റഷ്യന്‍ വിമാനാപകടത്തിന് പിന്നില്‍ ഇസില്‍ തന്നെയെന്ന് യു എസ്

Posted on: November 6, 2015 5:41 am | Last updated: November 6, 2015 at 12:41 am
SHARE

വാഷിംഗ്ടണ്‍/ മോസ്‌കോ: ഈജിപ്തില്‍ റഷ്യയുടെ യാത്രാവിമാനം തകര്‍ന്നുവീണ് 224 പേര്‍ മരിക്കാനിടയായ സംഭവത്തിന് പിന്നില്‍ തീവ്രവാദ സംഘടനയായ ഇസില്‍ തന്നെയാണെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റ റിപ്പോര്‍ട്ട്. ലഗേജിലോ മറ്റോ സൂക്ഷിച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നും യു എസ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ചയുണ്ടായ വിമാനാപകടത്തിന് മുമ്പും ശേഷവും സമാഹരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് യു എസ് രഹസ്യാന്വേഷണ വിഭാഗം ഈ നിഗമനത്തില്‍ എത്തിയിട്ടുള്ളത്. എന്നിരുന്നാലും ഔപചാരിക സ്ഥിരീകരണമായി ഇതിനെ കണക്കാക്കേണ്ടതില്ലെന്നാണ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.
ഇതേ നിലപാട് തന്നെയാണ് ബ്രിട്ടനും കൈക്കൊണ്ടിരിക്കുന്നത്. അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ എന്തുകൊണ്ടാണ് വിമാനം തകര്‍ന്നത് എന്നതേക്കുറിച്ച് കൃത്യമായ ഉത്തരം പറയാന്‍ കഴിയില്ലെങ്കിലും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അട്ടിമറി സാധ്യത തള്ളിക്കളയാനാകില്ലെന്ന് ബ്രീട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ ഓഫീസ് അറിയിച്ചു. വിമാനം ബോംബ് സ്‌ഫോടനത്തില്‍ തകരുകയായിരുന്നു എന്നതിന് നിര്‍ണായകമായ സാധ്യതയുണ്ടെന്നായിരുന്നു യു കെ വിദേശകാര്യ സെക്രട്ടറി ഫിലിപ് ഹാമ്മന്‍ഡിന്റെ പ്രതികരണം.
മെട്രൊജെറ്റിന്റെ എയര്‍ബസ് വിമാനം ശനിയാഴ്ച രാവിലെയാണ് സിനായി ഉപദ്വീപില്‍ തകര്‍ന്ന് വീണത്. ശറമുശ്ശെഖിലെ എനിലെ റിസോര്‍ട്ടിലെ വിനോദ സഞ്ചാരികളെയുമായി സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലേക്ക് പുറപ്പെട്ട വിമാനം പറന്നുയര്‍ന്ന് 23 മിനുട്ടിനകം തകര്‍ന്ന് വീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 224 പേരും മരിച്ചു. ഇതില്‍ ഭൂരിഭാഗം പേരും റഷ്യക്കാരായിരുന്നു.
ഇസില്‍ ഭീകരര്‍ നടത്തിയ സന്ദേശ കൈമാറ്റങ്ങള്‍ നിരീക്ഷിച്ചാണ് വിമാനദുരന്തത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് അവരാണെന്ന നിഗമനത്തിലേക്ക് യു എസ് രഹസ്യാന്വേഷണ സംഘം എത്തിച്ചേര്‍ന്നത്. അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി ഇസിലുമായി ബന്ധമുള്ള ഈജിപ്ത് സിനായി പ്രവിശ്യയിലെ തീവ്രവാദ സംഘം പ്രഖ്യാപിച്ചിരുന്നു. ഈജിപ്തിലെ സുരക്ഷാ സേനയുമായി നിരന്തരം ഏറ്റുമുട്ടല്‍ നടത്തിവരുന്ന തീവ്രവാദ സംഘമാണിത്.
അതേസമയം, അപകടത്തിന് പിന്നില്‍ ഇസിലോ അനുബന്ധ സംഘടനകളോ ആണെന്ന കാര്യം റഷ്യയും ഈജിപ്തും തള്ളിക്കളഞ്ഞു. പ്രചരിക്കുന്നത് വെറും ഊഹാപോഹങ്ങള്‍ മാത്രമാണെന്നും അക്കാര്യത്തില്‍ യാതൊരു തെളിവുകളും പുറത്തുവന്നിട്ടില്ലെന്നും റഷ്യന്‍ പ്രസിഡന്റിന്റെ വക്താവ് ദിമിത്രി പെഷ്‌കോവ് പറഞ്ഞു. അയര്‍ലന്‍ഡും ബ്രിട്ടനും വിമാനങ്ങള്‍ പിന്‍വലിച്ചിട്ടുണ്ടെങ്കിലും ശറമുശ്ശെഖിലേക്കുള്ള റഷ്യയുടെ വിമാന സര്‍വീസ് തുടരുമെന്നും അദ്ദേഹം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here