സ്‌നേഹസ്പര്‍ശം ഇനി എയ്ഡ്‌സ് രോഗികളുടെ സാന്ത്വനത്തിനും

Posted on: November 5, 2015 11:35 am | Last updated: November 5, 2015 at 11:35 am
SHARE

കോഴിക്കോട്: വൃക്കരോഗികളുടെ ചികിത്സയ്ക്കും പരിചരണത്തിനും പുനരധിവാസത്തിനുമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സ്‌നേഹസ്പര്‍ശം കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി എയ്ഡ്‌സ് രോഗികളുടെ സാന്ത്വനമേഖലയിലേക്കും പ്രവേശിക്കുന്നു.
ഇന്നലെ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സൊസൈറ്റി വാര്‍ഷികജനറല്‍ ബോഡിയില്‍ അവതരിപ്പിച്ച ഭാവിരൂപരേഖയിലാണ് ഈ പ്രഖ്യാപനമുണ്ടായത്. എയ്ഡ്‌സ് രോഗികളെ അകറ്റിനിര്‍ത്തുന്ന പ്രവണത സമൂഹത്തിലിപ്പോഴും നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് സൊസൈറ്റി ഇവരുടെ ചികിത്സയും പുനരധിവാസവും അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞതെന്ന് രൂപരേഖ അവതരിപ്പിച്ച ഡോ. ഇദ്‌രിസ് അറിയിച്ചു. 2014-15 സാമ്പത്തികവര്‍ഷത്തില്‍ സ്‌നേഹസ്പര്‍ശം കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി 3134 പേര്‍ക്ക് സാധാരണ ഡയാലിസിസും 185 പേര്‍ക്ക് പെരിട്ടോണിയല്‍ ഡയാലിസിസും നടത്തിയതായി പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ച ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. സലിം അറിയിച്ചു. സാധാരണ ഡയാലിസിസിന് ഒരു രോഗിക്ക് പ്രതിമാസം 2500 രൂപയും പെരിട്ടോണിയല്‍ ഡയാലിസിസിന് 3000 രൂപയുമാണ് സൊസൈറ്റി നല്‍കുന്നത്.
ഇതിനുപുറമെ കിഡ്‌നി മാറ്റിവച്ചവരുടെ തുടര്‍ചികിത്സയ്ക്കായി 12,22,889 രൂപ, മൊബൈല്‍ ക്ലിനിക്കിന് 5,37,805 രൂപ, മാനസികരോഗികള്‍ക്കായി ജില്ലയിലെ മൂന്ന് ക്ലിനിക്കുകളില്‍ ചികിത്സ നടത്തുന്നതിന് 1,98,000 രൂപ എന്നിവയും സൊസൈറ്റി ചെലവഴിക്കുകയുണ്ടായി. മൊബൈല്‍ ക്ലിനിക് വഴി 125 സ്‌കൂളുകളില്‍ നടത്തിയ പരിശോധനയില്‍ 336 കുട്ടികള്‍ക്കും 590 റസിഡന്റ്‌സ് അസോസിയേഷന്‍ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ 986 മുതിര്‍ന്നവര്‍ക്കും കിഡ്‌നി രോഗത്തിന്റെ ലക്ഷണം കണ്ടെത്തുകയുണ്ടായി. സൊസൈറ്റി കഴിഞ്ഞവര്‍ഷം ജീവല്‍ദാനം എന്ന പേരില്‍ 32 അവയദാന ബോധവത്ക്കരണവും നടത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ചടങ്ങില്‍ 2015 ലെ ആരോഗ്യകേരളം പുരസ്‌ക്കാരം ലഭിച്ച സൊസൈറ്റി അധ്യക്ഷ കൂടിയായ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീലയ്ക്ക് സ്‌നേഹോപഹാരം നല്‍കി. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഡയാലിസിസിന് വിധേയനാകുന്ന നാദാപുരത്തെ മുഹമ്മദ് ഫായിസ് എന്ന പന്ത്രണ്ടുകാരനാണ് ഉപഹാരം നല്‍കിയത്. ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. സലിമിനുളള ഉപഹാരം കോഴിക്കോട് ഇനീഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് (കിപ്) സെക്രട്ടറി ഇ.പി. കുഞ്ഞബ്ദുളള സമ്മാനിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍. ശശി,അംഗങ്ങളായ സി.വി.എം. നജ്മ, ടി.കെ. തങ്കമണി, സൊസൈറ്റി ജോയിന്റ് കണ്‍വീനര്‍ടി.എം അബൂബക്കര്‍, കിപ് സെക്രട്ടറി കെ. മധുസൂദനന്‍, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രഹാസന്‍, ബി.വി. ജാഫര്‍ ബറാമി, സി. ആലിക്കോയ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here