Connect with us

Ongoing News

ഇന്ന് ജനവിധി എഴുതുന്നത് 29 ലക്ഷം വോട്ടര്‍മാര്‍

Published

|

Last Updated

മലപ്പുറം: കത്തിക്കയറിയ പ്രചാരണങ്ങള്‍ക്കൊടുവില്‍ ജില്ലയിലെ വോട്ടര്‍മാര്‍ ഇന്ന് വിധിയെഴുതും.
പ്രതീക്ഷകളും പ്രവചനങ്ങളുമെല്ലാം പുലരുമോയെന്നറിയാന്‍ ഒരു ദിവസം കൂടി കാത്തിരിക്കണം. ജില്ലയിലെ 122 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ 29.06 ലക്ഷം പേരാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് പോവുക. 14,80,892 സ്ത്രീകളും 14,25,750 പുരുഷന്മാരും മൂന്ന് ഭിന്നലിംഗക്കാരും സമ്മതിദാനാവകാശം വിനിയോഗിക്കും. ഇവരില്‍ 45,752 പേര്‍ പുതിയ വോട്ടര്‍മാരാണ്. ഗ്രാമപഞ്ചായത്തുകളില്‍ 23,86,631 ഉം നഗരസഭകളില്‍ 52,0014 ഉം പേര്‍ക്ക് വോട്ടവകാശമുണ്ട്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് വോട്ടെടുപ്പ്. അഞ്ച് മണിക്ക് വരിയില്‍ നില്‍ക്കുന്ന എല്ലാവര്‍ക്കും സമയം എത്ര വൈകിയാലും വോട്ട് ചെയ്യാം. നവംബര്‍ ഏഴിനാണ് വോട്ടെണ്ണല്‍. വോട്ടെടുപ്പിനായി 3911 പോളിംഗ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് തലത്തില്‍ 3431 ഉം നഗരസഭകളില്‍ 480 ഉം ബൂത്തുകളുണ്ട്. ഓരോ പോളിംഗ് സ്റ്റേഷനിലും ഒരു പ്രിസൈഡിംഗ് ഓഫീസറും മൂന്ന് പോളിംഗ് ഓഫീസര്‍മാരും ഡ്യൂട്ടിക്കുണ്ടാകും. 3911 പ്രിസൈഡിംഗ് ഓഫീസറും 11,733 പോളിംഗ് ഓഫീസര്‍മാരും അടക്കം 15644 പേര്‍ ജില്ലയില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടാകും. അവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിന് റിസര്‍വ് ഉദ്യോഗസ്ഥര്‍ വേറെയുമുണ്ട്.
തിരഞ്ഞെടുക്കേണ്ടത്
2512 ജനപ്രതിനിധികളെ
മലപ്പുറം: ജില്ലയിലെ വോട്ടര്‍മാര്‍ ഇന്ന് തിരഞ്ഞെടുക്കേണ്ടത് 2512 ജന പ്രതിനിധികളെ. 94 ഗ്രാമപഞ്ചായത്തുകളിലെ 1778 വാര്‍ഡുകള്‍, 12 നഗരസഭകളിലെ 479 വാര്‍ഡുകള്‍, 15 ബ്ലോക്ക് പഞ്ചായത്തുകളിലെ 223 ഡിവിഷനുകള്‍, ജില്ലാ പഞ്ചായത്തിലെ 32 ഡിവിഷനുകള്‍ എന്നിവിടങ്ങളിലേക്കായി ആകെ 2512 ജനപ്രതിനിധികളെയാണ് വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നത്. ഇതിനായി 4128 സ്ത്രീകളും 4496 പുരുഷന്മാരുമടക്കം 8624 സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുണ്ട്. ഗ്രാമപഞ്ചായത്തിലേക്ക് 6143 ഉം (2947 സ്ത്രീ, 3196 പുരുഷന്‍) നഗരസഭകളിലേക്ക് 1529 ഉം (725 സ്ത്രീ, 804 പുരുഷന്‍) ബ്ലോക്ക് പഞ്ചായത്തിലേക്ക് 801 ഉം (386 സ്ത്രീ, 415 പുരുഷന്‍) ജില്ലാ പഞ്ചായത്തിലേക്ക് 151 ഉം (70 സ്ത്രീ, 81 പുരുഷന്‍) സ്ഥാനാര്‍ഥികളാണ് രംഗത്തുള്ളത്.

Latest