Connect with us

International

ലിങ്കനെഴുതിയ കുറിപ്പ് 14.5 കോടിക്ക് വിറ്റു

Published

|

Last Updated

ന്യൂയോര്‍ക്ക്: കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് അമേരിക്കയുടെ മുന്‍ പ്രസിഡന്റ് എബ്രഹാം ലിങ്കന്‍ എഴുതി ഒപ്പിട്ട കുറിപ്പ് 2.2ദശലക്ഷം ഡോളറിന് (ഏകദേശം 14.5 കോടി രൂപ) ലേലത്തില്‍ വിറ്റു. 1865 മാര്‍ച്ച് എന്ന് രേഖപ്പെടുത്തിയിട്ടുള്ള കൈയെഴുത്തുപ്രതി പത്ത് വയസ്സുകാരന് ലിങ്കന്‍ പേരെഴുതി ഒപ്പിട്ട് നല്‍കിയതാണ്. യു എസ് പ്രസിഡന്റായ ശേഷം ലിങ്കന്‍ നടത്തിയ രണ്ടാം പ്രാരംഭ പ്രസംഗത്തില്‍ നിന്നുള്ള ചില ഭാഗവും ഈ കുറിപ്പില്‍ അദ്ദേഹം എഴുതിച്ചേര്‍ത്തിട്ടുണ്ട്. തന്റെ ആഭ്യന്തര സെക്രട്ടറി ജോണ്‍ ഉഷറിന്റെ മകന്‍ ലിന്റണ്‍ ഉഷറിനാണ് ലിങ്കന്‍ കുറിപ്പ് ഒപ്പിട്ട് നല്‍കിയിരുന്നത്.
അതേസമയം, എഴുത്ത് ലേലത്തില്‍ പിടിച്ചയാളെ കുറിച്ചുള്ള വിവരം പുറത്തുവിട്ടിട്ടില്ല. അടിസ്ഥാന ലേലത്തുകയുടെ നാലിരട്ടിക്കാണ് ഇയാള്‍ ചരിത്രരേഖ സ്വന്തമാക്കിയത്. ലിങ്കന്റേതായി ഇത്തരത്തില്‍ കൈവശമുള്ള അഞ്ച് രേഖകളില്‍ ഒന്ന് മാത്രമാണ് ലേലം ചെയ്തതെന്ന് റെയര്‍ മാനുസ്‌ക്രിപ്റ്റ്‌സ് അറ്റ് ഹെറിറ്റേജ് ഓക്ഷന്‍സ് ഡയരക്ടര്‍ സാന്ദ്ര പല്‍മോണിയ പറഞ്ഞു.
അമേരിക്കയുടെ 16ാമത് പ്രസിഡന്റായിരുന്ന അബ്രഹാം ലിങ്കന്‍ 1861ലാണ് ചുമതലയേറ്റത്. സിവില്‍ യുദ്ധകാലത്ത് രാജ്യത്തെ നയിച്ച ലിങ്കനാണ് അമേരിക്കയില്‍ അടിമത്തം അവസാനിപ്പിക്കുന്നത്.

Latest