‍ നിന്ന് ആരോഗ്യ സംരക്ഷണം ഉറപ്പ് വരുത്തുക, മാലിന്യം, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍, പാര്‍ശ്വഫലങ്ങള്‍ ഇല്ലാതെ ആരോഗ്യ സംരക്ഷണം, വ്യായാമം, കൊളസ്‌ട്രോള്‍, കുടവയര്‍,പ്രമേഹം, അമിത വണ്ണം എന്നിവ നിയന്ത്രിക്കുക, ഏത് കാലാവസ്ഥയിലും ഏത് സാഹചര്യത്തിലും ചുരുങ്ങിയ സ്ഥലപരിമിതികളില്‍ ഉപയോഗിക്കാന്‍ കഴിയുക എന്നിവയിലാണ് ഈസി ഹീലിന്റെ പ്രധാന ഗുണങ്ങള്‍. ശരീരത്തിന്റെ എല്ലാ അവയവങ്ങള്‍ക്കും വ്യായാമവും ഉപകരണത്തിലൂടെ ലഭിക്കുന്നുണ്ട്. 12,000ത്തോളം രൂപ ചെലവ് വരുന്ന ഉപകരണമാണ് വിദ്യാര്‍ഥികള്‍ നാലായിരം രൂപ ചെലവില്‍ നിര്‍മിച്ചത്. ഹയര്‍ സെക്കന്‍ഡറി വിഭാഗം പ്രവര്‍ത്തി പരിചയ മേളയിലാണ് ഈ ഉപകരണം മത്സരത്തിനായി പ്രദര്‍ശിപ്പിച്ചത്.