ഫോക്‌സ് തീം പാര്‍ക്കിനായി ധാരണാപത്രം ഒപ്പിട്ടു; 2020ന് മുമ്പ് യാഥാര്‍ഥ്യമാവും

Posted on: November 5, 2015 4:38 pm | Last updated: November 5, 2015 at 4:38 pm
SHARE

mmmദുബൈ: അല്‍ അഹ്‌ലി ഹോള്‍ഡിംഗ് ഗ്രൂപ്പിന്റെയും തീം പാര്‍ക്ക് നിര്‍മാണ രംഗത്തെ പ്രമുഖരായ ഫോക്‌സ് വേള്‍ഡ് തീം പാര്‍ക് ആന്റ് റിസോട്ടിന്റെയും സംയുക്ത സംരംഭമായ ദുബൈയിലെ ഫോക്‌സ് തീം പാര്‍ക് എസ്‌ക്‌പോ 2020 ന് മുമ്പായി യാഥാര്‍ഥ്യമാവും. അല്‍ അഹ്‌ലി ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് മുഹമ്മദ് ഖമ്മാസാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇതുമായി ബന്ധപ്പെട്ട് ഫോക്‌സുമായി ധാരണാപത്രം ഒപ്പിട്ടുണ്ട്. അടുത്ത വര്‍ഷം നിര്‍മാണം ആരംഭിക്കും. അതേസമയം പാര്‍ക്കിന്റെ വലിപ്പവും പണച്ചെലവും സംബന്ധിച്ച് ഖമ്മാസ് മൗനംപാലിച്ചു. 20th സെഞ്ച്വറി ഫോക്‌സ് വേള്‍ഡ് തീം പാര്‍ക്കിന്റെ ഫോക്‌സ് ബ്രാന്റഡ് പദ്ധതിയില്‍ താമസത്തിനുള്ള 200 മുറികളുമുണ്ടാവും. ഭാവി ആവശ്യം പരിഗണിച്ച് പദ്ധതി വികസിപ്പിക്കും. അതേസമയം ഫോക്‌സ് രാജ്യത്ത് നിര്‍മിക്കുക 20th സെഞ്ച്വറി ഫോക്‌സ് വേള്‍ഡ് സിനിമയോട് കൂടുതല്‍ സാമ്യമുള്ള തീം പാര്‍ക്കാവുമെന്നാണ് ഈ രംഗത്തുള്ളവര്‍ വിലയിരുത്തുന്നത്. ഇത്തരത്തില്‍ ഒരെണ്ണത്തിന്റേത് നിര്‍മാണം മലേഷ്യയില്‍ നടന്നുവരികയാണ്. 500 കോടി മലേഷ്യന്‍ റിഗ്ഗിറ്റാണ് ഇതിനായി ചെലവിടുന്നത്.