Connect with us

Uae

ഖത്വര്‍ ജനപ്പെരുപ്പം റെക്കോര്‍ഡ് ഉയരത്തില്‍

Published

|

Last Updated

ദോഹ: രാജ്യത്തെ ജനസംഖ്യ എക്കാലത്തെയും ഉയര്‍ന്ന തോതില്‍. ഒക്‌ടോബര്‍ അവസാനം വരെ രാജ്യത്ത് 2,412,483 പേര്‍ ഉള്ളതായാണ് ഔദ്യോഗിക കണക്ക്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ മുതല്‍ 9 ശതമാനം കുതിച്ചുചാട്ടമുണ്ടായി. 12 മാസത്തിനിടെ 196,000 പേര്‍ വര്‍ധിച്ചു.
ആറ് മാസം മുമ്പാണ് ഇത്തരം ഉയര്‍ച്ച ഉണ്ടായത്. മെയ് അവസാനം ജനസംഖ്യ 2,374,866 ആയിരുന്നു. പുരുഷജനസംഖ്യാ വര്‍ധനവ് തുടരുന്നതായാണ് ഡെവലപ്‌മെന്റ് പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നത്. ഒക്‌ടോബര്‍ 31 വരെ 1,812,418 പുരുഷന്‍മാരും 600,065 സ്ത്രീകളുമാണ് രാജ്യത്തുള്ളത്. അതായത് മൂന്ന് പുരുഷന്‍മാര്‍ക്ക് ഒരു സ്ത്രീ എന്ന നിലയിലാണ് തോത്.
ഒരു വര്‍ഷത്തിലധികമായി പ്രതിമാസം ഒമ്പത് ശതമാനം എന്ന നിരക്കിലാണ് രാജ്യത്തെ ജനസംഖ്യ വര്‍ധിക്കുന്നത്. 2022 ഫുട്‌ബോള്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് മുന്നില്‍ക്കണ്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ വന്‍തോതില്‍ വിദേശ തൊഴിലാളികള്‍ എത്തുന്നതിനാലാണ് ഈ വളര്‍ച്ച. ദോഹ മെട്രോ, സ്റ്റേഡിയങ്ങള്‍, ഹോട്ടലുകള്‍, ഹൈവേ ശൃംഖലകള്‍ തുടങ്ങി നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് ദ്രുതഗതിയില്‍ രാജ്യത്ത് നടക്കുന്നത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ജനസംഖ്യയില്‍ 40 ശതമാനം (ഏഴ് ലക്ഷത്തിലേറെ) വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഗതാഗതക്കുരുക്ക്, സ്‌കൂളുകളും ആരോഗ്യ സേവന സ്ഥാപനങ്ങളും തുടങ്ങിയവ കണ്ടുപിടിക്കാനുള്ള ബുദ്ധിമുട്ട് എന്നിവ ഇതിനെതുടര്‍ന്നുണ്ടാകുന്നുണ്ട്. ഒരു വര്‍ഷം കൂടി ഇതേ അവസ്ഥയുണ്ടാകുമെന്നും അതിന് ശേഷം കാര്യങ്ങളില്‍ പുരോഗതിയുണ്ടാകുമെന്നും മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു. പരിസ്ഥിതി, സാമ്പത്തിക ആസൂത്രണ ഡയറക്ടര്‍ ഫ്രാങ്ക് ഹരിഗാന്‍ പറയുന്നു: അടുത്ത 18 മാസത്തോളം ജനസംഖ്യാ വര്‍ധനവ് ഉണ്ടാകും. അതിന് ശേഷം താഴും. എണ്ണ, വാതക വിലകളിലെ ഇടിവ്, മറ്റ് മേഖലകളെ ബാധിക്കുന്ന ഘടകങ്ങള്‍ തുടങ്ങിയവ കാരണം ജനസംഖ്യയില്‍ കുറവ് രേഖപ്പെടുത്തും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ജനപ്പെരുപ്പം കുറയും. ലോകകപ്പിന്റെ പശ്ചാത്തലത്തില്‍ നിരവധി പേര്‍ വരുന്നുണ്ട്. എന്നാല്‍ അത് ഒരു പരിപാടി മാത്രമാണ്. അതിന് ശേഷം ഖത്തരി സമൂഹത്തിന് സുസ്ഥിരമായത് എന്ത് എന്ന് പരിശോധിക്കേണ്ടതുണ്ട്. ഇന്ന് കാണുന്ന ജനസംഖ്യയേക്കാള്‍ വളരെകുറവായിരിക്കും അന്ന്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.