Connect with us

International

ഒബാമയെ ഫേസ്ബുക്കില്‍ വിമര്‍ശിച്ച ഇസ്‌റാഈല്‍ പ്രധാനമന്ത്രിയുടെ വക്താവ് വിവാദത്തില്‍

Published

|

Last Updated

ജറുസലേം: യു എസ് പ്രസിഡന്റ് ബരാക് ഒബാമയെ ഫേസ്ബുക്കില്‍ വിമര്‍ശിച്ച ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വക്താവ് വിവാദത്തില്‍. പരമാര്‍ശത്തിനെതിരെ യു എസ് അതൃപ്തി അറിയിച്ചതോടെ ഇസ്‌റാഈല്‍ സര്‍ക്കാര്‍ പ്രതിരോധത്തിലായി. നെതന്യാഹു അടുത്ത ആഴ്ച യു എസ് സന്ദര്‍ശിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ വാര്‍ത്താ വിനിമയ വിഭാഗത്തിലെ റാന്‍ ബരത്‌സിന്റെ ഫേസ് ബുക്ക് വിമര്‍ശം. ബരാക് ഒബാമ ജൂത വിരുദ്ധനാണെന്നും യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ബുദ്ധി വളര്‍ച്ചയെത്താത്തയാളാണെന്നും ബരത്‌സ് കുറ്റപ്പെടുത്തുന്നു. ഒബാമയെ വിമര്‍ശിച്ച നടപടിക്കെതിരെ ഉടന്‍ തന്നെ നെതന്യാഹു രംഗത്തെത്തിയിരിക്കുകയാണ്. വിമര്‍ശം ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. വിവാദത്തെ തുടര്‍ന്ന് യു എസ് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രിയുടെ സംഘത്തില്‍ നിന്ന് ബരത്‌സിനെ ഒഴിവാക്കി.
ബരത്‌സിന്റെ വിമര്‍ശം ആശയക്കുഴപ്പമുണ്ടാക്കുന്നതാണെന്ന് യു എസ് വിദേശകാര്യ മന്ത്രാലയ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. തങ്ങളുടെ ഏറ്റവും അടുത്ത സഖ്യരാജ്യങ്ങളില്‍ നിന്ന് യു എസിലെ മുതിര്‍ന്ന ഭരണത്തലവന്മാര്‍ക്ക് ബഹുമാനപൂര്‍ണമായ സമീപനമാണ് ലഭിക്കുയെന്നാണ് തങ്ങള്‍ കരുതുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു.
വാര്‍ത്താ വിതരണ വിഭാഗത്തിലെ ഉദ്യോഗസ്ഥന്റെ പ്രസ്താവനയുടെ പാശ്ചാതലത്തില്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി പ്രധാനമന്ത്രി നെതന്യാഹുവുമായി ഇന്നലെ ഫോണില്‍ സംസാരിച്ചു. യു എസ് സന്ദര്‍ശനത്തിന് മുമ്പ് തന്നെ ബരത്‌സിന്റെ നിയമനം നെതന്യാഹു പുനപ്പരിശോധിച്ചേക്കുമെന്ന് സൂചനയുണ്ട്.