Connect with us

Kerala

തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടം: പുറമേ ആത്മവിശ്വാസം, ഉള്ളില്‍ ചങ്കിടിപ്പ്‌

Published

|

Last Updated

തിരുവനന്തപുരം: രണ്ടാം സെമി ഫൈനലിന് ഏഴ് ജില്ലകളില്‍ ഇന്ന് പന്തുരുളുമ്പോള്‍ ഇരു മുന്നണികളിലും ആത്മവിശ്വാസത്തിന് കുറവില്ല. പുറമേക്ക് പതിവില്‍ക്കവിഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും ഉള്ളിടിക്കുന്ന ആശങ്കയാണ് മുന്നണികള്‍ക്ക്. ഇന്ന് വിധിയെഴുതുന്ന അഞ്ച് ജില്ലകളില്‍ വ്യക്തമായ മേധാവിത്വം യു ഡി എഫ് പ്രതീക്ഷിക്കുന്നു. നാല് ജില്ലയെങ്കിലും കൂടെ നില്‍ക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നാണ് എല്‍ ഡി എഫിന്റെ പക്ഷം.
എല്‍ ഡി എഫ് മേധാവിത്വം പ്രതീക്ഷിക്കുന്ന ജില്ലകളിലായിരുന്നു ആദ്യഘട്ട തിരഞ്ഞെടുപ്പെങ്കില്‍, തങ്ങളെ തുണക്കുമെന്ന് യു ഡി എഫ് കണക്കുകൂട്ടുന്ന ജില്ലകളാണ് രണ്ടാംഘട്ടത്തില്‍. ലീഗിന്റെ തട്ടകമായ മലപ്പുറവും കേരളാ കോണ്‍ഗ്രസിന് സ്വാധീനമുള്ള കോട്ടയവും ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍, ഇവിടങ്ങളിലെ ജയപരാജയം പോലും പ്രവചനാതീതമായിരിക്കുന്നു. ബാര്‍ കോഴ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ തിരഞ്ഞെടുപ്പിനെ എത്രത്തോളം സ്വാധീനിക്കുമെന്നത് ഈ ഘട്ടത്തില്‍ നിര്‍ണായകമാണ്. മാണിയെ കോട്ടയം കൈവിട്ടാല്‍ പിടിച്ചുനില്‍ക്കുക അസാധ്യമാകും. കോണ്‍ഗ്രസ്- ലീഗ് ഏറ്റുമുട്ടല്‍ നടക്കുന്ന മലപ്പുറത്ത് ഫലം യു ഡി എഫിന്റെ കെട്ടുറപ്പിനെക്കൂടി ബാധിക്കുന്നതാകും. 23 പഞ്ചായത്തുകളിലാണ് ഇവിടെ ലീഗ്- കോണ്‍ഗ്രസ് സൗഹൃദമത്സരം നടക്കുന്നത്. ചിലയിടത്ത് കോണ്‍ഗ്രസ്- സി പി എം സഖ്യവും ലീഗിനെ നേരിടുന്നുണ്ട്.
2010ല്‍ 56-9 എന്ന നിലയിലാണ് കോട്ടയത്തെ ഗ്രാമപഞ്ചായത്തുകള്‍ യു ഡി എഫ് സ്വന്തമാക്കിയത്. എല്‍ ഡി എഫിനൊപ്പം ചേര്‍ന്ന് മത്സരിക്കുന്ന പി സി ജോര്‍ജിന്റെ രാഷ്ട്രീയ ഭാവിയും ഇന്നത്തെ തിരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചാകും. 110 വാര്‍ഡുകളിലും മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും പി സി ജോര്‍ജിന്റെ സെക്യുലര്‍ പാര്‍ട്ടി മത്സരിക്കുന്നു. ജോര്‍ജിന്റെ സ്വന്തം മണ്ഡലമായ പൂഞ്ഞാര്‍ ഉള്‍പ്പെട്ട ജില്ലാ പഞ്ചായത്ത് ഡിവിഷനും ഇക്കൂട്ടത്തില്‍പ്പെടും.
കൊച്ചിയും തൃശൂരുമാണ് രണ്ടാംഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന കോര്‍പറേഷനുകള്‍. നിലവില്‍ രണ്ടിടത്തും ഭരണം യു ഡി എഫിനാണെങ്കിലും രണ്ടും ഇത്തവണ കൂടെ പോരുമെന്ന് എല്‍ ഡി എഫ് കേന്ദ്രങ്ങള്‍ ഉറപ്പിക്കുന്നു. 2010ല്‍ 46- 23നാണ് കൊച്ചി കോര്‍പറേഷന്‍ ഭരണം യു ഡി എഫ് പിടിച്ചത്. ഈ സ്ഥിതിയല്ല ഇപ്പോള്‍. അധികാരമൊഴിഞ്ഞ ഡെപ്യൂട്ടി മേയര്‍ ഭദ്ര പോലും കോണ്‍ഗ്രസിനെതിരെ തിരിഞ്ഞിരിക്കുന്നു. 20 ഡിവിഷനുകളില്‍ വിമതശല്യവും യു ഡി എഫ് സാധ്യതകളെ ചോദ്യം ചെയ്യുന്നു.
എസ് എന്‍ ഡി പി ബന്ധത്തിന്റെ വിളവെടുപ്പ് ബി ജെ പി പ്രതീക്ഷിക്കുന്ന ആലപ്പുഴ ജില്ലയിലും ഇന്നാണ് തിരഞ്ഞെടുപ്പ്. വെള്ളാപ്പള്ളിയുടെ സ്വാധീനം തിരഞ്ഞെടുപ്പില്‍ എത്ര മാത്രം പ്രതിഫലിച്ചെന്ന് ആലപ്പുഴയിലെ ഫലം തെളിയിക്കും. ഇവിടെ 150ലധികം സീറ്റുകളില്‍ യോഗം നേരിട്ട് സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്.
ഗൗരിയമ്മയുടെ ജെ എസ് എസിന്റെയും രാജന്‍ ബാബുവിന്റെ ജെ എസ് എസിന്റെയും ഭാവിയും ആലപ്പുഴയിലെ ഫലത്തെ ആശ്രയിച്ചാകും. സി പി എം നല്ല പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന ജില്ലയാണ് ആലപ്പുഴ. പത്തനംതിട്ടയിലും പൊരിഞ്ഞ പോരാട്ടമാണ്. ഒരു ഡിവിഷന്റെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തവണ യു ഡി എഫ് ഇവിടെ ഭരണം പിടിച്ചത്. പാലക്കാട് ഇടത്തോട്ട് ചായുമെന്ന് കണക്കുകൂട്ടുന്ന മണ്ഡലമാണ്. ഷൊര്‍ണൂരില്‍ അടക്കം വിമതശല്യം പരിഹരിക്കാന്‍ കഴിഞ്ഞതിലൂടെ എല്‍ ഡി എഫ് വലിയനേട്ടം പ്രതീക്ഷിക്കുന്നു. ബി ജെ പിയും ഇവിടെ വലിയ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നുണ്ട്.
ആദ്യഘട്ടം വോട്ടെടുപ്പ് നടന്ന തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് കോര്‍പറേഷനുകള്‍ നിലനിര്‍ത്താന്‍ കഴിയുമെന്നാണ് കണക്കുകള്‍ നിരത്തി എല്‍ ഡി എഫ് പറയുന്നത്. എന്നാല്‍ കൊല്ലത്തും കോഴിക്കോട്ടും യു ഡി എഫ് അട്ടിമറി പ്രതീക്ഷിക്കുന്നു. കണ്ണൂരില്‍ അധികാരം ഉറപ്പിച്ച മട്ടിലാണ് യു ഡി എഫിന്റെ പ്രതികരണം. നിലവില്‍ അധികാരത്തിലുള്ള കൊല്ലം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവ കൂടാതെ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലും എല്‍ ഡി എഫ് ഭരണം പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍, ഇടുക്കി, വയനാട്, തിരുവനന്തപുരം എന്നിവ നിലനിര്‍ത്താമെന്നാണ് യു ഡി എഫിന്റെ കണക്കുകൂട്ടല്‍.

Latest