Connect with us

National

കേസുകള്‍ ഏകീകരിക്കാനാകില്ലെന്ന് സത്യവാങ്മൂലം

Published

|

Last Updated

ന്യൂഡല്‍ഹി: ബെംഗളൂരു ബോംബ് സ്‌ഫോടന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് വിചാരണ നേരിടുന്ന പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ വീണ്ടും സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. ബെംഗളൂരു സ്‌ഫോടന കേസുകളുടെ വിചാരണ ഏകീകരിക്കണമെന്ന മഅ്ദനിയുടെ ആവശ്യം തള്ളണമെന്നും ഇത് ശിക്ഷയില്‍ ഇളവ് നേടാനാണെന്നും കര്‍ണാടകം സുപ്രീം കോടതിയെ അറിയിച്ചു.
എന്നാല്‍ കര്‍ണാടക സര്‍ക്കാറിന്റെ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ മഅ്ദനിക്ക് സുപ്രീംകോടതി മൂന്നാഴ്ചത്തെ സമയം അനുവദിച്ചു. ചികിത്സക്കായി കേരളത്തിലേക്ക് പോകാന്‍ ജാമ്യത്തില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷയും മഅ്ദനി സുപ്രീംകോടതിയില്‍ നല്‍കിയിട്ടുണ്ട്.
ബെംഗളൂരു സ്‌ഫോടനത്തില്‍ ഒമ്പത് കേസുകളാണ് കര്‍ണാടക പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കേസിലെ വിചാരണ നടപടികള്‍ നീണ്ടുപോകാതിരിക്കാന്‍ കേസുകള്‍ ഏകീകരിച്ച് ഒന്നിച്ച് പരിഗണിക്കണം എന്നതാണ് മഅ്ദനിയുടെ ആവശ്യം. ഇക്കാര്യത്തില്‍ കോടതി നിര്‍ദേശം അനുസരിച്ച് നല്‍കിയ സത്യവാങ്മൂലത്തിലാണ് കേസുകള്‍ ഏകീകരിക്കാന്‍ വകുപ്പില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
മഅ്ദനി പ്രതിയായ കേസുകളിലെ സാക്ഷികളെല്ലാം ഒരേ ആളുകളാണെങ്കില്‍ കേസുകള്‍ ഒന്നിച്ച് ഏകീകരിച്ച് വിചാരണ നടത്തുന്നത് സംബന്ധിച്ച് ജസ്റ്റിസ് ജെ ചലമേശ്വര്‍ അധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് അന്ന് കര്‍ണാടകയോട് ആരാഞ്ഞിരുന്നു.
കേസുകള്‍ ഒന്നിച്ച് പരിഗണിക്കാന്‍ വകുപ്പില്ലെന്നായിരുന്നു കര്‍ണാടക ഇതിന് മറുപടിയായി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അറിയിച്ചിരുന്നത്. കേസുകള്‍ ഏകീകരിക്കുന്നതിന് നിയമത്തില്‍ വ്യവസ്ഥയില്ല.
ഇത് ശിക്ഷയില്‍ ഇളവ് നേടാന്‍ വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമാണ്. മഅ്ദനിയുടെ ഇത്തരം ആവശ്യങ്ങളോട് കോടതി അനുകൂല തീരുമാനം എടുക്കരുത്. ആവശ്യമെങ്കില്‍ കേസുകള്‍ ഏകീകരിക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ പരിഗണിക്കേണ്ടത് വിചാരണ കോടതിയാണ്. നിലവില്‍ കേസിലെ വിചാരണ നടപടികള്‍ 60 ശതമാനം പൂര്‍ത്തിയായിയിട്ടുണ്ട്. മഅ്ദനി ജാമ്യം നേടി പുറത്തുനില്‍ക്കുന്ന സാഹചര്യത്തില്‍ കേസുകള്‍ ഏകീകരിക്കുന്നത് വിചാരണ വൈകാന്‍ ഇടയാക്കുമന്നും സത്യവാങ്മൂലത്തില്‍ കര്‍ണാടക സര്‍ക്കാര്‍ വാദിക്കുന്നുണ്ട്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest