Connect with us

Education

ഉപരിപഠനത്തിന് വിദൂര പഠനം

Published

|

Last Updated

ക്ലാസ് റൂമുകളില്‍ സമയം ചെലവഴിച്ച് ഗുരുമുഖത്ത് നിന്ന് വിദ്യാഭ്യാസം നേടുന്നതിനാണ് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. എന്നാല്‍ പല കാരണങ്ങളാല്‍ ഉപരിപഠനം വഴിമുട്ടിപ്പോയവര്‍ക്കും റഗുലര്‍ പഠനം സാധ്യമാകാതെ പോയവര്‍ക്കുമായി ഇന്ന് വിവിധ കലാശാലകള്‍ അവസരങ്ങളുടെ പുതു വാതായനങ്ങള്‍ തുറന്നിരിക്കുകയാണ്, വിദൂര വിദ്യാഭ്യാസം വഴി.
നിശ്ചിത യോഗ്യതയുള്ള ആര്‍ക്കും ലോകത്തെവിടെ നിന്നും പഠിച്ച് പരീക്ഷയെഴുതി ബിരുദങ്ങള്‍ കരസ്ഥമാക്കാമെന്നതാണ് വിദൂര വിദ്യാഭ്യാസ പദ്ധതികളെ ആകര്‍ഷകമാക്കുന്നത്. പുതിയ ബിരുദങ്ങള്‍ സമ്പാദിക്കാനും പുതിയ അറിവനുഭവങ്ങള്‍ സൃഷ്ടിക്കാനും സാധിക്കുമെന്നതിനാല്‍ ആര്‍ക്കും ഉപയോഗപ്പെടുത്താവുന്നതാണ് വിദൂര പഠനം.
രാജ്യത്തെ മിക്ക യൂനിവേഴ്‌സിറ്റികള്‍ക്കും ഇന്ന് വിദൂര വിദ്യാഭ്യാസ പ്രോഗ്രാമുകള്‍ ഉണ്ട്. ലോകത്തെ ഏറ്റവും വലിയ ഓപണ്‍ യൂനിവേഴ്‌സിറ്റിയായി വിശേഷിപ്പിക്കപ്പെടുന്ന ഇന്ദിരഗാന്ധി നാഷനല്‍ ഓപ്പണ്‍ യൂനിവേഴ്‌സിറ്റി (ഇഗ്‌നോ)യില്‍ മാത്രം 490 അക്കാദമിക പ്രോഗ്രാമുകളാണ് നടന്നുവരുന്നത്. ബിരുദ ബിരുദാനന്തര കോഴ്‌സുകളും ഡിപ്ലോമ, പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സുകളും ഇഗ്‌നോയില്‍ നടന്നുവരുന്നു. കേരളത്തിലെ കേരള, കാലിക്കറ്റ്, എം ജി, കണ്ണൂര്‍ സര്‍വകലാശാലകളിലെയും വിദൂര വിദ്യാഭ്യാസ കോളജുകളുണ്ട്. വിവിധ യൂനിവേഴ്‌സിറ്റികള്‍ നടത്തുന്ന ന്യൂജനറേഷന്‍ കോഴ്‌സുകളുടെ എണ്ണവും വൈവിധ്യവും നമ്മെ അമ്പരപ്പിക്കും.
കോഴ്‌സുകളില്‍ നിശ്ചിത യോഗ്യതയുള്ളവര്‍ക്കാണ് പ്രവേശനം. എന്നാല്‍ നിശ്ചിത യോഗ്യതകള്‍ ലഭ്യമാകാത്തവര്‍ക്കും പ്രായത്തിനനുസരിച്ച് പ്രവേശന പരീക്ഷയിലൂടെയും ഉപരിപഠനം നടത്താന്‍ സൗകര്യം ലഭ്യമാണ്. കേരള സര്‍ക്കാറിന്റെ സാക്ഷരതാ മിഷന്‍ നടത്തുന്ന എട്ടാം തരം/പത്താം തരം/പ്ലസ്ടു തുല്യതാ കോഴ്‌സുകള്‍ നിശ്ചിത വിദ്യാഭ്യാസ യോഗ്യതയില്ലാത്തവര്‍ക്ക് യോഗ്യതാ പരീക്ഷയിലൂടെ ഉപരിപഠനം നടത്താനുള്ള വഴികള്‍ തുറക്കുന്നു.
വിവിധ യൂനിവേഴ്‌സിറ്റികള്‍ വിശേഷിച്ചും വിദേശ സര്‍വകലാശാലകള്‍ നിരവധി ഓണ്‍ലൈന്‍ കോഴ്‌സുകളും സംഘടിപ്പിച്ചുവരുന്നു. പ്രവേശനം, ക്ലാസുകള്‍, പരീക്ഷകള്‍ എല്ലാം ഓണ്‍ലൈന്‍ വഴിയായിരിക്കും.
ഉപരിപഠനത്തിന് വിദൂരവിദ്യാഭ്യാസ രീതി തുടരുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട കാര്യം കോഴ്‌സുകളുടെ അംഗീകാരമാണ്. പി എസ് സി, യു പി എസ് സി തുടങ്ങിയവയിലെ തൊഴിലുകള്‍ക്ക് യോഗ്യത നിര്‍ണയിക്കുമ്പോള്‍ യു ജി സി അംഗീകാരമുള്ള കോഴ്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കല്‍ നിര്‍ബന്ധമാണ്. അതാത് യൂനിവേഴ്‌സിറ്റികളിലെ ഈക്വലന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കി ഉപരിപഠന/ തൊഴില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകും. വിദൂര വിദ്യാഭ്യാസത്തിന്റെ കോഴ്‌സുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അംഗീകാരം പ്രത്യേകം ശ്രദ്ധിക്കണം. ഒരു യൂനിവേഴ്‌സിറ്റിയുടെ തന്നെ ചില കോഴ്‌സുകള്‍ക്ക് മാത്രം അംഗീകാരം നല്‍കുന്ന രീതിയും നിലവിലുണ്ട്.
ലോകത്തിലെ തന്നെ വിദ്യാഭ്യാസ മേഖലയില്‍ ലക്ഷങ്ങള്‍ ആശ്രയിക്കുന്ന ഒന്നായി വിദൂര വിദ്യാഭ്യാസ മേഖല മാറിയിട്ടുണ്ട്. അടിസ്ഥാന വിദ്യാഭ്യാസം മുതല്‍ പി എച്ച് ഡി വരെ ഇന്ന് ഈ മേഖലയില്‍ ലഭ്യമകുന്നുണ്ട്. വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികള്‍ക്കും സൗകര്യമായ വിധത്തില്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ യൂനിവേഴ്‌സിറ്റി സെന്ററുകള്‍ ലഭ്യമാണ്.
വിവിധ കാരണങ്ങളാല്‍ പഠനം മുടങ്ങിയവര്‍ക്കും തൊഴിലിനോടൊപ്പം തുടര്‍ പഠനം ഉദ്ദേശിക്കുന്നവര്‍ക്കും മുമ്പില്‍ വലിയ സാധ്യതകളാണ് വിവിധ സര്‍വകലാശാലകള്‍ തുറന്നുവെക്കുന്നത്.