Connect with us

International

പത്ത് വര്‍ഷത്തിനിടെ 700ലധികം മാധ്യമപ്രവര്‍ത്തകര്‍ക്ക് ജീവഹാനി

Published

|

Last Updated

ലണ്ടന്‍: കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ലോകത്ത് 700 ലധികം മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ചു പുതിയ ആശങ്കകള്‍ ഉയര്‍ത്തുന്നതാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങളെന്ന് ബ്രിട്ടനിലെ യൂനിവേഴ്‌സിറ്റി ഓഫ് ഷെഫീല്‍ഡ്‌സ് ഡിപാര്‍ട്ട്‌മെന്റ് ഓഫ് ജേണലിസം സ്റ്റഡീസ് പ്രൊഫസര്‍ ജാക്കീ ഹാരിസണ്‍ പറഞ്ഞു. ഇത്തരം കേസുകളില്‍ പത്തിലൊന്നില്‍ മാത്രമാണ് ഉത്തരവാദികളായവരെ നിയമത്തിന് മുമ്പില്‍ ഹാജരാക്കുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കേണ്ട കാലഘട്ടമാണിത്. ഇപ്പോള്‍ ഇവരെ ലക്ഷ്യമാക്കി കൂടുതല്‍ ആക്രമണങ്ങള്‍ അരങ്ങേറുന്നു. മാധ്യമപ്രവര്‍ത്തകരെ നിശബ്ധരാക്കേണ്ടത് ചിലരുടെ ബാധ്യതയാണ്. അതുകൊണ്ട് അവരെ നിരന്തരം ലക്ഷ്യമാക്കി ആക്രമണങ്ങളുണ്ടാകുന്നു. ജനങ്ങളുടെ അറിയാനുള്ള അവകാശത്തിന് നേരെയും അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുമാണ് ഈ ആക്രമണങ്ങള്‍. ഹാരിസണ്‍ കൂട്ടിച്ചേര്‍ത്തു.
അറിയാനുള്ള അവകാശത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നത് കാരണം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാധ്യമപ്രവര്‍ത്തകരെ ജയിലിലടക്കുന്നതും ആശങ്കയുണ്ടാക്കുന്നു. മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷക്ക് വേണ്ടി ഐക്യരാഷ്ട്ര സഭ ചില പദ്ധതികള്‍ കൊണ്ടുവന്നിട്ടുണ്ട്. എന്നാല്‍ വാര്‍ത്താ ഏജന്‍സികളും പൊതുജനങ്ങളും ഈ പദ്ധതികളെ കുറിച്ച് ബോധവാന്‍മാരാകുകയാണെങ്കില്‍ മാത്രമേ മാധ്യമപ്രവര്‍ത്തകര്‍ക്ക് സുരക്ഷ ലഭിക്കുകയുള്ളൂവെന്നും പ്രൊഫസര്‍ വ്യക്തമാക്കി.

Latest