ജയാപൂര്‍ നല്‍കുന്ന താക്കീത്

Posted on: November 5, 2015 6:12 am | Last updated: November 5, 2015 at 12:17 am
SHARE

JAYAPURദശകങ്ങളിലൂടെ സംഘ്പരിവാര്‍ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാന്‍ പല രൂപങ്ങളിലും രീതികളിലും നടപ്പാക്കുന്ന ഹിന്ദുത്വ പദ്ധതിക്ക് യു പിയിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജയാപൂര്‍ ഗ്രാമം ശക്തമായ താക്കീത് നല്‍കിയിരിക്കുകയാണ്. ജയാപൂര്‍ മാത്രമല്ല യു പി സംസ്ഥാനമാകെ ബി ജെ പിക്കും കോണ്‍ഗ്രസിനും കനത്ത തിരിച്ചടി നല്‍കിയിരിക്കുന്നുവെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. ഒരല്‍പം ഗോമാംസം സ്വന്തം വീട്ടിലെ അടുക്കളയില്‍ സൂക്ഷിച്ചുവെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാക്ക് എന്ന മധ്യവയസ്‌കനെ മതാന്ധരായ ആള്‍ക്കൂട്ടം തല്ലിക്കൊന്ന ദാദ്രി എന്ന ഗ്രാമം ഉള്‍പ്പെടുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. ലൗജിഹാദിന്റെ പേരില്‍ വര്‍ഗീയ കലാപങ്ങള്‍ പടര്‍ത്തി ഹിന്ദുത്വ ധ്രുവീകരണത്തിലൂടെ 16-ാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 80-ല്‍ 71 സീറ്റും ബി ജെ പി ജയിച്ചു കയറിയ സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. രാജ്യാഭിമാനത്തിന്റെ പ്രതീകമായി സംഘ്പരിവാര്‍ ഉയര്‍ത്തിക്കാണിക്കുന്ന അയോധ്യയുടെ മണ്ണാണ് ഉത്തര്‍ പ്രദേശ്.
നരേന്ദ്ര മോദി പ്രതിനിധീകരിക്കുന്ന വാരാണസി ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് അലഹബാദിലേക്കുള്ള റോഡില്‍ 28 കി. മീ. സഞ്ചരിച്ചാല്‍ ജയാപൂര്‍ ഗ്രാമത്തിലെത്തും. സേവാപുര അസംബ്ലി മണ്ഡലത്തില്‍ സ്ഥിതിചെയ്യുന്ന ജയാപൂരിന്റെ സവിശേഷത അവിടെ ഹിന്ദുക്കള്‍ മാത്രമേയുള്ളൂ എന്നതാണ്. 2011-ലെ സെന്‍സസ് കണക്കുകളനുസരിച്ച് ഹിന്ദു ജനസംഖ്യ 3205 ആണ്. അതില്‍ ഭൂരിപക്ഷവും സവര്‍ണ ഹിന്ദുജാതിക്കാരാണ്. ദളിതര്‍ 320 പേര്‍ മാത്രമാണ്. സവര്‍ണ ഹിന്ദു ഭൂരിപക്ഷമുള്ള ഗ്രാമമെന്നനിലയിലാണ് ആര്‍ എസ് എസ് ജയാപൂരിനെ ആദര്‍ശഗ്രാമമായി പ്രഖ്യാപിച്ചത്. തങ്ങളുടെ ഹിന്ദുത്വപദ്ധതിയുടെ മാതൃകാ ഗ്രാമമാക്കി ജയാപൂരിനെ അവതരിപ്പിക്കാനാണ് സംഘ്പരിവാര്‍ ശ്രമിച്ചുപോന്നത്.
2014ല്‍ മോദി വാരണാസിയില്‍ നിന്ന് ലോക്‌സഭയിലെത്തി പ്രധാനമന്ത്രിയായതോടെ ആര്‍ എസ് എസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നിന്നുള്ള പ്രതേ്യക ഉത്തരവനുസരിച്ച് ‘സന്‍സദ് ആദര്‍ശഗ്രാമ’പദ്ധതിയിലുള്‍പ്പെടുത്തി ജയാപൂരിനെ ദത്തെടുത്തു. ആര്‍ എസ് എസിന്റെ നിര്‍ദേശാനുസരണം മോദി ആദര്‍ശഗ്രാമമായി ജയാപൂരിനെ തിരഞ്ഞെടുക്കാനുള്ള മാനദണ്ഡം മതം മാത്രമായിരുന്നു. മുസ്‌ലിംകളില്ലാത്ത ഗ്രാമങ്ങളാണ് ബി ജെ പി. എം പിമാര്‍ യു പിയില്‍ മോദിയുടെ ചുവട് പിടിച്ച് ആദര്‍ശഗ്രാമപദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. മതനിരപേക്ഷ ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്തവരാണ് മതാധിഷ്ഠിത ഹിന്ദുഗ്രാമങ്ങള്‍ സൃഷ്ടിക്കുന്നത്! യുപിയിലെ 16 ബി ജെ പി എം പിമാര്‍ മുസ്‌ലിംകളില്ലാത്ത ഗ്രാമങ്ങളെ തിരഞ്ഞെടുത്ത് ആദര്‍ശ ഗ്രാമപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയെന്ന മഹത്തായ മതനിരപേക്ഷ രാജ്യത്തിന്റെ ബഹുസ്വരതക്കും വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടാണ് സാംസ്‌കാരിക ദേശീയതയുടെ പരീക്ഷണങ്ങള്‍ക്കായി മോദി ഭരണത്തിനുകീഴില്‍ ആര്‍ എസ് എസ് ആദര്‍ശ ഗ്രാമപദ്ധതികള്‍ നടപ്പാക്കിയത്.
ഹിന്ദുമത വിശ്വാസവും ഹിന്ദുത്വവും രണ്ടാണെന്ന കാര്യം ഹിന്ദുത്വത്തിന്റെ ഹൃദയഭൂമിയെന്നും പശുബെല്‍ട്ട് എന്നുമൊക്കെ വിശേഷിപ്പിക്കാറുള്ള യു പിയിലെ വോട്ടര്‍മാര്‍ പ്രതേ്യകിച്ച് വരണാസിയിലെയും ജയാപൂര്‍ ഗ്രാമത്തിലെയും ജനങ്ങള്‍ വ്യക്തമാക്കിയിരിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വര്‍ഗീയ കലാപങ്ങള്‍ കുത്തിപ്പൊക്കിയും അതുവഴി ഭൂരിപക്ഷ മതധ്രുവീകരണവും നടത്തി സീറ്റുകള്‍ വാരിക്കൂട്ടിയ യു പിയിലും നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിലും ജനങ്ങള്‍ ബി ജെ പിയെ തള്ളിക്കളഞ്ഞിരിക്കുന്നുവെന്നാണ് ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്. വാരാണസിയിലെ 58 സീറ്റില്‍ 50ലും ബി .ജെ പി പരാജയപ്പെട്ടിരിക്കുകയാണ്. ആര്‍ എസ് എസ് കഴിഞ്ഞ 13 വര്‍ഷക്കാലമായി ശ്രദ്ധാപൂര്‍വം പരിപാലിച്ചുപോരുന്ന ജയാപൂര്‍ ഗ്രാമം ബി ജെ പിയെ നിരാകരിച്ചിരിക്കുകയാണ്. 100 ശതമാനം ഹിന്ദുക്കള്‍ മാത്രമുള്ള ജയാപൂരിലെ പരാജയം സംഘ് പരിവാറിന്റെയും മോദിയുടെയും രാഷ്ട്രീയ അജന്‍ഡക്ക് ഹിന്ദുമതവിശ്വാസികള്‍ നല്‍കിയ കനത്ത തിരിച്ചടിയാണ്.
മോദി സര്‍ക്കാറിലെ ആഭ്യന്തരമന്ത്രിയായ രാജ്‌നാഥ് സിംഗ് ലോക്‌സഭയെ പ്രതിനിധീകരിക്കുന്നത് ലക്‌നൗ മണ്ഡലത്തില്‍ നിന്നാണ്. അവിടെ 28ല്‍ 24 സീറ്റിലും ബി ജെ പി പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ്. കേന്ദ്രമന്ത്രി കല്‍രാജ്മിശ്ര പ്രതിനിധീകരിക്കുന്ന ദിയോറ മണ്ഡലത്തില്‍ 56-ല്‍ 40 സീറ്റിലും ബി ജെ പി പരാജയപ്പെടുകയാണുണ്ടായത്. വരുണ്‍ ഗാന്ധി പ്രതിനിധാനം ചെയ്യുന്ന സുല്‍ത്താന്‍പൂര്‍ മണ്ഡലത്തില്‍ ഒരു സീറ്റ് പോലും ബി.ജെ.പിക്ക് കിട്ടിയില്ല. മുസ്‌ലിംവിരുദ്ധ വിദ്വേഷപ്രചാരണത്തിലൂടെ കുപ്രസിദ്ധനായ യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗോരക്പൂരില്‍ 52 സീറ്റില്‍ വെറും 7 സീറ്റ് മാത്രമാണ് ബി ജെ പിക്ക് കിട്ടിയത്.
ജില്ലാ പഞ്ചായത്തിലേക്ക് മോദിയുടെ പ്രതിനിധിയായി ജയാപൂരില്‍ മത്സരിച്ചത് നിരവധി കേസുകളില്‍ പ്രതിയായ ബജ്‌റംഗദള്‍ നേതാവ് അരുണ്‍കുമാര്‍ശര്‍മ ആയിരുന്നു. ഗോവധമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തി വിദേ്വഷ പ്രചാരണവും വര്‍ഗീയ സംഘര്‍ഷങ്ങളും സൃഷ്ടിക്കുന്ന അരുണ്‍കുമാറിനെ ജയാപൂരിലെ വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞതിലൂടെ ബി ജെ പിയുടെ വര്‍ഗീയ അജന്‍ഡക്ക് ഹിന്ദുമത വിശ്വാസികള്‍ എതിരാണെന്ന അസന്ദിഗ്ധമായ സന്ദേശമാണ് നല്‍കുന്നത്. ദാദ്രിയിലെ നിഷ്ഠൂരമായ കൊലപാതക രാഷ്ട്രീയം ഹിന്ദു മതവുമായി ബന്ധമില്ലാത്ത ഹിന്ദുത്വ അജന്‍ഡയാണെന്ന തിരിച്ചറിവാണ് ജയാപൂരിലെ വോട്ടര്‍മാര്‍ അരുണ്‍കുമാര്‍ ശര്‍മയെ പോലുള്ള ബജ്‌റംഗദള്‍ നേതാവിനെ പരാജയപ്പെടുത്തിക്കൊണ്ട് പ്രകടിപ്പിച്ചിരിക്കുന്നത്. ആര്‍ എസ് എസിന്റ ഏകശിലാഖണ്ഡമായ രാഷ്ട്ര സങ്കല്‍പത്തെയും സാംസ്‌കാരിക ദേശീയതയെയും ഇന്ത്യയിലെ ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള സമാധാനകാംക്ഷികളായ മതവിശ്വാസികളാരും അംഗീകരിക്കുന്നില്ലെന്നതാണ് ജയാപൂര്‍ നല്‍കുന്ന സന്ദേശം.
യു പിയിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ മോദിയും ബി ജെ പിയും ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ്. കോര്‍പ്പറേറ്റ് അനുകൂല നയങ്ങള്‍ മഹാഭൂരിപക്ഷം വരുന്ന ജനങ്ങളെയും ദരിദ്രവത്കരിക്കുകയാണ്. കൃഷിയും വ്യവസായങ്ങളും വികസനത്തെയും ദേശീയതയെയും കുറിച്ചുള്ള മോദിയുടെ വാചകമടികള്‍ക്കിടയില്‍ തകര്‍ച്ചയില്‍ നിന്ന് തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്. മോദി ഭരണത്തിനുകീഴില്‍ കാര്‍ഷിക വളര്‍ച്ചാനിരക്ക് 1.3 ശതമാനം ആണ്. വ്യവസായ വളര്‍ച്ചാ നിരക്ക് 2 ശതമാനവും. അടിസ്ഥാന ഉത്പാദനമേഖല തകരുകയും സമ്പദ്ഘടന മുരടിക്കുകയുമാണ്. മെയ്ക്ക് ഇന്‍ ഇന്ത്യ, ട്രാന്‍സ്‌ഫോര്‍മിംഗ് ഇന്ത്യ തുടങ്ങിയ ശബ്ദമുദ്രകളാല്‍ സമ്പദ്ഘടനയുടെ മുരടിപ്പും ജനങ്ങളുടെ ദാരിദ്ര്യവത്കരണവും മറച്ചുപിടിക്കാനുള്ള പ്രചാരണ വിദ്യകളിലാണ് മോദി വ്യാപൃതനായിരിക്കുന്നത്.
മാതൃകാഗ്രമമായി മോദി ദത്തെടുത്ത ജയാപൂര്‍ തന്നെ ഇതിന് നല്ലൊരു ഉദാഹരണമാണ്. ഏതാനും എ ടി എമ്മുകളും ബേങ്ക് ശാഖകളും സോളാര്‍ ബള്‍ബുകളും മോദിയുടെ പേരെഴുതിയ കസേരകളും നല്‍കിയെന്നല്ലാതെ ഒരടിസ്ഥാന വികസനവും ഈ ഗ്രാമത്തിനുണ്ടായിട്ടില്ല. കോര്‍പ്പറേറ്റുകളുടെ മാനസപുത്രനായ മോദി സാധാരണ ജനങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സബ്‌സിഡികളും സഹായങ്ങളും ക്ഷേമപദ്ധതികളും ഇല്ലാതാക്കുകയാണ് 16 മാസക്കാലം കൊണ്ട് ചെയ്തത്. നല്ല ദിനങ്ങള്‍ വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ അദ്ദേഹം വിലക്കയറ്റത്തിന്റെ കെടുതികളിലേക്ക് ജനങ്ങളെ വലിച്ചെറിഞ്ഞിരിക്കുന്നു. ജനങ്ങള്‍ ഇതെല്ലാം തിരിച്ചറിയുന്നുവെന്നാണ് യു പി തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.
ബി ജെ പി ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുമ്പോള്‍ ആ സ്ഥാനത്തേക്ക് കയറിവരാമെന്ന് വ്യാമോഹിക്കുന്ന കോണ്‍ഗ്രസിനും വലിയ പാഠമാണ് യു പി തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്നത്. രാഹുല്‍ ഗാന്ധി പ്രതിനിധീകരിക്കുന്ന അമേഠി നെഹ്‌റു കുടുംബത്തിന്റെ എക്കാലത്തെയും കുത്തക സീറ്റായിരുന്നു. അമേഠിയില്‍ എട്ട് സീറ്റിലും കോണ്‍ഗ്രസ് തോറ്റിരിക്കുകയാണ്. കോണ്‍ഗ്രസിനും ബി ജെ പിക്കും ഒരേ സാമ്പത്തിക നയമാണ്. ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാക്ക് എന്ന 56 വയസ്സുകാരനെ വൃദ്ധയായ മാതാവിന്റെയും ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് സംഘ്പരിവാര്‍ ക്രിമിനലുകള്‍ കൊലപ്പെടുത്തിയതിനെതിരെ രാജ്യമാകെ പ്രതിഷേധമുയരുമ്പോള്‍ എ ഐ സി സി വക്താവ് ദ്വിഗ്‌വിജയ് സിംഗ് ഗോവധ നിരോധനമാവശ്യപ്പെട്ട് പ്രസ്താവന ഇറക്കുകയായിരുന്നല്ലോ!
ബി ജെ പിക്കും കോണ്‍ഗ്രസിനും ബദലായ മതനിരപേക്ഷ ജനാധിപത്യ വിശ്വാസികളുടെ തിരിച്ചുവരവാണ് ജനങ്ങളാഗ്രഹിക്കുന്നത്. യു പിയില്‍ മായാവതി നേതൃത്വം കൊടുക്കുന്ന ബി എസ് പിക്ക് അനുകൂലമാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലങ്ങള്‍. സമാജ്‌വാദി പാര്‍ട്ടിക്ക് തിരിച്ചടികള്‍ ഉണ്ടെങ്കിലും ജനങ്ങള്‍ അവരെ തള്ളിക്കളഞ്ഞിട്ടില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ കാണിക്കുന്നത്. മോദി അധികാരത്തിലെത്തിയതിനു ശേഷം നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ബി ജെ പിക്ക് തിരിച്ചടി ഏറ്റുവാങ്ങേണ്ടി വന്നിരിക്കുകയാണ്.
2011 ജൂലായില്‍ ഉത്തരാഖണ്ഡില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടന്ന 3 സീറ്റിലും ബി ജെ പി പരാജയപ്പെടുകയാണ് ഉണ്ടായത്. ആഗസ്റ്റ് മാസത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന നാല് സംസ്ഥാനങ്ങളിലെ 18 സീറ്റുകളില്‍ പകുതിയോളം സീറ്റില്‍ ബി ജെ പി പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. ബീഹാറില്‍ ലാലു-നിതീഷ്‌കുമാര്‍ കോണ്‍ഗ്രസ് സഖ്യം ഉപതിരഞ്ഞെടുപ്പ് നടന്ന 10 സീറ്റുകളില്‍ ആറും നേടുകയാണുണ്ടായത്. കര്‍ണാടകത്തിലും മധ്യപ്രദേശിലും സിറ്റിംഗ് സീറ്റ്‌പോലും നഷ്ടമായി. 2014 സെപ്തംബറില്‍ ഒമ്പത് സംസ്ഥാനങ്ങളില്‍ 32 അസംബ്ലി സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ 12 സീറ്റ് മാത്രമാണ് ബി ജെ പിക്ക് കിട്ടിയത്. ബി ജെ പി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ വിജയം നേടിയ ഗുജറാത്തിലും രാജസ്ഥാനിലും നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ഒമ്പത് സീറ്റുകളില്‍ മൂന്ന് എണ്ണത്തില്‍ ബി ജെ പി പരാജയപ്പെട്ടു.
ഇതെല്ലാം കാണിക്കുന്നത് സംഘ്പരിവാറിന്റെ അസഹിഷ്ണുതയും മോദി ഭരണത്തിന്റെ കോര്‍പ്പറേറ്റ് അനുകൂല നയങ്ങളും ജനങ്ങളില്‍ വലിയ പ്രതിഷേധത്തിന് കാരണമായിരിക്കുന്നുഎന്നാണ്. 2014ല്‍ കേവല ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ മോദി ഭരണത്തെ ഉപയോഗിച്ച് ഹിന്ദുത്വ അജന്‍ഡ നടപ്പാക്കാനാണ് ആര്‍ എസ് എസ് രംഗത്തിറങ്ങിയത്. ലോക്‌സഭയിലും രാജ്യസഭയിലും എങ്ങനെയെങ്കിലും ഭൂരിപക്ഷമുണ്ടാക്കി ഭരണഘടനതന്നെ ഭേദഗതി ചെയ്ത് ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കാനുള്ള നീക്കങ്ങളാണ് കഴിഞ്ഞ 16 മാസക്കാലമായി നടത്തിക്കൊണ്ടിരിക്കുന്നത്. അതിനേറ്റ കടുത്ത തിരിച്ചടിയാണ് യു പിയിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍. അശാന്തിയുടെയും അസഹിഷ്ണുതയുടെയും സംസ്‌കാരത്തിനും രാഷ്ട്രീയത്തിനും എതിരായ താക്കീതാണ് ഹിന്ദുക്കള്‍ മാത്രമുള്ള ജയാപൂരിലെ ജനങ്ങള്‍ ബി ജെ പിയെ നിരാകരിക്കുക വഴി മോദി സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here