ജില്ല ഇന്ന് ബൂത്തിലേക്ക്

Posted on: November 5, 2015 6:41 am | Last updated: November 5, 2015 at 11:41 am
SHARE

മണ്ണാര്‍ക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള സാരഥികളെ കണ്ടെത്താന്‍ ജില്ല ഇന്ന് ബൂത്തിലേക്ക്. മണ്ണാര്‍ക്കാട് പ്രഥമ മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിലും ബ്ലോക്ക് പഞ്ചായത്തന് കീഴിലെ എട്ട് ഗ്രാമപഞ്ചായത്തുകളിലേക്കുമുള്ള തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റിയില്‍ 29 ഡിവിഷനുകളിലേക്കായ് 29 ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ബൂത്തുകളിലേക്കുളള വോട്ടിങ് യന്ത്രങ്ങള്‍ ഉള്‍പ്പെടെയുളള സാധന സാമഗ്രികളുടെ വിതരണം കുമരംപുത്തൂര്‍ കല്ലടി ഹൈസ്‌കൂളില്‍ നിന്നും വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ അലനല്ലൂര്‍, കോട്ടോപ്പാടം, തച്ചനാട്ടുകര, കുമരംപുത്തൂര്‍, തെങ്കര, കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കരിമ്പ പഞ്ചായത്തുകളിലേക്കുളള വോട്ടിങ് യന്ത്രങ്ങളുടെയും മറ്റ് സാമഗ്രികളുടെയും വിതരണം നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് നടന്നത്. 263 ബൂത്തുകളാണ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുളളത്. തിരഞ്ഞെടുപ്പ് ജീവനക്കാരായി സ്ത്രീ ജീവനക്കാരെയാണ് നിയമിച്ചിരിക്കുന്നത്.
മണ്ണാര്‍ക്കാട് മേഖലയില്‍ അഞ്ച് പ്രശ്‌നബാധ്യത ബൂത്തുകളാണുളളത്. കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ ഇരുമ്പകച്ചോല, പൂഞ്ചോല, കല്ലാംകുഴി ബൂത്തുകളും കോട്ടോപ്പാടം പഞ്ചായത്തിലെ പുറ്റാനിക്കാട്, അമ്പലപ്പാറ ബൂത്തുകളുമാണ് പ്രശ്‌നബാധ്യതാ ബൂത്തുകള്‍.
ഇവിടങ്ങളില്‍ പ്രത്യേക സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്. ഇന്ന് പോളിംഗ് പൂര്‍ത്തിയായാല്‍ മുനിസിപ്പാലിറ്റിയിലെ വോട്ടിങ് യന്ത്രങ്ങള്‍ കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്‌ട്രോങ് റൂമിലും, ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ എട്ട് ഗ്രാമപഞ്ചായത്തുകളിലെ വോട്ടിങ് യന്ത്രങ്ങള്‍ നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സ്‌ട്രോങ് റൂമിലുമാണ് സൂക്ഷിക്കുക. രണ്ട് കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
വോട്ടണ്ണാന്‍ തുടങ്ങിയാല്‍ ഒരു മണിക്കൂറിനകം മുനിസിപ്പാലിറ്റി ആര് ഭരിക്കുമെന്ന് തീരുമാനമാവും. പഞ്ചായത്തുകളിലേത് 11മണിയോടുകൂടിയും വ്യക്തമാവും. പതിനെട്ടടവുകളും പുറമെ കാണാത്ത മറ്റ് അടവുകളും പയറ്റിയ മുന്നണികള്‍ ജയപരാജയ സാധ്യതകളുടെ കണക്കെടുപ്പിലാണിപ്പോള്‍. വിജയ സാധ്യത വര്‍ദ്ധിപ്പിക്കാന്‍ തങ്ങള്‍ക്കനുകൂലമായ വോട്ടുകള്‍ പരമാവധി പോള്‍ ചെയ്യിക്കാനുളള ശ്രമത്തിലാണ് ഓരോ വാര്‍ഡിലേയും സ്ഥാനാര്‍ഥികള്‍.