ജനവിധി നാളെ; പ്രതീക്ഷയോടെ മുന്നണികള്‍

Posted on: November 6, 2015 5:05 am | Last updated: November 5, 2015 at 11:06 pm
SHARE

കാസര്‍കോട്: ത്രിതല പഞ്ചായത്തുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ നടക്കാനിരിക്കെ സ്ഥാനാര്‍ഥികളുടെ ചങ്കിടിപ്പ് വര്‍ധിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളുടെ നെഞ്ചിടിപ്പിനാണ് ആക്കം കൂടുതല്‍.
നാളെ രാവിലെ എട്ടുമണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ജില്ലയിലെ ഏഴു സ്ഥലങ്ങളിലായി ഒന്‍പതു കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുക. വെട്ടെണ്ണല്‍ 223 കൗണ്ടിംഗ് ടേബിളുകളും 651 ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. നഗരസഭകളിലെ തെരഞ്ഞെടുപ്പ് ഫലം പത്തുമണിയോടെ അറിയാനാകുമെന്നാണ് പ്രതീക്ഷ. പിന്നാലെ തന്നെ ഗ്രാമപഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും ഫലങ്ങള്‍ പുറത്ത് വരും. ജില്ലാ പഞ്ചായത്തിലെ ഫലം ഏറ്റവും അവസാനമായിരിക്കും ലഭിക്കുക.
കാസര്‍കോട് ജില്ലയില്‍ കുമ്പള ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കാസര്‍കോട് ഗവ.കോളജ്, കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഹോസ്ദുര്‍ഗ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പരപ്പ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കാഞ്ഞങ്ങാട് നെഹ്‌റു കോളജ്, നീലേശ്വരം രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുക. വോട്ടെണ്ണലിന്റെ പുരോഗതി അറിയുന്നതിന് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇടതുവലതു മുന്നണികളും ബി ജെ പിയും വിജയപ്രതീക്ഷയോടെയാണ് തിരഞ്ഞെടുപ്പ്
ജില്ലാ പഞ്ചായത്തും കൂടുതല്‍ ഗ്രാമപഞ്ചായത്തുകളും കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളും നാലു ബ്ലോക്ക് പഞ്ചായത്തുകളിലും വിജയിക്കുമെന്നാണ് ഇടതുമുന്നണിയുടെ കണക്ക് കൂട്ടല്‍.
യു ഡി എഫില്‍ ഉണ്ടായ റിബല്‍ ഭീഷണി മുന്നണിക്ക് ഗുണം ചെയ്യുമെന്നും കണക്ക് കൂട്ടുന്നു. എന്നാല്‍ ജില്ലാ പഞ്ചായത്ത് ഭരണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് യു ഡി എഫ്.
ഗ്രാമപഞ്ചായത്തുകളില്‍ അപ്രതീക്ഷിത മുന്നേറ്റം ഉണ്ടാക്കാനാകുമെന്നും മുന്നണി നേതൃത്വം കണക്ക് കൂട്ടുന്നു. ബി ജെ പിക്കുണ്ടാകുമെന്ന് കരുതുന്ന മുന്നേറ്റം തത്വത്തില്‍ വലതുമുന്നണിക്ക് ഗുണകരമാകുമെന്നും യു ഡി എഫ് വിലയിരുത്തുന്നു.
അതേസമയം സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.