സെലക്ടര്‍ സ്ഥാനത്ത് നിന്ന് ബിന്നിയെ ഒഴിവാക്കും

Posted on: November 7, 2015 5:23 am | Last updated: November 7, 2015 at 7:24 am
SHARE

rojer binniന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ടര്‍ സ്ഥാനത്ത് നിന്ന് റോജര്‍ ബിന്നി തെറിക്കും. ഒമ്പതിന് നടക്കുന്ന ബി സി സി ഐയുടെ വാര്‍ഷിക ജനറല്‍ മീറ്റിംഗില്‍ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് സൂചന. ബിന്നിയുടെ സെലക്ടര്‍ പദവി ബി സി സി ഐയുടെ പുതിയ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്.
ഒഫിഷ്യലുകളുടെ കുടുംബ, വ്യക്തി താത്പര്യങ്ങള്‍ ക്രിക്കറ്റ് ബോര്‍ഡില്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ബി സി സി ഐയുടെ 29താം പോയിന്റില്‍ വ്യക്തമായി എതിര്‍ക്കുന്നുണ്ട്. റോജര്‍ ബിന്നിയുടെ മകന്‍ സ്റ്റ്വുവര്‍ട് ബിന്നി ഇന്ത്യന്‍ ടീമില്‍ അംഗമാണിപ്പോള്‍. പിതാവ് സെലക്ടറും മകന്‍ ടീം അംഗവുമാകുന്നതിനെതിരെ മുറുമുറുപ്പ് ഉയര്‍ന്നിരുന്നു. മാത്രവുമല്ല, റോജര്‍ ബിന്നിയുടെ മരുമകള്‍ മായന്തി ലാംഗര്‍ക്ക് ബി സി സി ഐയുടെ ഒഫിഷ്യല്‍ ബ്രോഡ്കാസ്റ്റ് പാര്‍ടണറുടെ കരാറുമുണ്ട്. ഇതും, ചട്ടവിരുദ്ധമാണ്.
വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയാണ് ബി സി സി ഐയില്‍ ഒഫിഷ്യലുകളുടെ വ്യക്തിതാത്പര്യങ്ങള്‍ തടയുന്നതിന് വ്യക്തമായ മാര്‍ഗനിര്‍ദേശം നല്‍കിയത്.
ബി സി സി ഐ പ്രസിഡന്റായി ശശാങ്ക് മനോഹര്‍ സ്ഥാനമേറ്റ ഉടനെ അദ്ദേഹത്തിന്റെ മകന്‍ അദൈ്വത് ബി സി സി ഐയുടെ ലീഗല്‍ കമ്മറ്റി സ്ഥാനം രാജിവെച്ചിരുന്നു. ഈ മാതൃക പിന്തുടരാന്‍ റോജര്‍ ബിന്നിയോട് ബി സി സി ഐ ഭാരവാഹികള്‍ ആവശ്യപ്പെട്ടെങ്കിലും തീരുമാനം വൈകുകയാണ്.