Connect with us

Uae

നിശബ്ദ പ്രചാരണ ദിനത്തിലും ശബ്ദങ്ങള്‍ സഹിച്ച് പ്രവാസികള്‍

Published

|

Last Updated

ദോഹ: തദ്ദേശ തിരഞ്ഞെടുപ്പിലെ അവസാന ഘട്ടത്തിന്റെ നിശബ്ദ പ്രചാരണ ദിവസത്തില്‍ പ്രവാസികള്‍ക്ക് സൈ്വരമുണ്ടായില്ല. അവസാനവട്ട അടവുകളും പാച്ചിലും ശബ്ദങ്ങളും ചിത്രങ്ങളും അക്ഷരങ്ങളുമായി വാട്‌സ് ആപ്പിലും ഫേസ്ബുക്കിലും പ്രവഹിച്ചപ്പോള്‍ പ്രവാസികളുടെ മൊബൈല്‍ ഫോണുകള്‍ ശബ്ദിച്ചു കൊണ്ടേയിരുന്നു.
നിമിഷങ്ങള്‍ക്കകം കടല്‍ കടന്നെത്തുന്ന സോഷ്യല്‍ മീഡിയ ചൂടന്‍ പ്രചാരണത്തിന് സാക്ഷ്യം വഹിക്കന്ന ആദ്യ തിരഞ്ഞെടുപ്പിന്റെ ക്ലൈമാക്‌സ് പലരും ആസ്വദിച്ചപ്പോള്‍ ഭൂരിഭാഗം പേര്‍ക്കും അത് അലോസരമായി. പ്രചാരണങ്ങളുടെ വീഡിയോയും ചിത്രങ്ങളും ശബ്ദങ്ങളും അപ്പപ്പോള്‍ ഗ്രൂപ്പുകളില്‍ വന്നു. അവസാന ദിവസത്തെ തന്ത്രങ്ങളും മാധ്യമ വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ തരംഗമായി. വ്യാജമായി നിര്‍മിച്ച സന്ദേശങ്ങളും പ്രചാരണങ്ങളും ഇന്നലെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ പരസ്പരം ഓടി നടന്നു. പ്രചാരണം കൊടുമ്പിരി കൊണ്ടതോടെ അവയുടെ വിശദീകരണങ്ങളും തിരുത്തലുകളും വന്നു. പ്രവാസികളോട് നേരിട്ട് വോട്ടഭ്യര്‍ഥിക്കാനുള്ള അവസരവും വാട്‌സ് ആപ്പ് കാലത്ത് എളുപ്പമായി. കുടുംബാംഗങ്ങളുടെ വോട്ടുറപ്പിക്കാന്‍ സ്ഥാനാര്‍ഥികളും പാര്‍ട്ടി നേതാക്കളും ബന്ധുക്കളും വോയ്‌സ് നോട്ടുകള്‍ അയച്ചു. വോട്ട് ചെയ്യാനുള്ള പ്രവാസികളുടെ അഭ്യര്‍ഥനകളും വാട്‌സ് ആപ്പില്‍ പ്രചരിച്ചു.
വോട്ടെടുപ്പിന്റെ തലേന്നു വന്ന ചില വാര്‍ത്തകള്‍ക്കും ഇന്നലെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരം ലഭിച്ചു. എം എസ് എഫ് സംസ്ഥാന പ്രസിഡന്റിനെ തോല്‍പ്പിക്കുന്നതിനെന്ന് പ്രചരിപ്പിക്കപ്പെട്ട കണ്‍വെന്‍ഷനും തുടര്‍ന്ന് അമ്പലക്കടവ് അബ്ദുല്‍ ഹമീദ് ഫൈസിക്കെതിരെ അദ്ദേഹത്തിന്റെ സംഘടന സ്വീകരിച്ച നടപടിയും ഇന്നലെ വന്‍ പ്രചാരം നേടി. പ്രത്യേകിച്ച് മുസ്‌ലിം ലീഗുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളിലുമാണ് ഇത് ഓടിയത്. പ്രവാസികളുടെ വോട്ടുറപ്പിക്കാന്‍ വാര്‍ത്തകളുടെ പ്രചാരണം വേറെയുമുണ്ടായി. കഴിഞ്ഞ കാലങ്ങളില്‍ രാഷ്ട്രീയക്കാരാല്‍ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങളും ശബ്ദങ്ങളും വാട്‌സ് ആപ്പില്‍ പുനര്‍ജനിച്ചു. എതിര്‍പാര്‍ട്ടികളുടെ പ്രധാന പ്രചാരണയുധമായാണ് പരേതര്‍ മൊബൈല്‍ ഫോണുകളില്‍ ഒഴുകിയത്. വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ചില പ്രകടനങ്ങളും പ്രസംഗങ്ങളും ഇന്നലെയും വാട്‌സ് ആപ്പുകളില്‍ ഹിറ്റായി. മതസംഘടനകളെയും നേതാക്കളെയും ചീത്ത പദാവലികള്‍ കൊണ്ട് ആക്ഷേപിക്കുന്ന മുദ്രാവാക്യങ്ങളും മുന്‍കാലങ്ങളിലെ ചില പ്രസംഗങ്ങളും പുതിയ കാലത്തോട് ചേര്‍ത്തുവെച്ചു കൊണ്ടുള്ള പ്രചാരണങ്ങള്‍ ചിലയിടത്തെങ്കിലും കുറിക്കു കൊണ്ടുവെന്നാണ് പ്രവാസികളുടെ വിലയിരുത്തല്‍.

Latest