Connect with us

International

മാലദ്വീപില്‍ അടിയന്തരാവസ്ഥ

Published

|

Last Updated

മാലി: മാലദ്വീപില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന്റെ മുന്നോടിയായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് അബ്ദുല്ല യമീന്‍ ഖയ്യൂമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. സുരക്ഷാ സൈനികര്‍ക്ക് സംശയമുള്ളവരെ മുഴുവന്‍ അറസ്റ്റ് ചെയ്യാനും അനുമതി നല്‍കിയിട്ടുണ്ട്.
ബുധനാഴ്ച 12 മണിമൂതല്‍ 30 ദിവസത്തേക്ക് മാലദ്വീപില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നുവെന്ന് പ്രസിഡന്റിന്റെ വക്താവ് മുആസ് അലി ട്വീറ്റ് ചെയ്തു. തന്റെ ജനതയുടെ മുഴുവന്‍ സുരക്ഷയും ഉറപ്പാക്കാനുള്ള മുഴുവന്‍ നടപടിയും സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം അബ്ദുല്ല യമീന്‍ ഉറപ്പ് നല്‍കിയിരുന്നു. തൊട്ട് മുമ്പത്തെ ദിവസം ഇദ്ദേഹത്തിന്റെ ഓഫീസിന്റെ പരിസരത്ത് നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ മാസം പ്രസിഡന്റും അദ്ദേഹത്തിന്റെ ഭാര്യയും സഞ്ചരിച്ചിരുന്ന സ്പീഡ് ബോട്ട് സ്‌ഫോടനത്തില്‍ തകര്‍ന്നിരുന്നെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മാലദ്വീപ് വൈസ് പ്രസിഡന്റിന് ഇതില്‍ പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തെയും അറസ്റ്റ് ചെയ്തിരിക്കുകയാണ്. അധികാരം അട്ടിമറിച്ച് കൈപിടിയിലൊതുക്കാനുള്ള ചിലരുടെ ശ്രമങ്ങളാണ് നടക്കുന്നതെന്ന് അബ്ദുല്ല യമീന്‍ ഒരു പ്രസംഗത്തിനിടെ വ്യക്തമാക്കി.
എന്നാല്‍ മാലദ്വീപിന്റെ അഭ്യര്‍ഥന അനുസരിച്ച് അന്വേഷണം ഏറ്റെടുത്ത എഫ് ബി ഐയുടെ അന്വേഷണത്തില്‍ ബോംബുകള്‍ ഉണ്ടായിരുന്നതിന് തെളിവില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ബോട്ട് സ്‌ഫോടനത്തില്‍ തകര്‍ന്ന സംഭവത്തില്‍ വൈസ് പ്രസിഡന്റടക്കം ഇതുവരെ ഒമ്പത് പേര്‍ അറസ്റ്റിലായിട്ടുണ്ട്. മാലദ്വീപ് ഭരണഘടന അനുസരിച്ച്, പ്രസിഡന്റ് മരിക്കുകയോ സ്ഥാനത്തിരിക്കാന്‍ യോഗ്യതയില്ലാതിരിക്കുകയോ ചെയ്യുമ്പോള്‍ അധികാരം വൈസ് പ്രസിഡന്റിനായിരിക്കും.
മാലദ്വീപിലെ ആകെ ജനസംഖ്യ മൂന്നര ലക്ഷമാണ്. ഇവരില്‍ കൂടുതലും സുന്നികളുമാണ്. 2008ലാണ് ആദ്യമായി ബഹുമുഖ പാര്‍ട്ടികള്‍ മത്സരത്തില്‍ പങ്കെടുത്ത തിരഞ്ഞെടുപ്പ് നടന്നത്. ജനാധിപത്യപരമായ രീതിയില്‍ അധികാരത്തിലേറിയ ആദ്യ നേതാവ് ഇപ്പോള്‍ ഭീകര നിയമത്തിന്റെ പേരില്‍ ജയിലില്‍ കഴിയുകയാണ്.

Latest