കുറ്റപത്രം സമര്‍പ്പിച്ചതിനെതിരെ ഹനീഫയുടെ ബന്ധുക്കള്‍

Posted on: November 5, 2015 5:47 am | Last updated: November 5, 2015 at 12:47 am
SHARE

ചാവക്കാട്: ഹനീഫ വധക്കേസില്‍ കോണ്‍ഗ്രസ് നേതാവ് സി എ ഗോപപ്രതാപനെ ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ചതിനെതിരെ ബന്ധുക്കള്‍ രംഗത്ത്. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതുവരെ നിയമയുദ്ധം തുടരുമെന്ന് ദുബൈയിലുള്ള ഹനീഫയുടെ സഹോദരന്‍ എ സി ഉമ്മര്‍ പറഞ്ഞു. കൊലപാതകത്തിന്റെ സൂത്രധാരന്‍ കോണ്‍ഗ്രസ് ഗുരുവായൂര്‍ ബ്ലോക്ക് മുന്‍ പ്രസിഡന്റ് സി എ ഗോപപ്രതാപനെ ഒഴിവാക്കി ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം അംഗീകരിക്കാന്‍ കഴിയില്ല.
കൊലപാതകത്തിന്റെ സൂത്രധാരന്‍ ഗോപപ്രതാപനാണെന്ന് മാതാവ് മൊഴി നല്‍കിയെങ്കിലും തെളിവില്ലെന്നു പറഞ്ഞു അന്വേഷണ സംഘം മൊഴി ഒഴിവാക്കിയെന്നും ഇത് അന്വേഷിക്കാതെ കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ കഴിയില്ലെന്നും ഉമര്‍ പറഞ്ഞു. പണത്തിന്റെ സ്വാധീനം കൊണ്ടാണ് കേസില്‍ ഗോപപ്രതാപനെ പ്രതി ചേര്‍ക്കാത്തത്്. കോണ്‍ഗ്രസ് ഗ്രൂപ്പ് പോരാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കുറ്റപത്രം പറയുമ്പോള്‍ ക്വട്ടേഷന്‍ സംഘാംഘങ്ങളെ മാത്രമാണ് പ്രതിചേര്‍ത്തിരിക്കുന്നത്.
നിലവിലെ അന്വേഷണത്തില്‍ തങ്ങളുടെ കുടുംബം തൃപ്തരല്ല. പാര്‍ട്ടി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടും പോലീസിനും സര്‍ക്കാറിനും അത് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തന്റെ സഹോദരന്റെ വധത്തില്‍ ഗോപപ്രതാപന് പങ്കുണ്ടെന്ന് ബോധ്യമായതുകൊണ്ടാണ് പാര്‍ട്ടി അദ്ദേഹത്തെ ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്ത് നിന്നു ഒഴിവാക്കിയത്. എന്നിട്ടും അദ്ദേഹം തെറ്റുകാരനാണെന്ന് കണ്ടെത്താനാകാത്തത് അത്ഭുതമാണെന്നും കേസിന്റെ കുറ്റപത്രം ലഭിച്ചാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും ഉമര്‍ വ്യക്തമാക്കി. ആഗസ്ത് ഏഴിന് രാത്രിയാണ് മണത്തല ബേബി റോഡ് പഴയ 14ാം വാര്‍ഡില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് സെക്രട്ടറി എ സി ഹനീഫ മാതാവിന്റെ മുമ്പില്‍ വെച്ച് കുത്തേറ്റ് മരിച്ചത്. മാതാവടക്കം അഞ്ച് ദൃക്‌സാക്ഷികളും 45ഓളം സാക്ഷികളുമുള്ള കേസില്‍ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകം നടന്ന് 88ാം ദിവസമാണ് മുന്നുറോളം പേജുള്ള കുറ്റപത്രം ചാവക്കാട് ഫസ്റ്റ്് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് രഞ്ജിത് കൃഷ്ണന്‍ മുമ്പാകെ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി. എ ഡി മോഹന്‍ദാസ് സമര്‍പ്പിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here