ഛോട്ടാ രാജന്‍ സി ബി ഐ കസ്റ്റഡിയില്‍

Posted on: November 6, 2015 10:33 pm | Last updated: November 6, 2015 at 11:34 pm
SHARE

chotta rajanന്യൂഡല്‍ഹി: ഇന്തോനേഷ്യയിലെ ബാലിയില്‍ അറസ്റ്റിലായ അധോലോക നേതാവ് ഛോട്ടാ രാജനെ സി ബി ഐ കസ്റ്റഡിയില്‍ വാങ്ങി. ഇന്നലെ പുലര്‍ച്ചയോടെ ഡല്‍ഹിയിലെത്തിച്ച ഛോട്ടാ രാജനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയശേഷമാണ് സി ബി ഐ കസ്റ്റഡിയില്‍ വാങ്ങിയത്. രാജ്യദ്രോഹമടക്കമുള്ള കുറ്റത്തിന് ഇന്ത്യ അന്വേഷിക്കുന്ന അധോലോക തലവന്‍ ദാവൂദ് ഇബ്‌റാഹിമിനെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ രാജനില്‍ നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഛോട്ടാ രാജനെതിരെ കൂടുതല്‍ കേസുകള്‍ നിലവിലുള്ളത് മഹാരാഷ്ട്രയിലാണെങ്കിലും ഈ കേസുകളെല്ലാം മഹാരാഷ്ട്ര സര്‍ക്കാര്‍ സി ബി ഐക്ക് കൈമാറിയിരുന്നു. ഈ സാഹചര്യത്തിലാണ് മുംബൈയിലെത്തിക്കുന്നതിന് പകരം രാജനെ ഡല്‍ഹിയിലേക്ക് കൊണ്ടുവന്നത്. മഹാരാഷ്ട്ര പോലീസില്‍ തനിക്ക് വിശ്വസമില്ലെന്ന് രാജന്‍ നേരത്തെ പ്രതികരിച്ചിരുന്നു. ദാവൂദിന്റെ വലംകൈ ആയിരുന്ന രാജന്‍ മുംബൈ സ്‌ഫോടനത്തെ തുടര്‍ന്ന് ദാവൂദുമായി അകലുകയായിരുന്നു.
ബാലിയില്‍ അറസ്റ്റിലായ രാജനെ, സി ബി ഐയുടെ ഇന്റര്‍പോള്‍ വിഭാഗമാണ് ഇന്ത്യയിലെത്തിച്ചത്. തുടര്‍ന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. ഇതിന് ശേഷം വിവിധ സുരക്ഷാ ഏജന്‍സികളുടെ സംയുക്തമായ ചോദ്യം ചെയ്യല്‍ തുടങ്ങി. ഇരുപത് കൊലപാതകമുള്‍പ്പെടെ ഏഴുപത് കേസുകളാണ് രാജനെതിരെ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മുംബൈ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളെല്ലാം കഴിഞ്ഞ ദിവസം മഹാരാഷ്ട്ര സര്‍ക്കാര്‍ സി ബി ഐക്ക് കൈമാറിയ സാഹചര്യത്തില്‍ രാജനെ ഡല്‍ഹിയിലെ സുരക്ഷിത കേന്ദ്രത്തില്‍ പാര്‍പ്പിക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.
ഛോട്ടാ രാജനെ കസ്റ്റഡിയില്‍ ലഭിച്ചതോടെ അന്വേഷണ സംഘം പ്രധാനമായും ശ്രദ്ധചെലുത്തുക ദാവൂദിനെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിലായിരിക്കും. ദാവൂദുമായി ബന്ധമുള്ള മുംബൈ പോലീസിലെ ഉദ്യോഗസ്ഥരുടെ പേരുകള്‍ പ്രാഥമിക ചോദ്യം ചെയ്യലില്‍ തന്നെ ഛോട്ടാ രാജന്‍ കൈമാറിയതായാണ് വിവരം. ദാവൂദിന്റെ പ്രവര്‍ത്തന മേഖലയും അയാളെ സഹായിക്കുന്ന വ്യക്തികളെ കുറിച്ചുള്ള വിവരങ്ങളും ഛോട്ടാ രാജനില്‍ നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ മാസം 25നാണ് രാജന്‍ ബാലിയില്‍ അറസ്റ്റിലായത്. ബാലിയില്‍ നിന്നുള്ള നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് കൈമാറുകയായിരുന്നു. ബാലിയിലും ഇന്ത്യയിലും ഒരുപോലെ ശക്തമായ സുരക്ഷയാണ് രാജന് ഒരുക്കിയത്. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ പ്രത്യേക വിമാനത്തിലാണ് ഡല്‍ഹിയിലെത്തിച്ചത്. തുടര്‍ന്ന് ആറേ കാലിന് ഡല്‍ഹി സ്‌പെഷ്യല്‍ സെല്ലിന്റെ സുരക്ഷാവലയത്തില്‍ ഛോട്ടാ രാജനെ സി ബി ഐ ആസ്ഥാനത്തെത്തിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here