Connect with us

National

ആര്‍ എസ് എസിനെതിരെ ജെ എന്‍ യുവിലെ വിദ്യാര്‍ഥികള്‍

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ സര്‍വകലാശാലയാ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലക്കെതിരെ ആര്‍ എസ് എസ് നടത്തിയ ആരോപണത്തിനെതിരെ ജെ എന്‍ യുവിലെ വിദ്യാര്‍ഥികള്‍ രംഗത്ത്. ദേശവിരുദ്ധ ശക്തികളുടെ പ്രധാന കേന്ദ്രമാണെന്നും രാജ്യ വിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ് ക്യാമ്പസിനകത്ത് നടക്കുന്നതെന്നും ആര്‍ എസ് എസ് മുഖപത്രമായ പാഞ്ച്ജന്യ ആരോപിച്ചിരുന്നു. മാസികയുടെ പുതിയ ലക്കത്തിലാണ് രാജ്യത്തെ സമുന്നത കലാലയമായ ജെ എന്‍ യുവിനെക്കുറിച്ച് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഈ ലേഖനത്തിനെതിരെ പ്രതിഷേധവുമായി ജെ എന്‍ യു വിദ്യാര്‍ഥികള്‍ രംഗത്തെത്തി.
രാജ്യത്തെ ശിഥിലമാക്കുകയാണ് ഇവിടെ പഠിക്കുന്നവരുടെ ലക്ഷ്യംമെന്നും “ഐ എന്‍ യു റൊട്ടീന്‍ലി ഹോസ്റ്റ്‌സ് ആന്റിനാഷണല്‍ ആക്റ്റിവിറ്റീസ്”” എന്ന പേരില്‍ പ്രസിദ്ധീകരിച്ച ലേഖനനത്തില്‍ പറയുന്നു. ലേഖകന്‍ ജെ എന്‍ യുവിലെ പൂര്‍വ വിദ്യാര്‍ഥിയാണ് താന്‍ നേരിട്ടു കണ്ട അനുഭവങ്ങളാണ് ഇതെന്നും ലേഖകന്‍ അവകാശപ്പെടുന്നു. ദേശീയതയെ താറടിച്ചു കാണിക്കാന്‍ ക്യാമ്പസിനകത്ത് അധ്യാപകരടക്കമുള്ളവര്‍ ശ്രമം നടത്തിയതിന് താന്‍ സാക്ഷിയായിട്ടുണ്ടെന്നും ലേഖകന്‍ പറയുന്നു.
ലേഖനത്തിനെതിരെ ശക്തമായ വിമര്‍ശനവുമായി ജെ എന്‍ യു വിലെ ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനങ്ങളടക്കമുള്ള എല്ലാ സംഘടനകളും രംഗത്തെത്തി. രാജ്യത്തിന് ജെ എന്‍ യു നല്‍കിയ സംഭാവനകള്‍ എന്താണെന്നറിയാത്തവരാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അവര്‍ പറഞ്ഞു. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള ആര്‍ എസ് എസിന്റെ നിലപാടിന്റെ ഭാഗമാണിതെന്നും അവര്‍ വിമര്‍ശിച്ചു.
സര്‍ഗാത്മകമായി പ്രതികരിക്കുന്നവര്‍ക്കെതിരെ ഫാസിസ്റ്റുകള്‍ എക്കാലത്തും വിമര്‍ശനങ്ങളുമായി വന്നിട്ടുണ്ടെന്നും ഏറ്റവും ഒടിവിലത്തേതാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും എ എസ് എഫ് ഐ. ജെ എന്‍ യു പ്രസിഡന്റ് അബ്‌രാജ് രാജ് പ്രതികരിച്ചു. ഇത്തരക്കാര്‍ ജെ എന്‍ യു വിന്റെ പൂര്‍വ്വകാലത്തെക്കുറിച്ച് പഠിക്കണമെന്നും വിഷയത്തില്‍ പ്രത്യക്ഷമായ സമരത്തിനിറങ്ങുമെന്നും അവര്‍ പറഞ്ഞു.
2010ല്‍ ദന്തേവാദയില്‍ 75 സി ആര്‍ പി എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടപ്പോള്‍ ജെ എന്‍ യുവിലെ നക്‌സല്‍ അനുകൂല വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ പരസ്യമായി ആഘോഷിച്ചു. ഇത്തരം ആഘോഷങ്ങളെല്ലാം ജെ എന്‍ യുവിലെ ഭരണ നേതൃത്വത്തിന്റെ അറിവോടെയാണ് നടക്കുന്നതെന്നും ആര്‍ എസ് എസ് ആരോപിച്ചു.
ഇന്ത്യന്‍ സംസ്‌കാരത്തേയും ചരിത്രത്തേയും വളച്ചൊടിച്ച് അവതരിപ്പിക്കുന്നു. കശ്മീരില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നതിനെ ജെ എന്‍ യു പിന്തുണക്കുന്നു. മറ്റ് അനേകം ദേശവിരുദ്ധ പ്രവര്‍ത്തികളെയും ഇവര്‍ പിന്തുണയ്ക്കുന്നതായി മുഖമാസികയിലെ ലേഖനം കൂട്ടിച്ചേര്‍ക്കുന്നു. ഇന്ദിരാഗാന്ധിയും കോണ്‍ഗ്രസും തങ്ങള്‍ക്കനുകൂലമാകുന്ന ഒരു കൂട്ടത്തെ സൃഷ്ടിക്കുന്നതിനായിരുന്നു സര്‍വകാലാശാല നിര്‍മിച്ചതെന്നും കേന്ദ്ര സര്‍ക്കാറിന്റെ ചെലവില്‍ ദേശ വിരുദ്ധ, മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളാണ് ക്യാമ്പസില്‍ അരങ്ങേറുന്നതെന്നും ലേഖനം ആരോപിക്കുന്നുണ്ട്.

---- facebook comment plugin here -----

Latest