അരുന്ധതി റോയിയും ദേശീയ പുരസ്‌കാരം തിരിച്ചു നല്‍കും

Posted on: November 5, 2015 2:06 pm | Last updated: November 6, 2015 at 12:15 pm
SHARE

arundhati-roy

ന്യൂഡല്‍ഹി: വിഖ്യാത എഴുത്തുകാരി അരുന്ധതി റോയിയും രാജ്യത്ത് വര്‍ധിച്ചു വരുന്ന അസഹിഷ്ണുതയിലും കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിലും പ്രതിഷേധിച്ച് ദേശീയ പുരസ്‌കാരം തിരിച്ചു നല്‍കാന്‍ ഒരുങ്ങുന്നു. ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിലെഴുതിയ ലേഖനത്തിലൂടെയാണ് അരുന്ധതി ഇക്കാര്യം അറിയിച്ചത്. മികച്ച തിരക്കഥയ്ക്ക് ലഭിച്ച പുരസ്‌കാരമാണ് തിരിച്ചുനല്‍കുക.

1989ല്‍ ‘ഇന്‍വിച്ച് ആനി ഗിവ്‌സ് ഇറ്റ് ദോസ് വണ്‍സ്’ എന്ന ചിത്രത്തിന്റെ തിരക്കഥയ്ക്കാണ് അരുന്ധതി റോയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചത്. ദാദ്രി സംഭവവും എഴുത്തുകാരുടെ കൊലപാതകവുമെല്ലാം വരാനിരിക്കുന്ന അത്യാപത്തിന്റെ സൂചനകളാണെന്ന് അരുന്ധതി വ്യക്തമാക്കി. ലക്ഷക്കണക്കിന് മുസ്‌ലിംകളും ക്രിസ്ത്യാനികളും ദലിതരും ആദിവാസികളുമെല്ലാം ഭീതിയോടെയാണ് ജീവിക്കുന്നത്. എവിടെ നിന്ന് ആക്രമണമുണ്ടാകുമെന്ന് പറയാന്‍ കഴിയാത്ത അവസ്ഥയാണ്. രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന സംഭവവിവാകസങ്ങളെ ഉള്‍ക്കൊള്ളാന്‍ അസഹിഷ്ണുത എന്ന പദം പര്യാപ്തമല്ലെന്നും അരുന്ധതി റോയ് വ്യക്തമാക്കുന്നു.
നിരവധി എഴുത്തുകാരും ബുദ്ധിജീവികളും രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയിലും കേന്ദ്ര സര്‍ക്കാരിന്റെ നടപടിയിലും പ്രതിഷേധിച്ച് പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കിയിരുന്നു. സാഹിത്യ-ശാസ്ത്ര-സിനിമാ മേഖലകളിലെ നിരവധി പ്രമുഖരാണ് പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കിയത്. എഴുത്തുകാരുടെ പ്രതിഷേധം വ്യാപകമായതിനെത്തുടര്‍ന്ന് അക്രമങ്ങളെ അപലപിച്ച് സാഹിത്യ അക്കാദമി പ്രമേയം പാസാക്കിയിരുന്നു. പുരസ്‌കാരങ്ങള്‍ തിരിച്ചു വാങ്ങണമെന്ന് എഴുത്തുകാരോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ എഴുത്തുകാര്‍ ഈ ആവശ്യം തള്ളി. ശാസ്ത്ര-സിനിമാ മേഖലകളില്‍ ഉള്ളവരും പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കാന്‍ തുടങ്ങിയതോടെ അക്രമങ്ങളെ അപലപിച്ച് കേന്ദ്രവും ആര്‍എസ്എസും രംഗത്തെത്തിയിരുന്നു. പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കിയവരുമായി ചര്‍ച്ചക്ക് തയ്യാറാണെന്നും തീരുമാനം പിന്‍വലിക്കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here