ജയിലുകളിലും ഭീതിദാന്തരീക്ഷം

Posted on: November 6, 2015 6:00 am | Last updated: November 6, 2015 at 12:24 am

SIRAJ.......രാജ്യത്തെ ജയിലുകളില്‍ തടവ് പുള്ളികള്‍ക്കിടയില്‍ സംഘട്ടനങ്ങളും അതേ തുടര്‍ന്നുള്ള കൊലപാതകങ്ങളും വര്‍ധിക്കുകയാണ്. മംഗളൂരു സബ് ജയിലില്‍ തിങ്കളാഴ്ച തടവുകാര്‍ ചേരിതിരിഞ്ഞു നടത്തിയ ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. സംഘര്‍ഷം തടയാന്‍ ശ്രമിച്ച ജയില്‍ വാര്‍ഡനടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇന്ത്യയിലെ ഏറ്റവും വലുതും കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടെന്ന് അവകാശപ്പെടുന്നതുമായ ഡല്‍ഹിയിലെ തിഹാര്‍ ജയിലിലെ തടവ് പുള്ളികള്‍ക്കിടയില്‍ സംഘട്ടനം പതിവ് സംഭവമാണ്. ഇവിടെ കഴിഞ്ഞ മാസം ഏഴിന് നടന്ന സംഘര്‍ഷത്തില്‍ ഈശ്വര്‍ സിപ്പി, അനില്‍ ചൗധരി എന്നീ തടവുകാരും ആഗസ്റ്റ് 11ന് മറ്റൊരു തടവുകാരനും കൊല്ലപ്പെടുകയുണ്ടായി. ഈ വര്‍ഷം മാത്രം തടവുകാര്‍ക്കിടയിലെ ചേരിപോരിന്റെ ഭാഗമായി നടന്ന ഏറ്റുമുട്ടലില്‍ ഏഴ് പേരാണ് തിഹാര്‍ ജയിലില്‍ കൊല്ലപ്പെട്ടത്. രാജസ്ഥാനിലെ ജയ്പൂര്‍ ബിക്കാനീര്‍ സെന്‍ട്രല്‍ ജയിലില്‍ ജൂലൈ 24ന് തടവുകാരുടെ ഏറ്റുമുട്ടലില്‍ മൂന്ന് പേരാണ് വധിക്കപ്പെട്ടത്. നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 2006ല്‍ ജാട്ട് മഹാസഭാ നേതാവിനെ കൊലപ്പെടുത്തിയ കേസിലെ വിചാരണത്തടവുകാരനായ ബല്‍ബീര്‍ ബനൂഡയെ ജയ്പ്രകാശ് എന്ന തടവുകാരന്‍ വെടിവെച്ചു കൊല്ലുകയും തുടര്‍ന്ന് നടന്ന സംഘട്ടനത്തില്‍ ജയപ്രകാശും മറ്റൊരു തടവുകാരനായ രാംപാലും വധിക്കപ്പെടുകയുമായിരുന്നു.
കേരളത്തിലേതുള്‍പ്പെടെ രാജ്യത്തെ പല ജയിലുകളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട് ഇത്തരം അനിഷ്ട സംഭവങ്ങള്‍. ഏറെ സുരക്ഷാ സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം നിഷ്പ്രഭമാക്കി കുറ്റവാളികള്‍ ആധിപത്യം സ്ഥാപിക്കുകയാണ് തടവറകളില്‍. തടവ് പുള്ളികള്‍ക്ക് മാത്രമല്ല, ജയില്‍ ജീവനക്കാര്‍ക്കും ഇവിടെ രക്ഷയില്ലെന്നാണ് തിഹാര്‍ ജയിലില്‍ അടുത്ത ദിവസം ഒരു വനിതാ ഡോക്ടര്‍ തടവുപുള്ളികളുടെ ലൈംഗിക പീഡനത്തിനിരയായ സംഭവം വ്യക്തമാക്കുന്നത്. ഇതേതുടര്‍ന്ന് അവിടെ ജോലിചെയ്തിരുന്ന 26 വനിതാ നഴ്‌സുമാരെയും ആരോഗ്യവകുപ്പ് ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയിലേക്ക് സ്ഥലംമാറ്റുകയുണ്ടായി.
കുറ്റവാളികളെ മനഃപരിവര്‍ത്തനത്തിന് വിധേയമാക്കുന്നതായിരിക്കണം ജയിലുകളിലെ അന്തരീക്ഷം. എന്നാല്‍ ചെറു കുറ്റവാളികളെ കൊടുംകുറ്റവാളിയാക്കുന്ന അന്തരീക്ഷമാണ് ഇന്ന് പൊതുവെ ജയിലുകളിലുള്ളത്. തടവറ എന്നതിലുപരി എതിരാളികളുടെ ഭീഷണി ഭയപ്പെടാതെ എല്ലാ അധോലോക പ്രവര്‍ത്തനങ്ങളും തുടരാന്‍ പറ്റിയ ഇടമായാണ് പല കുറ്റവാളികളും ജയിലുകളെ കാണുന്നതും ഉപയോഗപ്പെടുത്തുന്നതും. വന്‍കിട കള്ളക്കടത്തുകാര്‍ക്ക് സുരക്ഷിത താവളമാണ് ജയിലുകളെന്നത് രഹസ്യമല്ല. മൊബൈല്‍ വഴി സംഘങ്ങളെ നിയന്ത്രിച്ചു ജയിലിനുള്ളില്‍ നിന്നും അവര്‍ തങ്ങളുടെ ജോലി നിര്‍വഹിച്ചു വരുന്നു. മൊബൈല്‍ ഫോണും അവര്‍ക്കാവശ്യമായ ഉപകരണങ്ങളും എത്തിച്ചു കൊടുക്കാന്‍ ജയില്‍ ജീവനക്കാരുമുണ്ട്. തടവു പുള്ളികളുമായി ബന്ധപ്പെട്ട ജയിലിന് പുറത്തുള്ള മാഫിയകളുടെ സ്വാധീനത്തിന് വഴങ്ങി അവരുടെ ആശ്രിതരായി മാറുകയാണ് പല ജീവനക്കാരും. സഹതടവുകാരെ ആക്രമിക്കാനുള്ള ആയുധങ്ങള്‍ വരെ ഇവരാണ് എത്തിച്ചു കൊടുക്കുന്നത്. തടവ് പുള്ളികള്‍ക്ക് മൊബൈലും പുകയില ഉത്പന്നങ്ങളും വിതരണം ചെയ്തതിന് തിഹാര്‍ ജയില്‍ കണ്‍ട്രോള്‍ റൂമിലെ രണ്ട് ജീവനക്കാര്‍ പിടിക്കപ്പെട്ടത് അടുത്തിടെയാണ്.
ജീവനക്കാരുടെ എണ്ണക്കുറവും ജയിലിലെ കുറ്റകൃത്യങ്ങളുടെ വര്‍ധനവിന് കാരണമാണ്. രാജ്യത്തെ പ്രധാനപ്പെട്ട പല ജയിലുകളിലും ജീവനക്കാരുടെ എണ്ണം കുറവാണ്. അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും പേര് കേട്ട രാജ്യത്തെ ഏറ്റവും കൂടുതല്‍ തടവുകാരുള്ള തിഹാര്‍ ജയിലില്‍ 1917 ജീവനക്കാര്‍ വേണ്ടിടത്ത് 973 ജീവനക്കാര്‍ മാത്രമാണ് നിലവിലുള്ളത്. ഇവിടെ 15 കുറ്റവാളികള്‍ക്ക് ഒരു ഗാര്‍ഡ് വീതമേയുള്ളൂ. 2010 ലെ സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് മൂന്ന് കൂറ്റവാളികള്‍ക്ക് ഒരു ഗാര്‍ഡ് എന്ന അനുപാതത്തില്‍ ജീവനക്കാര്‍ വേണമെന്നാണ് ചട്ടം. ജീവനക്കാരുടെ അപര്യാപ്തത കുറ്റവാളികള്‍ക്ക് തങ്ങളെ കബളിപ്പിക്കാനും അക്രമങ്ങള്‍ നടത്താനും സഹായകരമാകുന്നതായി ജയിലധികൃതര്‍ പരാതിപ്പെടുന്നു.
കുടുംബവും സമൂഹവുമുള്‍പ്പെടെ പുറംലോകവുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കപ്പെടുമ്പോഴുണ്ടാകുന്ന ഒറ്റപ്പെടലും വേര്‍പാടിന്റെ വേദനയും സുഖജീവിത നിഷേധവും കുറ്റവാളികള്‍ക്ക് മാനസാന്തരവും വീണ്ടും തെറ്റുകളിലേക്ക് മടങ്ങാതിരിക്കാനുള്ള ബോധവുമുണ്ടാക്കുകയെന്നതാണ് ജയിലുകളുടെ ഉദ്ദേശ്യം. ഇന്ന് പക്ഷേ, പ്രമുഖ രാഷ്ട്രീയ കക്ഷികളുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതികളും അധോലോക സംഘങ്ങളിലെ തടവുകാരും പുറം ലോകത്തെ എല്ലാ സുഖസൗകര്യങ്ങളും ജയിലുകളിലും ആസ്വദിക്കുകയാണ്. മദ്യം, മയക്കുമരുന്ന്, പുറം ലോകവുമായി ബന്ധപ്പെടാന്‍ മൊബൈല്‍ ഫോണ്‍ തുടങ്ങി അവര്‍ക്കാവശ്യമായതെന്തും അവിടെ ലഭ്യമാണ്. ഇത് മാനസാന്തരത്തിനും വീണ്ടുവിചാരണത്തിനുമുള്ള അവസരവും ജയിലുകളുടെ ലക്ഷ്യവും നഷ്ടമാക്കുന്നു. ഈ അവസ്ഥക്ക് അറുതി വരുത്തുകയും ഏത്കുറ്റവാളിയും ശിക്ഷയുടെ കാഠിന്യം അനുഭവിക്കുന്നുവെന്ന് ഉറപ്പ് വരുത്തുകയും ചെയ്‌തെങ്കിലേ തടവ് ശിക്ഷ പ്രയോജനകരമാകുകയുള്ളൂ.