Connect with us

Wayanad

പഠനഭാരം ലഘൂകരിച്ച് പച്ചിലക്കാട് യതി സ്‌കൂള്‍ ശ്രദ്ധേയമാകുന്നു

Published

|

Last Updated

കല്‍പ്പറ്റ: മറ്റു സ്‌കൂളുകള്‍ക്ക് മാതൃകയായി കുട്ടികള്‍ പഠിക്കുന്ന പാഠഭാഗങ്ങളുടെ പഠനഭാരം ലഘൂകരിച്ച് പച്ചിലക്കാട് യതി സ്‌കൂള്‍ ശ്രദ്ധേയമാകുന്നു. കഴിഞ്ഞ രണ്ട്് വര്‍ഷമായി കൊണ്ടുവന്ന പരിഷക്കാരം വിജയമാണെന്നും അധികൃതര്‍ അവകാശപ്പെടുന്നു. സാധാരണ എല്‍ കെ ജി ക്ലാസ്സില്‍ പഠിക്കുന്ന ഒരു കുട്ടിയുടെ ബാഗ് ഭാരം രണ്ടര കിലോയോ അതിലധികമോ ആകുമ്പോള്‍ യതി സ്‌കൂളിലെ കുട്ടികളുടെ ബാഗിന്റെ മൊത്ത ഭാരം ഒരു കിലോഗ്രാമില്‍ താഴെയാണ്.
ഭാരം കുറയുന്നതിനും പഠനം എളുപ്പമാകുന്നതിനുമായി അതാതു ദിവസത്തെ പാഠഭാഗങ്ങള്‍ വര്‍ക്ക് ഷീറ്റ് രൂപത്തിലാക്കി കുട്ടികള്‍ക്ക് കൊടുക്കുന്നു. ഐ സി എസ് ഇ സിലബസ് പ്രകാരം അധ്യാപകര്‍ തന്നെ പ്രത്യേകം തയ്യാറാക്കുന്ന വര്‍ക്ക് ഷീറ്റുകള്‍ കുട്ടികള്‍ക്ക് എളുപ്പം ഗ്രഹിക്കാന്‍ സാധിക്കുന്ന വിധത്തിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഈ വര്‍ക്ക് ഷീറ്റുകള്‍ പ്രത്യേകം ഫയലുകളില്‍ ഓരോ ദിവസവും വീടുകളിലേക്ക് കൊടുത്തു വിടുന്നു.പ്രത്യേകം തീയതിയിട്ടു കൊടുക്കുന്നതിനാല്‍ രക്ഷിതാക്കള്‍ക്ക് അവ വീടുകളില്‍ സൂക്ഷിച്ചുവെക്കുന്നതിനും പിന്നീടുള്ള ആവര്‍ത്തന പഠനത്തിന് ഉപയോഗിക്കാനും സാധിക്കും. വര്‍ക്ക് ഷീറ്റുകളുടെ ഉപയോഗത്തിലൂടെ പുസ്തകങ്ങള്‍ പലതും കുട്ടികള്‍ക്ക് ഉപയോഗിക്കേണ്ടി വരുന്നില്ല. അങ്ങനെ ചുമട് ഭാരം കുറ്ക്കുന്നതിന് സാധിച്ചിരിക്കുന്നു.
കൂടാതെ രക്ഷിതാക്കള്‍ക്ക് വര്‍ക്ക് ഷീറ്റുകള്‍ നോക്കി കുട്ടികളുടെ പഠന നിലവാരം വിലയിരുത്താനും സാധിക്കും. ടീച്ചേഴ്‌സിന് ജോലി ഭാരം വര്‍ധിപ്പിക്കുന്ന രീതിയാണിതെങ്കിലും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഏറെ പ്രയോജന പ്രദമാണിത്. രണ്ടാം ക്ലാസ് വരെ പരീക്ഷിച്ച് വിജയകാരമാണെന്ന് കണ്ടെത്തിയതിനാല്‍ മുതിര്‍ന്ന ക്ലാസുകളിലേക്ക് കൂടി ഈ രീതി അടുത്ത വര്‍ഷം നടപ്പാക്കാനാണ് ഉദേശിക്കുന്നത്.കേരളത്തിലെ മുഴുവന്‍ സ്‌കൂളുകളിലും ഇതൊരു പ്രത്യേക പദ്ധതിയാക്കി ഗവണ്‍മെന്റ് നടപ്പാക്കിയാല്‍ കുട്ടികളുടെ ശാരീരിക മാനസിക പിരിമുറക്കങ്ങള്‍ ഒരളവു വരെ കുറ്ക്കുന്നതിന് സാധിക്കും.
വിദ്യാഭ്യാസ രംഗത്ത് പല പരീക്ഷണങ്ങളും വിജയകരമായി നടപ്പാക്കിയിട്ടുള്ള യതി സ്‌കൂള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനുള്ള കഴിവ് കുട്ടികളില്‍ വളര്‍ത്തുന്നതിന് മാജിക്ക് അടക്കമുള്ള കലകളെ വിജയകരമായി ഉപയോഗിക്കുന്ന ഇന്ത്യയിലെ തന്നെ അപൂര്‍വം സ്‌കൂളുകളില്‍ ഒന്നാണ്.
കുട്ടികളുടെ മാജിക്ക് ഗ്രൂപ്പ് സ്വന്തമായുള്ള ഇന്ത്യയിലെ ഏക സ്‌കൂള്‍ എന്നതിനു പുറമേ ഇവിടെ കളരി, കരാട്ടെ, ചെണ്ട മേളം , ഡാന്‍സ്, ഓട്ടം തുള്ളല്‍, മ്യൂസിക്കല്‍ ഉപകരണങ്ങളായ വയലിന്‍, ഗിത്താര്‍, കീ ബോര്‍ഡ് തുടങ്ങിയ എല്ലാ കലകളും പഠിക്കുന്നതിനുള്ള അവസരം ഒരുക്കിയിരിക്കുന്നു. കലകളുടെ പോഷണത്തോടൊപ്പം കുട്ടികളുടെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് വര്‍ധിപ്പിക്കുന്നതിനും അങ്ങനെ പഠനത്തില്‍ മികവ് വര്‍ധിപ്പിക്കതുന്നതിനും സാധിക്കുമെന്ന് കണ്ടെത്തിയതിനാലാണ് പാഠ്യേതര വിഷയങ്ങള്‍ക്കും പ്രധാന്യം നല്‍കിയിട്ടുള്ളത്.
യാഗ സ്ഥല എജ്യൂക്കേഷണല്‍ ട്രസ്റ്റ് ഓഫ് ഇന്ത്യ (യതി ട്രസ്റ്റ്) എന്ന ട്രസ്റ്റിനു കീഴിലുള്ള ഈ സ്‌കൂളിന്റെ മാനേജര്‍ അഡ്വ. ജോര്‍ജ് വാത്തുപറമ്പില്‍ (റെഡ് ക്രോസ്സ് വയനാട് ജില്ലാ ചെയര്‍മാന്‍ ) അഡ്മിനിസ്റ്റേറ്റര്‍ സോളിയ ട്രീസ, പ്രിന്‍സീപ്പാള്‍ സന്ധ്യാ റോബിന്‍ എന്നിവരാണ് ഇത്തരം നൂതന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

---- facebook comment plugin here -----

Latest