Connect with us

Gulf

ഐക്യം രാജ്യത്തിന്റെ ശക്തിയുടെ ഉറവിടം-ജനറല്‍ ശൈഖ് മുഹമ്മദ്

Published

|

Last Updated

അബുദാബി: ഐക്യമാണ് രാജ്യത്തിന്റെ ശക്തിയുടെ ഉറവിടമെന്ന് അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഉപ മേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അഭിപ്രായപ്പെട്ടു. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാനും യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാനും നമുക്ക് കാണിച്ചുതന്ന തത്വങ്ങളുടെയും മൂല്യങ്ങളുടെയും അടിസ്ഥാനത്തിലാണ് രാഷ്ട്രം മുന്നേറുന്നതെന്നും പതാക ദിനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്ത നിരവധി സന്ദേശങ്ങളിലൂടെ ജനറല്‍ ശൈഖ് മുഹമ്മദ് വിശദീകരിച്ചു. രാജ്യം നേടിയ നേട്ടങ്ങളെല്ലാം രാഷ്ട്രത്തെ സ്‌നേഹിക്കുന്ന പൗരന്മാരുടെ സംഭാവനകളാണെന്നും ജനറല്‍ ശൈഖ് മുഹമ്മദ് ഓര്‍മിപ്പിച്ചു.
രാഷ്ട്രശില്‍പികളായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാനും ശൈഖ് റാശിദ് ബിന്‍ സഈദ് അല്‍ മക്തൂമും അവരുടെ സഹോദരന്മാരും രാഷ്ട്രം കെട്ടിപ്പടുക്കാന്‍ അനുഭവിച്ച ദുരിതങ്ങളും പ്രയ്തനവും ഓര്‍മപ്പെടുത്താനാണ് യു എ ഇ പതാക ദിനം ആചരിക്കുന്നത്.
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് പതാക ദിനം ആചരിക്കാന്‍ സ്വദേശികളോട് കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തത്. യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അധികാരം ഏറ്റെടുത്ത ദിനം കൂടിയാണ് പതാക ദിനമായ നവംബര്‍ മൂന്ന്.