Connect with us

Kerala

അന്യ സംസ്ഥാന തൊഴിലാളികളില്‍ നിയമം കര്‍ശനമാക്കുന്നു

Published

|

Last Updated

കോഴിക്കോട്: ബോഡോ തീവ്രവാദി നേതാവ് കോഴിക്കോട് പിടിയിലായ സാഹചര്യത്തില്‍ സംസ്ഥാനത്ത് അന്യ സംസ്ഥാന തൊഴിലാളികളില്‍ പോലീസ് നിരീക്ഷണം ശക്തമാക്കുന്നു. കഴിഞ്ഞ ദിവസം പിടിയിലായ അസമിലെ നിരോധിക്കപ്പെട്ട നാഷണല്‍ ഡമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്റ് ഓര്‍ഗനൈസിംഗ് സെക്രട്ടറി ബി എന്‍ ഡിന്‍ഗ അന്യ സംസ്ഥാന തൊഴിലാളിയെന്ന നിലയിലായിരുന്നു ഒരു മാസക്കാലം കോഴിക്കോട് കക്കോടി മുട്ടോളിയില്‍ താമസിച്ചത്.
കേരളത്തിലേക്ക് വരാന്‍ ഇയാള്‍ക്ക് അവസരമൊരുക്കി ക്കൊടുത്തതും അന്യ സംസ്ഥാന തൊഴിലാളിയാണ്. നിരവധി തീവ്രവാദി ഗ്രൂപ്പുകള്‍ അന്യ സംസ്ഥാന തൊഴിലാളികളെ മറയാക്കി കേരളം താവളമാക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം സംശയിക്കുന്നു. ഈ സാഹചര്യത്തിലാണ് അന്യ സംസ്ഥാന തൊഴിലാളികളില്‍ നിയമം കര്‍ശനമാക്കുന്നത്.
ലക്ഷക്കണക്കിന് തൊഴിലാളികള്‍ കേരളത്തില്‍ നിലവിലുണ്ടെങ്കിലും സര്‍ക്കാറിന് ഇതെ കുറിച്ച് വ്യക്തമായ കണക്കെടുക്കാന്‍ സാധിച്ചിട്ടില്ല. അന്യ സംസ്ഥാന തൊഴിലാളികളുടെ വിവരം ലഭിക്കുന്നതിന് റജിസ്‌ട്രേഷന്‍ നടപ്പാക്കിയെങ്കിലും കഴിഞ്ഞ മെയ് മാസം വരെ അര ലക്ഷത്തോളം പേരാണ് റജിസ്ട്രര്‍ ചെയ്തത്. ഇതര സംസ്ഥാന തൊഴിലാളികളുടെ തൊഴിലിടങ്ങളിലും അവരുടെ താമസ സ്ഥലങ്ങളിലും ജില്ലാ ലേബര്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പരിശോധന നടക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും യഥാര്‍ഥത്തില്‍ നടക്കുന്നില്ലെന്നാണ്‌വ്യക്തമാകുന്നത്.
രേഖകളൊന്നുമില്ലാതെ കേരളത്തില്‍ എത്തുന്ന അന്യ സംസ്ഥാനക്കാരുടെ എണ്ണം ദിവസവും വര്‍ധിക്കുന്നതായാണ് സൂചന. തൊഴില്‍ ചെയ്യുന്നതിനായി കൊണ്ടുവരുന്ന ഇവരെ സംബന്ധിച്ച വിവരം തൊട്ടടുത്ത പോലീസ് സ്‌റ്റേഷനില്‍ ഹാജരാക്കണമെന്ന വ്യവസ്ഥയും പാലിക്കപ്പെടുന്നില്ല. ഇത്മൂലം കുറ്റവാളികള്‍ ഇവിടെ പെരുകാന്‍ കാരണമാകുന്നു.
കേരളത്തില്‍ കുറ്റം ചെയ്ത് അന്യ സംസ്ഥാനക്കാര്‍ക്ക് മറ്റു സംസ്ഥാനങ്ങളിലേക്ക് കടന്ന് രക്ഷപ്പെടാനും സൗകര്യം ലഭിക്കുന്നു. അന്യസംസ്ഥാനക്കാരായ തൊഴിലാളികളുടെ ഫോട്ടോയും വിരലടയാളവും പോലീസ് സ്‌റ്റേഷനില്‍ സൂക്ഷിക്കണമെന്നാണ് വ്യവസ്ഥയെങ്കിലും കേരളത്തില്‍ ഇപ്പോഴുള്ള അന്യ സംസ്ഥാനക്കാരുടെ ഒരു ശതമാനം പോലും കണക്ക് പോലീസിന്റെ കൈവശമില്ല. സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളില്‍ വാടക വീടെടുത്താണ് തൊഴിലാളികള്‍ താമസിക്കുന്നത്. ഇവരെ സംബന്ധിച്ച വിവരങ്ങള്‍ കെട്ടിട ഉടമക്ക് അറിയില്ല. ദിവസവും നൂറും ഇരുനുറും പേരാണ് കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ ജോലിക്കായി എത്തുന്നത്.
നിര്‍മാണ മേഖലയിലെ അനിശ്ചിതത്വത്തെ തുടര്‍ന്ന് കുറച്ച് കാലം അന്യ സംസ്ഥാന തൊഴിലാളികളുടെ കടന്നു വരവില്‍ കുറവ് അനുഭവപ്പെട്ടിരുന്നുവെങ്കിലും സമീപ കാലത്ത് വീണ്ടും വര്‍ദ്ധിച്ചതായാണ് സൂചന. ഇവരില്‍ പലര്‍ക്കും തിരിച്ചറില്‍ രേഖപോലും ഇല്ല. സംസ്ഥാനത്ത് തന്നെ അടുത്ത് നടന്ന പല കുറ്റകൃത്യങ്ങള്‍ക്ക് പിന്നിലും ഇത്തരം തൊഴിലാളികളുടെ പങ്ക് വ്യക്തമായിരുന്നു. അസം ,ബീഹാര്‍, തമിഴ്‌നാട് , ഒഡീഷ, ബംഗാള്‍, ജാര്‍ഖണ്ഡ്, ഛത്തീസ് ഗഡ് ,ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് തൊഴിലാളികള്‍ ജോലിക്കായി വരുന്നത്.

Latest