സച്ചിനും ലാറയും ഒരു ടീമില്‍

Posted on: November 7, 2015 6:14 am | Last updated: November 7, 2015 at 7:15 am

sachin-tendulklar-shane-warneന്യൂയോര്‍ക്ക്: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചവര്‍ക്കായി സച്ചിന്‍ ടെണ്ടുല്‍ക്കറും ഷെയിന്‍ വോണും സംയുക്തമായി സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ആള്‍ സ്റ്റാര്‍സ് ചാമ്പ്യന്‍ഷിപ്പിനുള്ള ടീമുകളെ പ്രഖ്യാപിച്ചു. സച്ചിന്‍സ് ബ്ലാസ്റ്റേഴ്‌സും വോണ്‍സ് വാരിയേഴ്‌സുമാണ് ടീമുകള്‍. ഇവര്‍ തമ്മില്‍ മൂന്ന് മത്സരങ്ങള്‍ കളിക്കുന്നതാണ് പ്രഥമ ക്രിക്കറ്റ് ആള്‍ സ്റ്റാര്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഘടന.
27 കളിക്കാരെ ഇരുഭാഗത്തേക്കും സച്ചിനും വോണും തിരഞ്ഞെടുത്തപ്പോള്‍ രണ്ടിലും സൂപ്പര്‍ ക്ലാസ് താരനിര. ബാറ്റിംഗ് ഇതിഹാസമായ സച്ചിനൊപ്പം ലെജന്‍ഡറി ബാറ്റ്‌സ്മാന്‍ ബ്രയാന്‍ ലാറയുണ്ട്. സൗരവ് ഗാംഗുലി, വിരേന്ദര്‍ സെവാഗ്, വിവിഎസ് ലക്ഷ്മണ്‍, മഹേല ജയവര്‍ധനെ, കാള്‍ ഹൂപ്പര്‍, ലൂന്‍സ് ക്ലൂസ്‌നര്‍, ഷോണ്‍ പൊള്ളോക്ക്, മോയിന്‍ ഖാന്‍, ഗ്രെയിം സ്വാന്‍, ഗ്ലെന്‍ മെക്ഗ്രാത്, മുത്തയ്യ മുരളീധരന്‍, കോട്‌ലി ആംബ്രോസ്, ശുഐബ് അക്തര്‍ എന്നിവരാണ് സച്ചിന്റെ ടീമിലുള്ളത്.
സ്പിന്‍ ഇതിഹാസം ഷെയിന്‍ വോണ്‍ നയിക്കുന്ന നിരക്ക് ബാറ്റിംഗ് കരുത്തേകാന്‍ മാത്യു ഹെയ്ഡന്‍, റിക്കി പോണ്ടിംഗ്, മൈക്കല്‍ വോഗന്‍, കുമാര സങ്കക്കാര, ജോണ്ടി റോഡ്‌സ് എന്നിവരുണ്ട്. ആള്‍ റൗണ്ടര്‍മാരായി ജാക്വിസ് കാലിസ്, ആന്‍ഡ്രു സൈമണ്ട്‌സ്, ഡാനിയല്‍ വെറ്റോറി, അജിത് അഗാര്‍ക്കര്‍ എന്നിവര്‍. പേസ് നിര അനുപമമാണ്. കോട്‌നിവാല്‍ഷ്, വസീം അക്രം, അലന്‍ ഡൊണാള്‍ഡ്. പാക് സ്പിന്നര്‍ സഖ്‌ലൈന്‍ മുഷ്താഖും വോണിനൊപ്പമുണ്ട്.