Connect with us

International

ഇസ്‌റാഈല്‍ കൈയേറ്റങ്ങള്‍ ചെറുക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണം: ഫലസ്തീന്‍

Published

|

Last Updated

ജറൂസലം: ഫലസ്തീനികളെ സൈനിക ശക്തി ഉപയോഗിച്ച് അടിച്ചമര്‍ത്തുന്ന ഇസ്‌റാഈല്‍ നടപടിക്കെതിരെ ഫലസ്തീന്‍ മുന്നറിയിപ്പ്. ആഴ്ചതോറും നടക്കുന്ന സര്‍ക്കാര്‍ യോഗത്തിലാണ് ഇസ്‌റാഈലിന്റെ പ്രകോപനപരമായ നടപടികള്‍ക്കെതിരെ ഫലസ്തീന്‍ മുന്നറിയിപ്പ് നല്‍കിയത്.
ജറൂസലമിലും മസ്ജിദുല്‍അഖ്‌സയിലും നിരന്തരമായി ഇസ്‌റാഈല്‍ സൈന്യം അതിക്രമങ്ങള്‍ തുടരുകയാണ്. ഹെബ്‌റോണ്‍, ജറൂസലം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഇസ്‌റാഈല്‍ സൈന്യം നടത്തുന്ന കൈയേറ്റങ്ങള്‍ക്കെതിരെ അന്താരാഷ്ട്രാ സമൂഹം നിയമപരമായ നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. അടുത്തിടെ തുടങ്ങിയ ഇസ്‌റാഈല്‍- ഫലസ്തീന്‍ സംഘര്‍ഷം ഏറ്റവും രൂക്ഷമായ പ്രദേശങ്ങളിലൊന്നാണ് ഹെബ്‌റോണ്‍. മരിച്ച മൊത്തം 74 ഫലസ്തീനികളില്‍ 29 പേരും ഇവിടെ നിന്നുള്ളവരാണെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹെബ്‌റോണില്‍ ഇസ്‌റാഈല്‍ അനധികൃതമായി നിര്‍മിച്ച കേന്ദ്രങ്ങള്‍ നീക്കം ചെയ്യാന്‍ യു എന്‍ സെക്യൂരിറ്റി കൗണ്‍സിലും ജനറല്‍ അസംബ്ലിയും ഇടപെടണമെന്ന് ഫലസ്തീന്‍ ആവശ്യപ്പെട്ടു. ഹെബ്‌റോണിന്റെ സാമ്പത്തിക കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ശുഹാദ തെരുവ് ഇസ്‌റാഈല്‍ സൈന്യത്തിന്റെ അധിനിവേശം മൂലം അടച്ചിട്ടിരിക്കുകയാണ്. ഇത് തുറക്കാനും സുരക്ഷാ കൗണ്‍സില്‍ ഇടപെടണമെന്ന് ഫലസ്തീന്‍ നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Latest