Connect with us

Ongoing News

ഇഞ്ചുറി ടൈമില്‍ ഡല്‍ഹിക്ക് സമനില

Published

|

Last Updated

ന്യൂഡല്‍ഹി: ഇഞ്ചുറി ടൈമിലെ അവസാന മിനുട്ടില്‍ ഡല്‍ഹി ഡൈനമോസിന് സമനില ഗോള്‍ ! ജയിച്ചെന്ന് കരുതി നിന്ന മുംബൈ സിറ്റി എഫ് സിക്ക് സമനില ഇരുട്ടടിയായി. ഇന്ത്യന്‍ സ്‌ട്രൈക്കര്‍ റോബിന്‍ സിംഗാണ് ത്രില്ലിംഗ് ഫിനിഷിംഗിലൂടെ ഡല്‍ഹിക്ക് ആവേശോജ്വലമായ സമനില സമ്മാനിച്ചത്.
എഴുപതാം മിനുട്ടില്‍ ഫ്രെഡറിക് പിക്വോനെയാണ് മുംബൈക്ക് ലീഡ് നല്‍കിയത്. എട്ട് മത്സരങ്ങളില്‍ പതിനാല് പോയിന്റുള്ള ഡല്‍ഹി എഫ് സി പൂനെ സിറ്റിക്കൊപ്പം മുന്‍നിരയില്‍ നില്‍ക്കുന്നു. ഗോള്‍ ശരാശരിയുടെ ബലത്തില്‍ പൂനെ ഡല്‍ഹിയെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളുന്നു. ആറാംസ്ഥാനത്തായിരുന്ന മുംബൈ പതിനൊന്ന് പോയിന്റോടെ നാലാം സ്ഥാനത്തേക്ക് കയറി.
വിരസമായ ആദ്യപകുതി കാണികളെ തീര്‍ത്തും നിരാശപ്പെടുത്തി. എടുത്തു പറയാവുന്ന നീക്കങ്ങള്‍ ഇരുഭാഗത്തു നിന്നുമുണ്ടായില്ല. കൂടുതല്‍ നേരം പന്തടക്കി വെച്ചെങ്കിലും ഡല്‍ഹി ഭാവനാസമ്പന്നമായ നീക്കങ്ങളില്‍ പിറകിലായി. മുംബൈയുടെ ലീഡ് ഗോള്‍ മത്സരത്തെ ഉണര്‍ത്തിയെന്ന് പറയാം. ടൂണീഷ്യന്‍ മിഡ്ഫീല്‍ഡര്‍ സലീം ബെനഷോറിന്റെ മനോഹരമായ ത്രൂസ് പാസിലാണ് ഗോളിന് വഴി തുറന്നത്. ഫ്രഞ്ച് സ്‌ട്രൈക്കര്‍ ഫ്രെഡറിക് പിക്വോനെ പ്രതിരോധനിരക്കാരെ കീഴടക്കി പന്ത് പിടിച്ചെടുത്ത് ഗോളി അന്റോണിയ ഡൊബ്ലാസിനെയും മറികടന്ന് ബോക്‌സിന്റെ വലത് ഭാഗത്ത് നിന്ന് നെറ്റിലേക്ക് ഗ്രൗണ്ടര്‍ പായിച്ചു.
ഗോള്‍ലൈന്‍സേവിനായി ഡല്‍ഹി ഡിഫന്‍ഡര്‍ ഓടിയെത്തിയെങ്കിലും പന്ത് വലയില്‍ കയറി. റോബിന്‍ സിംഗ്, ഗാസെ എന്നിവര്‍ നിരവധി അവസരങ്ങള്‍ പാഴാക്കിയതാണ് ഡല്‍ഹിക്ക് ജയിക്കാമായിരുന്ന മത്സരം നഷ്ടമാക്കിയത്.
എന്നാല്‍, ഒഴുക്കിനെതിരായി ഗോള്‍ വീണതോടെ ഡല്‍ഹി ഗോള്‍ മടക്കാനുള്ള വെപ്രാളത്തിലായി. ഫ്‌ളോറന്റ് മലൂദ ഇഞ്ചുറി ടൈമിലെടുത്ത ഫ്രീകിക്കിലാണ് ഗോളിന് വഴി തുറക്കുന്നത്. ഫ്രീകിക്ക് ഹാന്‍സ് മുള്‍ഡര്‍ ഹെഡ്ഡറിലൂടെ മറിച്ചിട്ടത് റോബിന്‍ സിംഗിന്റെ കാലിലേക്കായിരുന്നു. സെക്കന്‍ഡ് പോസ്റ്റിലേക്ക് റോബിന്‍ നിറയൊഴിക്കുകയായിരുന്നു.

Latest