Connect with us

National

വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി;വിമുക്തഭടന്‍മാര്‍ മെഡലുകള്‍ തിരിച്ചു നല്‍കാനൊരുങ്ങുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി വൈകുന്നതില്‍ പ്രതിഷേധിച്ച് വിമുക്തഭടന്‍മാര്‍ മെഡലുകള്‍ തിരിച്ചു നല്‍കാനൊരുങ്ങുന്നു. രാജ്യത്തിന് നല്‍കിയ സേവനങ്ങള്‍ മുന്‍നിര്‍ത്തി നല്‍കിയ മെഡലുകളും പുരസ്‌കാരങ്ങളുമാണ് തിരിച്ചു നല്‍കുന്നത്.
അടുത്ത ചൊവ്വാഴ്ചയും ബുധനാഴ്ചയുമായാണ് മെഡലുകള്‍ തിരിച്ചു നല്‍കുന്നത്. ഡല്‍ഹിയില്‍ വിമാനത്താവളത്തിന്റെ അറൈവല്‍ ഹാളിലായിരിക്കും മെഡലുകള്‍ കൈമാറുന്നത്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ജില്ലാ കളക്ടര്‍മാരുടെ ഓഫീസിലും വിദേശത്തുള്ള വിമുക്തഭടന്‍മാര്‍ അതത് സ്ഥലത്തെ എംബസികളിലും പുരസ്‌കാരങ്ങള്‍ തിരിച്ചേല്‍പ്പിക്കും.
ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം വിജ്ഞാപനം പുറപ്പെടുവിക്കാമെന്നായിരുന്നു കേന്ദ്രത്തിന്റെ വാഗ്ദാനം. ഞായറാഴ്ചയാണ് ബീഹാറില്‍ വോട്ടെണ്ണല്‍ നടക്കുന്നത്. തിങ്കളാഴ്ച വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി വിജ്ഞാപനം പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷ.
ദീപാവലിക്ക് മുമ്പ് വിജ്ഞാപനം പുറപ്പെടുവിക്കാനാണ് ശ്രമമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പരീക്കറിനെ വിശ്വാസമില്ലെന്ന നിലപാടിലാണ് സമരം ചെയ്യുന്ന വിമുക്തഭടന്‍മാര്‍.