Connect with us

National

ടി എസ് താക്കൂര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസാകും

Published

|

Last Updated

ന്യൂഡല്‍ഹി: ജസ്റ്റിസ് ടി എസ് താക്കൂര്‍ സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കും. ഡിസംബര്‍ രണ്ടിന് വിരമിക്കുന്ന എച്ച് എല്‍ ദത്തുവിന്റെ പിന്‍ഗാമിയായാണ് താക്കൂര്‍ ചുമതലയേല്‍ക്കുക.
ദത്തുവാണ് ഇദ്ദേഹത്തിന്റെ പേര് നിര്‍ദേശിച്ചത്. കേന്ദ്രം അംഗീകരിച്ച നിര്‍ദേശം നിയമ മന്ത്രാലയത്തിന്റെ അനുമതിക്ക് ശേഷം പ്രധാനമന്ത്രിയുടെ അംഗീകാരത്തിനായി അയച്ചിരിക്കുകയാണ്. പ്രധാനമന്ത്രി കൂടി ഒപ്പുവെക്കുന്നതോടെ രാഷ്ട്രപതി ഔദ്യോഗികമായി ചീഫ് ജസ്റ്റിസിനെ പ്രഖ്യാപിക്കും. 43ാമത് ചീഫ് ജസ്റ്റിസായാണ് ടി എസ് താക്കൂര്‍ ചുമതലയേല്‍ക്കുക. ഒരു വര്‍ഷം ഈ സ്ഥാനത്ത് തുടരുന്ന 63 വയസ്സുള്ള ജസ്റ്റിസ് താക്കൂര്‍ 2017 ജനുവരി മൂന്നിന് വിരമിക്കും.
ഐ പി എല്‍ വാതുവെപ്പ് കേസില്‍ വിധി പ്രഖ്യാപിച്ചത് ടി എസ് താക്കൂറായിരുന്നു. ശാരദ ചിട്ടി തട്ടിപ്പ് കേസ്, എന്‍ ആര്‍ എച്ച് എം അഴിമതി കേസ് തുടങ്ങിയവയില്‍ വാദം കേട്ട സുപ്രീം കോടതി ബഞ്ചിന്റെ തലവനും ഇദ്ദേഹമായിരുന്നു.
952 ജനുവരിയില്‍ ജനി ച്ച താക്കൂര്‍ 1972ല്‍ എന്റോള്‍ ചെയ്ത് ജമ്മു കാശ്മീര്‍ ഹൈക്കോടതിയില്‍ വക്കീലായി സേവനം ആരംഭിച്ചു. 1994ല്‍ ജമ്മുകാശ്മീര്‍ ഹൈക്കോടതിയില്‍ അഡീഷനല്‍ ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. തുടര്‍ന്ന് 1995ല്‍ കര്‍ണാടക ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി നിയമിതനായി. ഡല്‍ഹി ഹൈക്കോടതിയില്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസ്, പഞ്ചാബ്, ഹരിയാന ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസ് തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. 2009ലാണ് സുപ്രീം കോടതിയില്‍ ജഡ്ജിയായി ചുമതലയേറ്റത്.

Latest