യു എ ഇ ലോകത്തിലെ 30-ാമത്തെ സമൃദ്ധ രാജ്യം

Posted on: November 5, 2015 4:36 pm | Last updated: November 5, 2015 at 4:36 pm
SHARE

dubaiഅബുദാബി: യു എ ഇ ലോകത്തിലെ സമൃദ്ധിയുള്ള 30ാമത്തെ രാജ്യമാണെന്ന് അഭിവൃദ്ധി സൂചിക. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദ ലെഗാറ്റം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ 2015 പ്രോസ്‌പെറിറ്റി ഇന്റക്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എണ്ണ വിലയില്‍ ഇടിവുണ്ടാവുമ്പോഴും രാജ്യം നേട്ടമുണ്ടാക്കിയെന്നത് റിപ്പോര്‍ട്ട് എടുത്തുപറയുന്നു. മിന മേഖലയിലെ ഏറ്റവും സമ്പന്നമായ രാജ്യമെന്ന പദവിക്കും യു എ ഇ അര്‍ഹമായിട്ടുണ്ട്. 142 രാജ്യങ്ങളെ ഉള്‍പെടുത്തിയാണ് വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്.
സമ്പദ്‌വ്യവസ്ഥ, സംരംഭകരുടെ സാന്നിധ്യം, അവസരങ്ങള്‍, ഭരണനിര്‍വഹണം, വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷ, വ്യക്തി സ്വാതന്ത്ര്യം തുടങ്ങിയവയാണ് രാജ്യങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ മാനദണ്ഡമാക്കിയത്. സാമ്പത്തികമായി റിപ്പോര്‍ട്ടില്‍ രാജ്യത്തിന് 21ാം സ്ഥാനവും ലഭിച്ചിട്ടുണ്ട്. പട്ടികയില്‍ ആദ്യ 50 രാജ്യങ്ങളില്‍ മേഖലയില്‍ നിന്ന് കുവൈത്ത്(36), സഊദി അറേബ്യ(42), തുര്‍ക്കി(48), മൊറോക്കോ(49) എന്നിവയാണ് ഇടംപിടിച്ചത്. ലോകത്തിലെ ഏറ്റവും സമ്പന്നവും അഭിവൃദ്ധിയുള്ളതുമായ രാജ്യം നോര്‍വേയാണ്. തുടര്‍ച്ചയായ ഏഴാം വര്‍ഷമാണ് നോര്‍വേ സ്ഥാനം നിലനിര്‍ത്തുന്നത്. സ്വിറ്റ്‌സര്‍ലണ്ടിനാണ് രണ്ടാം സ്ഥാനം, മൂന്നാം സ്ഥാനത്ത് ഡെന്‍മാര്‍ക്കാണ്. കഴിഞ്ഞ വര്‍ഷം നാലാം സ്ഥാനമായിരുന്നു ഡെന്‍മാര്‍ക്കിന്.