മാപ്പിള കലാ അക്കാദമി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കുന്നു

Posted on: November 5, 2015 11:34 am | Last updated: November 5, 2015 at 11:34 am

കോഴിക്കോട്: കേരള മാപ്പിള കലാ അക്കാദമി വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മൈത്രിയാത്രയും മാപ്പിളപ്പാട്ട് മഹോത്സവവും ഉള്‍പ്പെടെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് സംഘടിപ്പിക്കുക. രാജ്യനന്മക്കായി ഒത്തുചേരാം …ഒത്തു പാടാം എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് സ്‌നേഹദൂത് എന്ന പേരില്‍ മാപ്പിളകലകളുടെ അകമ്പടിയോടെ 2016 മാര്‍ച്ചില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയാണ് മൈത്രിയാത്ര നടത്തുക.
‘മാപ്പിളപ്പാട്ടിന്റെ നാനൂറ് വര്‍ഷങ്ങള്‍’ ആസ്പദമാക്കി സഫീനത്ത് എന്ന പേരില്‍ മാപ്പിളപ്പാട്ട് മഹോത്സവ പരിപാടികള്‍ കാസര്‍കോട്, കണ്ണൂര്‍, ആലപ്പുഴ, വയനാട്, മലപ്പുറം, തൃശൂര്‍, കൊല്ലം, ഇടുക്കി ജില്ലകളില്‍ നടക്കും. പരിപാടിയില്‍ പ്രമുഖ കവികളെയും കൃതികളെയും അനാവരണം ചെയ്യുന്നശില്‍പ്പശാല, കവിയരങ്ങ്, അന്താക്ഷരി, കവിതാരചനാമത്സരം എന്നിവ അരങ്ങേറുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു അക്കാഡമിയുടെ ഗ്ലോബല്‍ കമ്മിറ്റി നിലവില്‍ വന്നതായും ഇവര്‍ പറഞ്ഞു. എം സി ഖമറുദ്ദീന്‍, നെല്ലറ ഷംസു, തലശ്ശേരി കെ റഫീഖ്, എം എ റഹീം, മുഹമ്മദ് ഖമ്‌റാന്‍, സൈനബ നൗഫല്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.