Connect with us

Malappuram

യന്ത്രത്തകരാറിന് കാരണം ജില്ലാ ഭരണകൂടത്തിന്റെ വീഴ്ചയും

Published

|

Last Updated

മലപ്പുറം: വോട്ടിംഗ് യന്ത്രങ്ങള്‍ വ്യാപകമായി തകരാറിലായതിന് പിന്നില്‍ ജില്ലാ ഭരണകൂടത്തിന്റെ വീഴ്ചയും. യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ പരിശീലനം നല്‍കിയിരുന്നില്ല. ഇക്കാര്യം ജില്ലാഭരണ കൂടവും സമ്മതിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ ജോലിയില്‍ നിന്ന് ഒഴിവാകാനുള്ള വഴികള്‍ തേടുകയായിരുന്നുവെന്നും യന്ത്രം കൃത്യമായി പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള പരീശിലനം പലരും നേടിയിരുന്നില്ലെന്നും ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന്‍ പറഞ്ഞു.
ഇതു തന്നെയാണ് പ്രശ്‌നത്തിന്റെ പ്രധാന കാരണം. ഹൈദരാബാദിലെ ഇലക്ട്രോണിക്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (ഇസിഐ)യാണ് യന്ത്രം നിര്‍മിച്ചിരിക്കുന്നത്. ഇവയുടെ ഗുണമേന്‍മയെ കുറിച്ചും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
യന്ത്രത്തകരാറ് വ്യാപകമായതോടെ ഓരോ ബൂത്തിലും എങ്ങിനെ പ്രശ്‌ന പരിഹാരം നടത്തണമെന്ന ആശയക്കുഴപ്പവും ഉദ്യോഗസ്ഥരിലുമുണ്ടായി. യന്ത്രത്തകരാറു സംഭവിച്ച ബൂത്തുകളില്‍ കൃത്യ സമയത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എത്തിച്ചേരാനോ പ്രശ്‌നം പരിഹരിക്കാനോ സാധിച്ചിരുന്നില്ല. ഒരു വാര്‍ഡില്‍ തന്നെ പലയിടത്ത് തന്ത്രം തകരാറിലായതോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക ഏളുപ്പമായിരുന്നില്ല. മണിക്കൂറുകള്‍ കഴിഞ്ഞാണ് പോളിംഗ് ബൂത്തുകളില്‍ സെക്റ്റര്‍ ഓഫീസര്‍മാര്‍ എത്തിയത്. കണ്‍ട്രോള്‍ യൂനിറ്റിലെ തകരാറാകാം പ്രശ്‌ന കാരണമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ഗ്രാമീണ മേഖലകളില്‍ മാത്രമാണ് യന്ത്രത്തകരാര്‍മൂലം വോട്ടിംഗ് മുടങ്ങിയിട്ടുള്ളത്. ഒരൊറ്റ നഗരസഭയില്‍പോലും വോട്ടിംഗ് മുടങ്ങിയിട്ടില്ല. ജില്ലയിലേക്ക് ആകെ 5,000 യന്ത്രങ്ങളാണ് കൊണ്ടുവന്നിരുന്നത് ആദ്യഘട്ട പരിശോധനയില്‍ 150ല്‍ അധികം യന്ത്രങ്ങള്‍ക്കു തകരാര്‍ കണ്ടെത്തിയിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ യന്ത്രങ്ങള്‍ക്ക് തകരാര്‍ കണ്ടെത്തിയതു മലപ്പുറത്തായിരുന്നു. ഇ സി ഐയിലെ ഉദ്യോഗസ്ഥരാണ് തകരാറുകള്‍ പരിഹരിച്ചത്.
മറ്റ് ജില്ലകളിലും തിരഞ്ഞെടുപ്പു നടന്നപ്പോള്‍ നൂറോളം വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായിരുന്നു. അതെല്ലാം പരിഹരിക്കാന്‍ കഴിഞ്ഞിരുന്നെന്നും തിരഞ്ഞെടുപ്പു കമ്മിഷന്‍ അറിയിച്ചു. ഗ്രാമങ്ങളിലെ പോളിംഗ് ബൂത്തുകളിലേക്കായി ആകെ 3,411 യന്ത്രങ്ങളാണ് വിതരണം ചെയ്തിരുന്നത്. റിസര്‍വായി പത്തു ശതമാനം യന്ത്രങ്ങളും നല്‍കിയിരുന്നു. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് തലങ്ങളിലേക്കുള്ള മൂന്ന് യന്ത്രങ്ങളും ഒരു കണ്‍ട്രോള്‍ യൂണിറ്റും അടങ്ങിയതാണ് ഗ്രാമമേഖലയിലെ യന്ത്രങ്ങള്‍.
ഏതെങ്കിലുമൊന്നിലേക്കു വോട്ട് രേഖപ്പെടുത്താനുള്ള യന്ത്രമാണ് മിക്കയിടങ്ങളിലും തകരാറിലായത്. വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായത് ഗൗരവമായ പ്രശ്‌നമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദും അട്ടിമറി നടന്നിട്ടുണ്ടെങ്കില്‍ അന്വേഷണം നടത്തണമെന്ന് സി പി എം ജില്ലാസെക്രട്ടറി പി പി വാസുദേവനും പറഞ്ഞു.