ലോകത്ത് വിദ്യാഭ്യാസം ആക്രമണം നേരിടുന്നു: ശൈഖ മൗസ

Posted on: November 5, 2015 8:07 pm | Last updated: November 9, 2015 at 6:48 pm
ശൈഖ മൗസ ബിന്‍ത് നാസര്‍, മിഷേല്‍ ഒബാമ എന്നിവര്‍ ഡോ. സകീന യാകൂബിക്കൊപ്പം
ശൈഖ മൗസ ബിന്‍ത് നാസര്‍, മിഷേല്‍ ഒബാമ എന്നിവര്‍ ഡോ. സകീന യാകൂബിക്കൊപ്പം

ദോഹ: ലോകത്ത് വിദ്യാഭ്യാസ രംഗവും വിദ്യാഭ്യാസ പ്രവര്‍ത്തനവും ആക്രമണം നേരിട്ടു കൊണ്ടിരിക്കുകയാണെന്നും ലോകത്തിന്റെ ഭാവിയെ പടുത്തുയര്‍ത്താന്‍ വിദ്യാഭ്യാസത്തെ വളര്‍ത്തുകയാണ് പരിഹാരമെന്നും ശൈഖ മൗസ പറഞ്ഞു. ഏഴാമത് വേള്‍ഡ് ഇന്നവേഷന്‍ സമ്മിറ്റ് ഫോര്‍ എജുക്കേഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
സുസ്ഥിര വികസനത്തിനു വേണ്ടിയുള്ള പ്രധാന മാര്‍ഗമായി വിദ്യഭ്യാസം പരിഗണിക്കണം. നമ്മള്‍ വിദ്യാഭ്യാസപരമായി പിന്നോട്ടു പോകുന്നുണ്ട്. അതിനു പല കാരണങ്ങളുമുണ്ടാകാം. ഒന്നാം ഗള്‍ഫ് യുദ്ധത്തിനു മുമ്പ് ഇറാഖില്‍ 100 ശതമാനം വിദ്യാഭ്യാസം സാധ്യമായിരുന്നു. യുനസ്‌കോയുടെ രാജ്യാന്തര സാക്ഷരതാ അവാര്‍ഡ് വരെ 1982ല്‍ ഇറാഖ് നേടി. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതി എന്താണ്?. യുനസ്‌കോയുടെ തന്നെ റിപ്പോര്‍ട്ട് അനുസരിച്ച് മൂന്നു ദശലക്ഷം കുട്ടികള്‍ ഇറാഖിലും സിറിയയിലുമായി പ്രാഥമിക വിദ്യാഭ്യാസത്തിനുപോലും പുറത്താണ്. യു എന്‍ നേതൃത്വത്തില്‍ ചില വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ഇറാഖില്‍ നടക്കുന്നുണ്ട്. എന്നാല്‍ അവിടെയുള്ള അസ്വസ്ഥതകള്‍ വീണ്ടും വിദ്യാഭ്യാസത്തെ ഇല്ലായ്മ ചെയ്യുന്നു. ഇറാഖില്‍ മാത്രമല്ല സിറിയയിലും ഫലസ്തീനിലും വിദ്യാഭ്യാസത്തെയാണ് ശത്രുക്കള്‍ ലക്ഷ്യം വെക്കുന്നത്. 2009നും 2012നുമിടയില്‍ ചുരുങ്ങിയത് 30 രാജ്യങ്ങളില്‍ സ്‌കൂളുകള്‍ ആക്രമിക്കപ്പെട്ടു. വിദ്യാഭ്യാസത്തെ ഇല്ലായ്മ ചെയ്യുക എന്നത് ആഗോള പ്രശ്‌നമായി മാറിയിട്ടുണ്ട്.
യുനസ്‌കോയുടെ ഒടുവില്‍ പുറത്തു വന്ന കണക്ക് അനുസരിച്ച് കുറഞ്ഞത് 124 ദശലക്ഷം പേര്‍ പ്രാഥമിക വിദ്യാഭ്യാസം ലഭിക്കാത്തവരായി ഉണ്ട്. ഇതില്‍ 59 ദശലക്ഷം പ്രാഥമിക വിദ്യാഭ്യാസത്തിന്റെ പ്രായത്തിലുള്ളവര്‍ തന്നെയാണ്. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ വ്യാപകമായി ഉണ്ടായ അഭയാര്‍ഥി പ്രവാഹം ഈ കണക്കുകളെ പെരുപ്പിച്ചിട്ടുണ്ടാകും. വിദ്യാഭ്യാസത്തെ വളര്‍ത്തുന്നതിനും കുട്ടികള്‍ക്ക് ശരിയായ അറിവ് ലഭിക്കുന്നതിനും ലോകാടിസ്ഥാനത്തില്‍ തന്നെ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.
സമ്മിറ്റ് ഉദ്ഘാടന ചടങ്ങില്‍ അമേരിക്കന്‍ പ്രഥമ വനിത മിഷേല്‍ ഒബാമ, ഗാബന്‍ പ്രഥമ വനിത സില്‍വിയ ബോംഗോ ഒന്‍ഡിംബ എന്നിവരും സംബന്ധിച്ചു. 120 രാജ്യങ്ങളിലെ സര്‍ക്കാര്‍, സര്‍ക്കാറിതര സ്ഥാപനങ്ങളിലെ പ്രതിനിധികളായി 1250 പേരാണ് പങ്കെടുക്കുന്നത്.