രഞ്ജി: രോഹന്‍ പ്രേം സെഞ്ച്വറിക്കരികെ; കേരളം മികച്ച നിലയില്‍

Posted on: November 7, 2015 11:14 pm | Last updated: November 7, 2015 at 11:27 pm

പെരിന്തല്‍മണ്ണ: രഞ്ജി ട്രോഫി സി.ഗ്രൂപ്പ് മത്സരത്തില്‍ ത്രിപുരക്കെതിരെ കേരളം ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ 90 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സ് എന്ന ഭേദപ്പെട്ട നിലയില്‍. എല്ലാ കളികളിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച രോഹന്‍ പ്രേം തന്നെയാണ് കേരളത്തിനെ 223 റണ്‍സ് എന്ന സ്‌കോറിലെത്തിച്ചത്. കളിനിര്‍ത്തുമ്പോള്‍ 94 റണ്‍സോടെ രോഹന്‍ പ്രേമും, 22 റണ്‍സോടെ റോബര്‍ട്ട് ഫെര്‍ണാണ്ടസുമാണ് ക്രീസില്‍.
ടോസ് നേടിയ കേരളം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 21 റണ്‍സില്‍ കേരളത്തിന് ആദ്യ വിക്കറ്റ് നഷ്ടമായി . ത്രിപുരയുടെ പേസ് ബൌളര്‍ മുറാ സിംഗ് ഓപ്പണര്‍ അക്ഷയ് കോടോത്തിനെ (10) എല്‍.ബി.ഡബ്ലിയു യുവിലൂടെ പുറത്താക്കുകയായിരുന്നു. 37 റണ്‍സ് എടുക്കുന്നതിനിടെ കേരളത്തിന് ഓപ്പണര്‍ വി.എ.ജഗദീഷും, (12) ക്യാപ്റ്റന്‍ സഞ്ചു വി.സാംസണ്‍ (1) എന്നിവരെക്കൂടി നഷ്ടമായി.
തുടര്‍ന്ന് സച്ചിന്‍ ബേബി – രോഹന്‍ പ്രേം കൂട്ട്‌കെട്ടില്‍ പിറന്ന 136 റണ്‍സാണ് കേരളത്തിന് സാമന്യം നല്ല സ്‌കോറിലെത്തിച്ചത്. 173 റണ്‍സായപ്പോള്‍ സച്ചിന്‍ ബേബിയെ (70) കേരളത്തിന് നഷ്ടമായി. സ്വപന്‍ ദാസിന്റെ പന്തില്‍ സുഭാഷ് ചക്രബര്‍ത്തി ക്യാച്ചെടുക്കുകയായിരുന്നു. ത്രിപുരക്ക് വേണ്ടി സ്വപന്‍ ദാസ് 71 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും, എം.ബി മുറാ സിംഗ് 18 റണ്‍സ് വഴങ്ങി 1 വിക്കറ്റും വീഴ്ത്തി.