പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്ക് കാലതാമസം നേരിടുന്നു

Posted on: November 5, 2015 4:51 pm | Last updated: November 5, 2015 at 4:51 pm
SHARE

blissദുബൈ: ഇന്ത്യന്‍ കോണ്‍സുലേറ്റിന് കീഴില്‍ വിവിധ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്ക് കാലതാമസം നേരിടുന്നു. ദുബൈ കോണ്‍സുലേറ്റില്‍ പുതുക്കല്‍ ഉള്‍പെടെയുള്ള സേവനങ്ങള്‍ക്കായി നല്‍കുന്ന പാസ്‌പോര്‍ട്ടുകളാണ് ഉടമസ്ഥര്‍ക്ക് തിരിച്ചുകിട്ടുന്നതിന് കാലതാമസം നേരിടുന്നത്.
സേവനങ്ങളുമായി ബന്ധപ്പെട്ട പ്രക്രിയക്ക് കാലതാമസം എടുക്കുന്നതാണ് നിരവധി പേരെ ബുദ്ധിമുട്ടിലാക്കുന്നത്. ഇന്ത്യന്‍ കോണ്‍സുലേറ്റിനായി ബി എല്‍ എസ് ഇന്റര്‍നാഷനലാണ് പാസ്‌പോര്‍ട്ട് സേവനങ്ങള്‍ നല്‍കുന്നത്. ദുബൈ കോണ്‍സുലേറ്റിന്റെ നിര്‍ദേശമാണ് പാസ്‌പോര്‍ട്ട് സേവന പ്രക്രിയക്ക് കാലതാമസം നേരിടുന്നതിന് ഇടയാക്കുന്നതെന്ന് ബി എല്‍ എസ് അധികാരികള്‍ അവരുടെ ഔദ്യോഗിക സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. കാലാവധി അവസാനിച്ച പാസ്‌പോര്‍ട്ട് പുതുക്കല്‍, പാസ്‌പോര്‍ട്ട് നശിക്കുകയോ, നഷ്ടപ്പെടുകയോ ചെയ്യുന്നതിന് പകരമായി പുതിയവ വിതരണം ചെയ്യല്‍ തുടങ്ങിയവക്ക് ദുബൈയില്‍ നിന്നു നല്‍കിയ പാസ്‌പോര്‍ട്ടാണെങ്കില്‍ 15 പ്രവര്‍ത്തി ദിനങ്ങള്‍ വേണ്ടിവരുമെന്ന് വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.
മുമ്പ് ഒരാഴ്ചക്കകം ലഭിച്ചിരുന്നതാണ് ഇരട്ടിയായി സമയം ദീര്‍ഘിപ്പിച്ചിരിക്കുന്നത്. ദുബൈക്ക് പുറത്തു നിന്ന് നല്‍കിയ പാസ്‌പോര്‍ട്ടാണെങ്കില്‍ 60 പ്രവര്‍ത്തി ദിനങ്ങള്‍ വേണ്ടിവരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. മുമ്പ് ഇതിനായി 40 പ്രവര്‍ത്തി ദിനങ്ങള്‍ മതിയായിരുന്നു. തത്ക്കാലില്‍ പെട്ടെന്ന് ലഭിക്കാനായി കൂടിയ തുക ഫീസായി നല്‍കി അപേക്ഷിക്കുന്നവര്‍ക്കുള്ള സമയവും ദീര്‍ഘിപ്പിച്ചിട്ടുണ്ട്.
മുമ്പ് മൂന്നു പ്രവര്‍ത്തി ദിനങ്ങളായിരുന്നൂവെങ്കില്‍ ഇപ്പോഴത് അഞ്ച് പ്രവര്‍ത്തി ദിനങ്ങളായിരിക്കയാണ്. നവജാത ശിശുക്കള്‍ക്കും മൈനര്‍മാരുടെ പാസ്‌പോര്‍ട്ടിനും ഇനി മുതല്‍ ചുരുങ്ങിയത് 15 പ്രവര്‍ത്തി ദിനങ്ങള്‍ വേണ്ടിവരുമെന്നും വെബ്‌സൈറ്റ് പറയുന്നു. കെട്ടിക്കിടക്കുന്ന പാസ്‌പോര്‍ട്ട് സേവനങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് സമയക്രമം പുതുക്കി നിശ്ചയിച്ചതെന്ന് കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കി. സാങ്കേതികമായ കാരണങ്ങളാണ് അപേക്ഷകളില്‍ പാസ്‌പോര്‍ട്ട് സേവനം വേഗത്തില്‍ നല്‍കുന്നതിന് തടസമാവുന്നത്. നിലവിലെ സാഹചര്യം ഒന്ന് രണ്ട് ആ്‌ഴ്ചക്കകം തീരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ ആയാല്‍ പഴയ സമയക്രമത്തിലേക്ക് പാസ്‌പോര്‍ട്ട് വിതരണം മാറും.
അത്യാവശ്യ സര്‍വീസുകള്‍ ആവശ്യമുള്ളവര്‍ നേരത്തെ പാസ്‌പോര്‍ട്ട് നല്‍കാന്‍ ശ്രമിക്കണം. ദിനേന വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട് 700 ഓളം പാസ്‌പോര്‍ട്ടുകളാണ് ദുബൈയിലെ ബി എല്‍ എസ് കേന്ദ്രത്തില്‍ ലഭിക്കുന്നത്. ദുബൈയില്‍ നിന്നും വടക്കന്‍ എമിറേറ്റില്‍ നിന്നുമാണ് ഇവ എത്തുന്നത്. കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ ആയിരക്കണക്കിന് ഉണ്ടെന്ന് വ്യക്തമാക്കിയ വക്താവ് എത്ര അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത് എന്നത് സംബന്ധിച്ച കൃത്യമായ കണക്ക് വെളിപ്പെടുത്തിയില്ല.
വിസ മറ്റാന്‍ ശ്രമിക്കുന്നവര്‍ക്കും അത്യാവശ്യങ്ങളുമായി ബന്ധപ്പെട്ട് നാട്ടില്‍ എത്തേണ്ടവര്‍ക്കുമെല്ലാം പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്ക് കാലതാമസം നേരിടുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് പാസ്‌പോര്‍ട്ട് സേവനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകര്‍ വ്യക്തമാക്കി.